ദ്വിമുഖ തന്ത്രവുമായി ഇന്ത്യ; ഇറാന്‍ പിന്തുണയില്‍ വന്‍ ലക്ഷ്യങ്ങള്‍, വാണിജ്യ ഹബ്ബ് ഒരുങ്ങുന്നു
ടെഹ്‌റാന്‍: ഇറാന്റെ സഹകരണത്തോടെ ഇന്ത്യ നടത്തുന്ന വാണിജ്യ നീക്കങ്ങള്‍ ലക്ഷ്യം കാണുന്നു. കഴിഞ്ഞ ദിവസം ഇറാന്‍-ഇന്ത്യ സെക്രട്ടറി-മന്ത്രിമാരുടെ ചര്‍ച്ചയില്‍ പ്രധാന വിഷയം ചാബഹാര്‍ തുറമുഖമായിരുന്നു. ഒമാന്‍ ഉള്‍ക്കടലിനോട് ചേര്‍ന്ന ഇറാനിലെ ഈ തുറമുഖം ഇന്ത്യയാണ് നവീകരിക്കുന്നത്. വരാനിരിക്കുന്ന സാമ്പത്തിക ഇടനാഴിയുടെ നട്ടെല്ലാകും ഈ തുറമുഖം.
ഇന്ത്യയ്ക്ക് മാത്രമല്ല, അഫ്ഗാനിസ്താനും നേട്ടമാകുന്നതാണ് ഇറാനിലെ ചാബഹാര്‍ തുറമുഖം. എന്നാല്‍ ഇന്ത്യയും അഫ്ഗാനും തമ്മില്‍ ഇപ്പോള്‍ അല്‍പ്പം അകന്ന മട്ടാണ്. ഡല്‍ഹിയിലെ എംബസി അഫ്ഗാന്‍ അടച്ചുപൂട്ടിയത് കഴിഞ്ഞ ദിവസമാണ്. അതേസമയം, ഇറാനിലെ തുറമുഖത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ചര്‍ച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്.

ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിനയ് ഖത്രയും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലഹിയാനും തമ്മിലാണ് കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നത്. പശ്ചിമേഷ്യയിലെ പല വിഷയങ്ങളും ചര്‍ച്ചയായെങ്കിലും ചാബഹാര്‍ ആയിരുന്നു മുഖ്യം. ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ രൂപീകരിച്ച സമിതിയുടെ യോഗവും ടെഹ്‌റാനില്‍ നടന്നു.
ഇറാനിലെ ധാതു സമ്പന്നമായ സിസ്താന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ചാബഹാര്‍ തുറമുഖം. ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന കേന്ദ്രമായി ഈ തുറമുഖത്തെ മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ അതിവേഗം യൂറോപ്പിലേക്ക് എത്തിക്കുന്നതിന് വലിയ സഹായകരമാകുന്ന തുറമുഖമാണിത്. ചാബഹാര്‍ ചരക്കുകടത്ത് ഹബ്ബായി മാറുമെന്ന് തഷ്‌ക്കന്റില്‍ നടന്ന സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രഖ്യാപിച്ചിരുന്നു.
ഏഷ്യയില്‍ നിന്ന് യൂറോപ്പിലേക്ക് രണ്ട് വ്യാപാര ഇടനാഴികളാണ് ഇന്ത്യ പദ്ധതിയിടുന്നത്. അതിലൊന്നാണ് ഐഎന്‍എസ്ടിസി പദ്ധതി. അതായത് ഇന്റര്‍നാഷണല്‍ നോര്‍ത്ത്-സൗത്ത് ട്രാന്‍സ്‌പോര്‍ട്ട് കോറിഡോര്‍. 7200 കിലോമീറ്റര്‍ ദൂരമുള്ള ചരക്കുപാതയാണിത്. ഒരറ്റത്ത് ഇന്ത്യയും മറ്റേ അറ്റത്ത് യൂറോപ്പുമാണ് ഈ കോറിഡോറില്‍.
ഇന്ത്യ, അഫ്ഗാനിസ്താന്‍, ഇറാന്‍, അര്‍മേനിയ, അസര്‍ബൈജാന്‍, റഷ്യ, മധ്യേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലൂടെയാണ് ഐഎന്‍എസ്ടിസി പദ്ധതി നടപ്പാക്കുക. ഈ പാതയില്‍ നിര്‍ണായകമാണ് ചാബഹാര്‍ തുറമുഖം. ഇവിടെ രണ്ട് കേന്ദ്രങ്ങളിലായി പത്ത് ബെര്‍ത്തുകളാണ് നിര്‍മിക്കുന്നത്. അതേസമയം, മറ്റൊരു ചരക്കുപാതയും ഇന്ത്യ ഒരുക്കുന്നുണ്ട്. ഇന്ത്യ മിഡില്‍ ഈസ്റ്റ് യൂറോപ്പ് കോറിഡോര്‍ ആണ് അടുത്തിടെ പ്രഖ്യാപിച്ച ചരക്കുപാത.
ഇന്ത്യയില്‍ നിന്ന് തുടങ്ങി യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ വഴി യൂറോപ്പിലെ ഗ്രീസിലെത്തുന്നതാണ് ഈ സാമ്പത്തിക ഇടനാഴി. ജി20 ഉച്ചകോടി ഡല്‍ഹിയില്‍ നടന്ന വേളയിലാണ് ഈ പാത സംബന്ധിച്ച സുപ്രധാന കരാര്‍ ഒപ്പുവച്ചത്. അമേരിക്കയുടെ സഹകരണത്തോടെയാണ് പാത നടപ്പാക്കുക. ചൈനയ്ക്കും റഷ്യയ്ക്കും പാകിസ്താനും മറുപടി നല്‍കുക എന്ന ലക്ഷ്യവും ഇക്കാര്യത്തില്‍ അമേരിക്കക്കുണ്ട്.












Click it and Unblock the Notifications