അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നു: കാരണം ഇതാണ്
വാഷിങ്ടണ്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സ്വപ്‌നഭൂമിയാണ് അമേരിക്ക. ഇന്ത്യയില്‍ നിന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് യു.എസില്‍ പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടെ പഠനം നടത്തുന്നത്.
മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലയളവിലെ ഉദാരമായ കുടിയേറ്റ നയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രയോജനപ്പെട്ടതും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതോടെ കുടിയേറ്റ നയങ്ങളില്‍ കര്‍ക്കശ നിലപാടുകളാണ് സ്വീകരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും കടുത്ത ആശങ്കയിലാണ്.

അമേരിക്കയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഫ്-1 വിസയാണ് അനുവദിക്കുന്നത്. എഫ്-1 വിസ ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ ആഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാനും അവസരമുണ്ട്.
കാമ്പസില്‍ ലൈബ്രറി അസിസ്റ്റന്റ്, ഐ ടി അസിസ്റ്റന്റ്, ബുക്ക് സ്റ്റോര്‍ അസിസ്റ്റന്റ്, ഫിറ്റ്‌നസ് അസിസ്റ്റന്റ്, റിസര്‍ച്ച് അസിസ്റ്റന്റ് എന്നിങ്ങനെയുള്ള ജോലികളാണ് ലഭിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ ഉയര്‍ന്ന ജീവിതച്ചെലവ് താങ്ങാന്‍ ഇതില്‍ നിന്നുള്ള തുക പര്യാപ്തമല്ല.
അതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ കോളജ് സമയം കഴിഞ്ഞ് കാമ്പസിനു പുറത്തുപോയി അധിക ജോലി ചെയ്യുന്നത് പതിവാണ്. റസ്റ്റോറന്റുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലും പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നത്. ഇതില്‍ നിന്നു ലഭിക്കുന്ന വരുമാനമാണ് അമേരിക്കയില്‍ അവരെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്.
എന്നാല്‍ ട്രംപിന്റെ നാടു കടത്തല്‍ നടപടികള്‍ക്കിടെ, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കാമ്പസിനു പുറത്തുള്ള പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ഭാവി സുരക്ഷിതമാക്കാനാണ് വിദ്യാര്‍ത്ഥികള്‍ ഇത്തരം ജോലികള്‍ ഉപേക്ഷിക്കുന്നത്.
വിദ്യാര്‍ത്ഥികള്‍ കാമ്പസിനു പുറത്തു പോയി ജോലി ചെയ്യുന്നത് നിയമവിരുദ്ധമായിട്ടാണ് കണക്കാക്കുന്നത്. ഈ ജോലികള്‍ക്ക് പ്രത്യേകിച്ച് രേഖയൊന്നും ഉണ്ടാകാറില്ല. പിടികൂടിയാല്‍ പണി കിട്ടുമെന്നുറപ്പാണ്. ഇത്തരത്തില്‍ നിയമവിരുദ്ധമായി ജോലി ചെയ്യുന്ന വിദ്യാര്‍ഥികളെ കണ്ടെത്തിയാല്‍ പിടികൂടി അവരുടെ നാട്ടിലേക്കു തിരിച്ചയക്കാനും സാധ്യതയുണ്ട്. അതിനാല്‍, നിയമക്കുരുക്കുകളിലൊന്നും പെടാതെ പഠനം പൂര്‍ത്തിയാക്കാനാണ് അവര്‍ ഇത്തരം ജോലികള്‍ ഉപേക്ഷിക്കുന്നത്.
അമേരിക്കയില്‍ പഠിക്കാന്‍ പലരും വലിയ തുക വായ്പ എടുത്തിട്ടുള്ളവരാണ്. അതിനാല്‍ തന്നെ തങ്ങളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ 'ടൈംസ് ഓഫ് ഇന്ത്യയോട്' പറഞ്ഞു. സുരക്ഷിതമായ ഒരു കരിയര്‍ നേടിയെടുക്കാതെ നാട്ടിലേക്കു തിരിച്ചുപോകുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
'കോളജ് സമയം കഴിഞ്ഞാല്‍ മാസച്ചെലവുകള്‍ക്കായി ഒരു ചെറിയ കഫേയില്‍ ജോലി ചെയ്തിരുന്നതായി ഇല്ലിനോയിസിലെ ബിരുദ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ പറഞ്ഞു. മണിക്കൂറില്‍ ഏഴ് ഡോളറാണ് ലഭിച്ചിരുന്നത്. ദിവസം ആറ് മണിക്കൂര്‍ ജോലി. എന്നാല്‍ ഇപ്പോള്‍ ഇമിഗ്രേഷന്‍ അധികൃതര്‍ ഇത്തരം അനധികൃത ജോലികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേട്ടതോടെ കഴിഞ്ഞ ആഴ്ച താന്‍ ജോലി ഉപേക്ഷിച്ചതായി അര്‍ജുന്‍ പറഞ്ഞു. ഏകദേശം 42.5 ലക്ഷം രൂപയാണ് തനിക്ക് വായ്പയുള്ളതെന്നും അര്‍ജുന്‍ കൂട്ടിച്ചേര്‍ത്തു.
അമേരിക്കയില്‍ താമസിക്കുന്ന 1,80,000-ത്തിലധികം ഇന്ത്യക്കാരെ നാടു കടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പാര്‍ട്ട് ടൈം ജോലികള്‍ ഉപേക്ഷിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നത്.
അമേരിക്കയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ചൈനയെ മറികടന്ന് ഒന്നാമതെത്തിരുന്നു. ഓപ്പണ്‍ ഡോഴ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2023-24 വര്‍ഷത്തില്‍ ഇന്ത്യയില്‍ നിന്ന് 3,31,602 വിദ്യാര്‍ഥികളാണ് അമേരിക്കയില്‍ പഠിക്കാനെത്തിയത്.












Click it and Unblock the Notifications