പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് ആദ്യ മെഡൽ; ഷൂട്ടിങ്ങിൽ വെങ്കലം, ചരിത്രം കുറിച്ച് മനു ഭാകർ
പാരിസ് ഒളിംപിക്സിൽ ആദ്യ മെഡൽ നേട്ടവുമായി ഇന്ത്യ. വനിതകളുടെ 10മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ മനു ഭാക്കർ ആണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് മനു ഭാകർ. ദക്ഷിണ കൊറിയൻ താരങ്ങളാണ് ഷൂട്ടിങ്ങിൽ സ്വർണവും വെള്ളിയും കരസ്ഥമാക്കിയത്.
ആദ്യ ഷോട്ടിൽ തന്നെ രണ്ടാം സ്ഥാനത്തെത്താൻ മനുവിനു സാധിച്ചിരുന്നു. എന്നാൽ രണ്ടാം സീരീസിൽ മൂന്നാമതായിരുന്നു അവർ. എന്നാൽ വളരെ പെട്ടെന്ന് തന്നെ തന്റെ സ്ഥാനം തിരിച്ചുപിടിക്കാൻ അവർക്ക് സാധിച്ചു. 13 ഷോട്ടുകൾക്ക് ശേഷം 131 പോയിന്റായിരുന്നു മനുവിന് ലഭിച്ചത്. അതേസമയം പിന്നീടുള്ള മത്സരങ്ങളിൽ മനുവിന്റെ സ്ഥാനം മാറിക്കൊണ്ടിരുന്നു. ഒടുവിൽ കൊറിയൻ താരത്തിന്റെ കടുത്ത വെല്ലുവിളിയെ മറികടന്ന് താരം വെങ്കലം ഉറപ്പിക്കുകയായിരുന്നു.

'എനിക്ക് വളരെ അധികം അഭിമാനം തോന്നുന്നു.വെങ്കലം നേടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എല്ലാ ഊർജവും ഉപയോഗിച്ച് ഞാൻ പോരാടുകയായിരുന്നു. ഇന്ത്യയ്ക്ക് ഏറെ നാളായി ലഭിക്കേണ്ട മെഡലായിരുന്നു ഇത്. ഞാൻ അതിന് ഒരു കാരണക്കാരിയായെന്ന് മാത്രം. ഇന്ത്യയുടെ മുഴുവൻ ടീം അംഗങ്ങളും കഠിനാധ്വാനം ചെയ്യുന്നുണ്ട്. നമ്മൾ കൂടുതൽ മെഡൽ നേടാൻ അർഹരാണ്', മെഡൽ നേട്ടത്തിന് പിന്നാലെ മനു ഭകാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒളിമ്പിക്സിൽ ഷൂട്ടിംഗ് വിഭാഗത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി കൂടിയാണ് മനു ഭകാർ. 2012 ൽ വിജയ് കുമാറായിരുന്നു ഇന്ത്യക്ക് വേണ്ടി ഷൂട്ടിങിൽ ആദ്യ മെഡൽ സ്വന്തമാക്കിയത്.
2004 ലെ ഏഥൻസ് ഒളിമ്പിക്സിലായിരുന്നു 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ആദ്യമായി ഒരു വനിത താരം ഫൈനലിൽ കടന്നത്. സുമ ഷിരൂർ ആയിരുന്നു ഇത്. ടോക്കിയോ ഒളിംപിക്സിൽ പിസ്റ്റൽ തകരാറിലായതിനെ തുടർന്ന് മനു ഭാകറിനു മത്സരിക്കാൻ സാധിച്ചിരുന്നില്ല. 2022 ഏഷ്യൻ ഗെയിംസിൽ 25 മീറ്റർ പിസ്റ്റൽ ടീമിനത്തിൽ സ്വർണം നേടാൻ മനു ഭാകറിന് സാധിച്ചിരുന്നു. കഴിഞ്ഞ വർഷം നടന്ന ലോക ചാംപ്യൻഷിപ്പിലും 25 മീറ്റർ പിസ്റ്റൽ വിഭാഗത്തിൽ മനു ഭാകറിന് സ്വർണം ലഭിച്ചിരുന്നു.
അതേസമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ ഫൈനലിൽ എത്തുന്ന രണ്ടാമത്തെ താരം കൂടിയാണ് രമിത.












Click it and Unblock the Notifications