ഇന്തോനേഷ്യയിലെ ബാലിയിലും സമീപപ്രദേശത്തും ശക്തമായ ഭൂകമ്പം, തീവ്രത 7.0
ബാലി: ഇന്തോനേഷ്യയിലെ വിവിധയിടങ്ങളില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.0 തീവ്ര രേഖപ്പെടുത്തിയ പ്രകമ്പനം ബാലി, ലോംബോക്ക് ദ്വീപുകള്‍ക്ക് സമീപം കടലില്‍ ആണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു പ്രകമ്പനം. ശക്തമായ ഭൂകമ്പം ആണ് ഉണ്ടായത് എന്ന് യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. അതേസമയം സുനാമി ഭീഷണിയില്ലെന്നും അധികൃതര്‍ അറിയിച്ചു.
ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ മാതരത്തിന് വടക്ക് 203 കിലോമീറ്റര്‍ (126 മൈല്‍), ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 516 കിലോമീറ്റര്‍ താഴെയായി വളരെ ആഴത്തിലായിരുന്നു യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. പുലര്‍ച്ചെ 4 മണിക്കായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. മിനിറ്റുകള്‍ നീണ്ടുനിന്ന പ്രകമ്പനത്തില്‍ ഭയന്ന് മെര്‍ക്യൂര്‍ കുട്ട ബാലിയിലെ അതിഥികള്‍ മുറിയില്‍ നിന്ന് ഇറങ്ങിയോടിയെന്ന് ഹോട്ടല്‍ മാനേജര്‍ സുഅദി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

പ്രകമ്പനത്തിന് ശേഷം അവര്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്നുവെന്നാണ് താന്‍ കരുതിയത് എന്ന് ഒരു ഓസ്ട്രേലിയന്‍ വിനോദ സഞ്ചാരി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. സമീപ പ്രവിശ്യകളായ കിഴക്കന്‍ ജാവ, സെന്‍ട്രല്‍ ജാവ, പടിഞ്ഞാറന്‍ നുസ തെങ്കാര, കിഴക്കന്‍ നുസ തെങ്കാര എന്നിവിടങ്ങളിലും ആളുകള്‍ക്ക് ഭൂചലനം അനുഭവപ്പെട്ടു.
അതേസമയം ഭൂകമ്പത്തില്‍ നിലവില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്തോനേഷ്യന്‍ ദുരന്ത ഏജന്‍സിയായ ബിഎന്‍പിബി അറിയിച്ചു. 270 ദശലക്ഷം ജനങ്ങളുള്ള ഒരു വലിയ ദ്വീപസമൂഹമായ ഇന്തോനേഷ്യ, പസഫിക്കിലെ അഗ്‌നിപര്‍വ്വതങ്ങളുടെയും വിള്ളല്‍രേഖകളുടെയും ഒരു കമാനമായ 'റിംഗ് ഓഫ് ഫയര്‍' എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ഭൂകമ്പങ്ങള്‍, അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങള്‍, സുനാമികള്‍ എന്നിവയുടെ ഭീഷണി നിലനില്‍ക്കുന്നുണ്ട്.
2021-ല്‍ കരംഗസെമില്‍ ഉണ്ടായ ഒരു ഭൂകമ്പം മണ്ണിടിച്ചിലിന് കാരണമാവുകയും മൂന്ന് ഗ്രാമങ്ങളെ തന്നെ ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂര്‍ നഗരത്തില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 331 പേര്‍ കൊല്ലപ്പെടുകയും 600 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2018-ല്‍ സുലവേസിയില്‍ ഉണ്ടായ ഭൂകമ്പത്തിനും സുനാമിക്കും ശേഷം 4,340 പേര്‍ കൊല്ലപ്പെട്ടതിന് ശേഷം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മരണമാണിത്. 2004 ല്‍ ലോകത്ത് ആഞ്ഞടിച്ച സുനാമിയില്‍ ഏറ്റവും വലിയ നാശനഷ്ടമുണ്ടായ ദ്വീപസമൂഹവുമാണ് ഇന്തോനേഷ്യ.












Click it and Unblock the Notifications