സൗദി അറേബ്യയെ ഇന്ത്യ കൈവിടില്ല; വന്‍ നേട്ടം കൊയ്യാന്‍ അമേരിക്ക, ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിച്ചു
വാഷിങ്ടണ്‍: എണ്ണ ഇറക്കുമതിക്ക് റഷ്യയെ കൂടുതല്‍ ആശ്രയിച്ചിരുന്ന ഇന്ത്യ ചുവട് മാറ്റിപ്പിടിക്കുന്നു. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം കാരണം റഷ്യയില്‍ നിന്നുള്ള എണ്ണ വരവ് കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അമേരിക്കയില്‍ നിന്ന് വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുകയാണ് ഇന്ത്യ. അസംസ്‌കൃത എണ്ണയ്ക്ക് വേണ്ടി അമേരിക്കയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നു എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയുടെ പ്രധാന എണ്ണ കമ്പനികളായ ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, രാജ്യത്തെ പ്രധാന സ്വകാര്യ എണ്ണ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളെല്ലാം അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ചു. അമേരിക്കന്‍ ക്രൂഡ് ആയ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ഈ മാസവും വന്‍തോതില്‍ ഇറക്കുകയാണ് ഇന്ത്യ. പശ്ചിമേഷ്യയേക്കാള്‍ ചരക്ക് കൂലി കൂടിയിട്ടും ഇന്ത്യ അമേരിക്കയെ ആശ്രയിക്കുകയാണ്.

വരും മാസങ്ങൡ രാജ്യത്ത് കൂടുതല്‍ ഉപയോഗിക്കുന്ന ക്രൂഡ് ഓയില്‍ ഡബ്ല്യുടിഐ ആകും. ബ്രെന്റ് ക്രൂഡ്, പശ്ചിമേഷ്യയില്‍ നിന്നുള്ള മര്‍ബണ്‍ എന്നിവയേക്കാള്‍ നേരിയ വിലക്കുറവാണ് ഡബ്ല്യുടിഐക്ക്. ഗതാഗതത്തിന് മാത്രമല്ല, വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കേണ്ട സാഹചര്യം കൂടിയാണ് വരുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ എണ്ണ രാജ്യത്തിന് ആവശ്യമാണ് എന്ന് ചുരുക്കം.
അമേരിക്കന്‍ എണ്ണയെ ഇന്ത്യ കൂടുതലായി ആശ്രയിക്കുമ്പോള്‍ തിരിച്ചടി ലഭിക്കുക റഷ്യയ്ക്കാണ്. സൗദി ഉള്‍പ്പെടുന്ന ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലേക്ക് ഇന്ത്യ കേന്ദ്രീകരിക്കുന്നത്. റഷ്യയുടെ സോകോള്‍ ഓയിലിനാകും വന്‍ തിരിച്ചടി ലഭിക്കുക എന്ന് വ്യാപാരികള്‍ പറയുന്നു. അതേസമയം, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യയില്‍ നിന്നുള്ള ഗുണമേന്മ കൂടിയ എണ്ണ ഇറക്കുന്നത് നേരിയ തോതില്‍ വര്‍ധിപ്പിക്കുകയും ചെയ്യും.
2021ല്‍ ഇന്ത്യ 10 ശതമാനം അമേരിക്കന്‍ ക്രൂഡ് ഇറക്കിയിരുന്നു. 2022 ഫെബ്രുവരിയിലാണ് റഷ്യ-യുക്രൈന്‍ യുദ്ധമുണ്ടായതും വരുമാനം കണ്ടെത്താല്‍ റഷ്യ എണ്ണ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതും. ഇതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ ഇറക്കാന്‍ തുടങ്ങി. അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി നാല് ശതമാനമായി ചുരുങ്ങി. ഉപരോധം കാരണം റഷ്യയുമായുള്ള വ്യാപാരം പ്രതിസന്ധിയിലായതാണ് ഇന്ത്യ വീണ്ടും അമേരിക്കന്‍ എണ്ണയെ ആശ്രയിക്കാന്‍ കാരണം.
റഷ്യയുമായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുന്നതിന് ഇന്ത്യന്‍ എണ്ണ കമ്പനികള്‍ താല്‍പ്പര്യം കാണിക്കുന്നില്ല. റഷ്യയില്‍ നിന്ന് മുടങ്ങുന്ന എണ്ണ പൂര്‍ണമായും അമേരിക്കയില്‍ നിന്ന് ഇറക്കാന്‍ സാധിക്കില്ല. അപ്പോഴും പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരും. ഇതിന്റെ നേട്ടം സൗദി അറേബ്യ, യുഎഇ, ഇറാഖ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് കൂടി ലഭിക്കും.
അതേസമയം, പ്രതിമാസം പത്ത് ലക്ഷം ബാരല്‍ എണ്ണ വാങ്ങുന്നതിന് ബിപിയുമായി ഭാരത് പെട്രോളിയം കരാര്‍ ഒപ്പുവച്ചു എന്നാണ് പുതിയ വാര്‍ത്ത. വരുന്ന നാല് മാസത്തേക്കാണ് കരാര്‍. ജൂണ്‍ മുതല്‍ കരാര്‍ പ്രകാരമുള്ള എണ്ണ എത്തിത്തുടങ്ങും. ഭാരത് പെട്രോളിയത്തിന്റെ ചില സംഭരണ ശാലകളില്‍ അറ്റക്കുറ്റ പണികള്‍ നടക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഇറക്കുമതി വര്‍ധിപ്പിച്ചേക്കും. വീര്യം കുറഞ്ഞ സള്‍ഫര്‍ അംശമുള്ള ഡബ്ല്യുടിഐ ക്രൂഡ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ എണ്ണയേക്കാള്‍ മികച്ചതാണ്.












Click it and Unblock the Notifications