ഇന്ത്യയുടെ ആ ക്രൂഡ് ഓയില്‍ 'ഖനി'വറ്റുന്നു: മൂന്ന് വർഷത്തെ അപ്രമാദിത്വത്തിന് ശേഷം റഷ്യ പുറകോട്ട്
ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായ റഷ്യയിൽ നിന്നുള്ള ഇറക്കുമതി അടുത്ത മാസങ്ങളിൽ കുത്തനെ ഇടിയുമെന്ന് ഉറപ്പായി. നവംബർ 21 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ അമേരിക്കൻ ഉപരോധങ്ങൾ റഷ്യയുടെ ഏറ്റവും വലിയ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റും ലുക്കോയിലും ഉൽപ്പാദിപ്പിക്കുന്ന ക്രൂഡിനെ "സാങ്ഷൻ മോളിക്യൂൾ" ആക്കി മാറ്റിയിരിക്കുന്നു. ഇതോടെ ഇന്ത്യൻ റിഫൈനറികൾക്ക് ഈ കമ്പനികളിൽ നിന്ന് നേരിട്ട് എണ്ണ വാങ്ങാനുള്ള സാധ്യത പൂർണമായും അടഞ്ഞു.
2025-ൽ ഇതുവരെ റഷ്യയിൽ നിന്ന് ശരാശരി പ്രതിദിനം 17 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നത്. ഉപരോധം വരുന്നതിന് മുമ്പ് പരമാവധി വാങ്ങാൻ ശ്രമിച്ചതിനാൽ നവംബറിൽ ഇത് 18-19 ലക്ഷം ബാരൽ വരെയെത്തിയിരുന്നു. എന്നാൽ ഡിസംബർ മുതൽ ഈ ഒഴുക്ക് 75-80 ശതമാനം കുറഞ്ഞ് ഏകദേശം നാല് ലക്ഷം ബാരൽ മാത്രമായി ചുരുങ്ങുമെന്നാണ് വിദഗ്ധർ പ്രവചിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്പിസിഎൽ-മിറ്റൽ എനർജി, മംഗളൂർ റിഫൈനറി തുടങ്ങിയ പ്രമുഖ കമ്പനികൾ ഇതിനകം റഷ്യൻ എണ്ണ ഇറക്കുമതി താൽക്കാലികമായി നിർത്തി. റോസ്‌നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാര എനർജി മാത്രമാണ് ഇപ്പോഴും തുടരുന്നത്. ഇതിന്‍റെ കാരണം അവർക്ക് റഷ്യൻ എണ്ണയെ ആശ്രയിക്കാതെ പ്രവർത്തിക്കാൻ സാധിക്കില്ലെന്നതാണ്.
അമേരിക്കൻ ഉപരോധം റഷ്യൻ എണ്ണയെ മൊത്തത്തിൽ നിരോധിച്ചിട്ടില്ലെന്നതാണ് ശ്രദ്ധേയം. സുർഗുട്‌നെഫ്റ്റ്ഗാസ്, ഗാസ്പ്രോം നെഫ്റ്റ് തുടങ്ങിയ ഉപരോധമേൽക്കാത്ത കമ്പനികളുടെ എണ്ണ ഇപ്പോഴും വാങ്ങാം. പക്ഷേ ഉപരോധമേറ്റ കപ്പലുകൾ, ബാങ്കുകൾ, ഇടനിലക്കാർ, ഇൻഷുറൻസ് സേവനങ്ങൾ എന്നിവ ഉപയോഗിക്കരുതെന്ന് മാത്രമാണ് നിബന്ധന.
കഴിഞ്ഞ രണ്ട് വർഷമായി വൻ കിഴിവിൽ ലഭിച്ച റഷ്യൻ ക്രൂഡാണ് ഇന്ത്യൻ റിഫൈനറികളുടെ റെക്കോർഡ് ലാഭവും പെട്രോൾ-ഡീസൽ വിലയിടിവും സാധ്യമാക്കിയത്. ഇപ്പോൾ ആ കിഴിവ് എണ്ണയുടെ ഭൂരിഭാഗവും നഷ്ടപ്പെടുന്നതോടെ റിഫൈനറികളുടെ ലാഭം കുറയുകയും ഇന്ധനവിലയിൽ സമ്മർദം ഉണ്ടാവുകയും ചെയ്യും. റിലയൻസ് ജാംനഗർ SEZ റിഫൈനറി നവംബർ 20 മുതൽ റഷ്യൻ എണ്ണ സ്വീകരിക്കുന്നത് പൂർണമായി നിർത്തി.
ഈ കുറവ് നികത്താൻ ഇന്ത്യ ഇപ്പോൾ മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, പശ്ചിമ ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാൻ നിർബന്ധിതമാകും. പക്ഷേ ഈ എണ്ണകൾക്ക് റഷ്യൻ ക്രൂഡിന്റെ കിഴിവ് ലഭിക്കില്ല.
എങ്കിലും പൂർണമായ നിലച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ. കിഴിവ് എണ്ണയ്ക്ക് വേണ്ടി ഇന്ത്യ കൂടുതൽ സങ്കീർണവും സുതാര്യമല്ലാത്തതുമായ ചാനലുകളിലൂടെ വാങ്ങൽ തുടരും. ഇന്ത്യയുടെ ഊർജനയത്തിൽ "ഇന്ധനവില കുറയ്ക്കുക, വിതരണ സുരക്ഷിതത്വം ഉറപ്പാക്കുക" എന്നതാണ് എപ്പോഴും മുൻഗണന. അതുകൊണ്ടുതന്നെ റഷ്യൻ ടാങ്കറുകളുടെ എണ്ണം കുറഞ്ഞാലും പുതിയ മറയിട്ട പാതകളിലൂടെ ഒഴുക്ക് തുടരും. എന്നാൽ ആ പാതകളുടെ ചെലവ്, സുരക്ഷിതത്വം, സുതാര്യത എന്നിവ ഇന്ത്യൻ റിഫൈനറികൾക്ക് പുതിയ വെല്ലുവിളിയാകും. അമേരിക്ക-റഷ്യ സംഘർഷം തുടരുന്നിടത്തോളം ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരനിൽ നിന്നുള്ള ഒഴുക്ക് അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്












Click it and Unblock the Notifications