'ഞങ്ങളെ സഹായിക്കൂ': പനാമയിലെ ഹോട്ടലില്‍ സഹായത്തിനായി കരഞ്ഞുവിളിച്ച് നാടുകടത്തപ്പെട്ട ഇന്ത്യക്കാര്‍
വാഷിങ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയങ്ങളുടെ ഫലമായി യു.എസില്‍ നിന്നു നാടുകടത്തപ്പെട്ട 300 ലേറെ അനധികൃത കുടിയേറ്റക്കാര്‍ പനാമയില്‍ തടങ്കലില്‍. നിരവധി ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടും. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പനാമയിലെ ഒരു ഹോട്ടലിലാണ് ഇവരെ പാര്‍പ്പിച്ചിട്ടുള്ളത്. ഇന്ത്യക്കാരെ കൂടാതെ ഇറാന്‍, നേപ്പാള്‍, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ഹോട്ടലില്‍ തടങ്കലില്‍ കഴിയുന്നത്.
പനാമ സിറ്റിയിലെ ആഡംബര ഹോട്ടലാണ് ഡെക്കാപോളിസ്. മികച്ച റസ്റ്റോറന്റുകള്‍, നീന്തല്‍ക്കുളം, സ്പാ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുള്ള തീരദേശ ഹോട്ടല്‍ ഇപ്പോള്‍ യു.എസിന്റെ താല്‍ക്കാലിക തടങ്കല്‍ പാളയമാണ്. യുഎസില്‍ നിന്ന് നാടുകടത്തപ്പെട്ട 300 ലേറെ അനധികൃത കുടിയേറ്റക്കാരെ ഇവിടെ പനാമ സുരക്ഷാ ഉദ്യോഗസ്ഥരുടെ കാവലില്‍ പൂട്ടിയിട്ടിരിക്കുകയാണ്. ഹോട്ടലിന്റെ ജനാലയില്‍ രണ്ടു പെണ്‍കുട്ടികള്‍ ഒരു കടലാസ് കഷണം ഉയര്‍ത്തിക്കാട്ടി സഹായം അഭ്യര്‍ത്ഥിക്കുന്ന ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്നിട്ടുണ്ട്. 'ദയവായി ഞങ്ങളെ സഹായിക്കൂ', 'ഞങ്ങളുടെ രാജ്യത്ത് ഞങ്ങള്‍ സുരക്ഷിതരല്ല' എന്നിങ്ങനെയാണ് കടലാസില്‍ എഴുതിയിരിക്കുന്നത്. ചിലര്‍ തങ്ങളുടെ കൈകള്‍ ഉയര്‍ത്തി സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതായും കാണിക്കുന്നുണ്ട്. കുട്ടികളും ഇക്കൂട്ടത്തിലുണ്ട്.

മുഖം മൂടിയ രണ്ട് കുട്ടികള്‍ 'ദയവായി അഫ്ഗാന്‍ പെണ്‍കുട്ടികളെ രക്ഷിക്കൂ' എന്ന എഴുതിയ കടലാസ് കഷ്ണങ്ങളും ഉയര്‍ത്തിക്കാട്ടുന്നതായി ചിത്രങ്ങളില്‍ കാണാം.
യുഎസിലേക്ക് അനധികൃതമായി എത്തിയ ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് ട്രംപ് ഭരണകൂടം അധികാരമേറ്റയുടന്‍ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ നാടുകടത്തപ്പെട്ടവരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ സമ്മതിച്ചിരുന്നു. തുടര്‍ന്ന്, കഴിഞ്ഞ ആഴ്ച മൂന്ന് വിമാനങ്ങളിലാണ് അനധികൃത കുടിയേറ്റക്കാരെ ഹോട്ടലില്‍ എത്തിച്ചത്.
10 ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ തടവില്‍ കഴിയുന്നത്. യു.എസിന് നേരിട്ട് നാടുകടത്താന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളിലുള്ളവരാണ് കൂടുതലും ഇവിടെ കഴിയുന്നത്.
പനാമന്‍ നാഷണല്‍ എയറോനവല്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ ഹോട്ടലില്‍ നിന്ന് പുറത്തുപോകുന്നത് വിലക്കിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റക്കാരെ തടങ്കലില്‍ പാര്‍പ്പിച്ച പനാമ സര്‍ക്കാരിന്റെ നടപടിയും അന്താരാഷ്ട്ര തലത്തില്‍ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
171 കുടിയേറ്റക്കാര്‍ തങ്ങളുടെ മാതൃരാജ്യത്തേക്കു മടങ്ങാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് പനാമ സുരക്ഷാ മന്ത്രി ഫ്രാങ്ക് അബ്രെഗോ അറിയിച്ചു. ഇവര്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ യു.എന്‍ ചെയ്തുകൊടുക്കും.
അതേസമയം, നാടുകടത്തപ്പെട്ടവരില്‍ പകുതിപ്പേരും തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ എത്ര കാലം ഇവരെ ഹോട്ടലില്‍ തടങ്കലില്‍ വയ്ക്കുമെന്ന ചോദ്യവും ഉയരുന്നുണ്ട്. തിരിച്ചുപോകാന്‍ വിസമ്മതിക്കുന്നവരെ പനാമയുടെ വിദൂര മേഖലയായ ഡാരിയന്‍ പ്രവിശ്യയില്‍ താല്‍ക്കാലികമായി പാര്‍പ്പിക്കാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications