ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിൽ വൻ കുതിപ്പ്; പക്ഷെ ഇനി കളി മാറും, ചിരി സൗദിക്കും യുഎഇക്കും?
യുക്രൈൻ യുദ്ധത്തിന് പിന്നാലെയാണ് റഷ്യന്‍ എണ്ണ കമ്പനികള്‍ക്കും എണ്ണ ടാങ്കറുകള്‍ക്കും എതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്. യുക്രൈനുമായുള്ള യുദ്ധത്തിന് ധനസഹായം ലഭ്യമാക്കാന്‍ മോസ്കോ എണ്ണ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം ഉപയോഗിക്കുന്ന് തടയുകയായിരുന്നു ലക്ഷ്യം. ഇതോടെ റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് തീരുമാനം കനത്ത തിരിച്ചടി ആയേക്കുമെന്നും എണ്ണ വിതരണം തടസപ്പെടുമെന്നും വിലയിരുത്തപ്പെട്ടിരുന്നു.
എന്നാൽ യുക്രൈൻ യുദ്ധം തുടങ്ങി മൂന്നാം വർഷം പിന്നിടുമ്പോഴും ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിൽ വൻ കുതിപ്പാണ് ഉണ്ടായതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024 ഫെബ്രുവരി മുതൽ ഇതുവരെ ഏകദേശം 49 ബില്യൺ യൂറോയുടെ ക്രൂഡ് ഓയിൽ ആണ് ഇന്ത്യ ഇറക്കുമതി ചെയ്തത് എന്ന് അന്തരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മുൻപ് ക്രൂഡ് ഓയിലിനായി അറബ് നാടുകളെയായിരുന്നു ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത്. യുക്രൈൻ യുദ്ധം ആരംഭിച്ച 2022 ഫെബ്രുവരി മുതലാണ് റഷ്യയിൽ നിന്നും കൂടുതലായി ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തത്. പാശ്ചാത്യ ഉപരോധവും ചില യൂറോപ്യൻ രാജ്യങ്ങൾ എണ്ണ വാങ്ങുന്നത് കുറച്ചതോടെ റഷ്യ ക്രൂഡ് യിൽ വിലയിൽ കുറവ് വരുത്തിയിരുന്നു. തുടർന്നാണ് റഷ്യയിൽ നിന്നും ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങിക്കൂട്ടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ബാരലിന് 18 മുതൽ 20 ഡോളവർ വരെ വിലക്കുറവിലായിരുന്നു ഇന്ത്യയ്ക്ക് ക്രൂഡ് ഓയിൽ ലഭിച്ചത്. വില കുത്തനെ കുറഞ്ഞതോടെ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 1 ശതമാനത്തിൽ നിന്ന് നിന്ന് 40 ശതമാനമായി ഉയരുകയും ചെയ്തു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ചൈനയാണ് (78 ബില്യൺ യൂറോ) ഒന്നാമത്. തുർക്കി (34 ബില്യൺ യൂറോ) മൂന്നാം സ്ഥാനത്തും. റഷ്യയുടെ എണ്ണ വരുമാനത്തിൻ്റെ 74 ശതമാനം വരുമിതെന്ന് സെൻ്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ ഇറക്കുമതി മൂല്യത്തിൽ വർഷം തോറും 8 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം മാർച്ച് മുതൽ ഇന്ത്യയിലേക്കുള്ള റഷ്യൻ ക്രൂഡ് ഓയിലിന്റെ വരവ് നിൽക്കുമെന്നാണ് റിപ്പോർട്ട് . റഷ്യൻ റിഫൈനറികളുമായി ഇനി ഇടപാടുകൾക്ക് ഇല്ലെന്ന നിലപാടിലാണ് ഇന്ത്യയിലെ റിഫൈനറികൾ. ക്രൂഡ് ഓയിൽ ഇന്ത്യയില്‍ എത്തിക്കാനുള്ള ചരക്കുകടത്ത് കൂലിയാണ് പ്രതിസന്ധി തീർക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ത്യ വീണ്ടും ക്രൂഡിനായി അറബ് രാജ്യങ്ങളെ ആശ്രയിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. നിലവിൽ റഷ്യ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യം ഇറാഖ് ആണ്. സൗദി അറേബ്യയും യുഎഇയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. ഇന്ത്യ നിലപാട് മാറ്റിയാൽ ഗുണം അറബ് രാജ്യങ്ങൾക്കാകും.












Click it and Unblock the Notifications