സൗഹൃദത്തിന്റെ ദൂതുമായി ഐഎന്‍എസ് തരംഗിണി സൗദി തീരത്തെത്തി
റിയാദ്: സൗദിയുമായുള്ള ഇന്ത്യയുടെ സൗഹൃദ ബന്ധത്തിന്റെ ആഴം വിളിച്ചോതി ഇന്ത്യന്‍ നാവിക സേനയുടെ ഐ.എന്‍.എസ് തരംഗിണി ജിദ്ദ തീരമണഞ്ഞു. ഏപ്രില്‍ 10ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ഇന്ത്യന്‍ നാവിക സേനയുടെ പരിശീലന കപ്പലാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സദിയിലെ ജിദ്ദ തുറമുഖത്തെത്തിയത്. പതിമൂന്നു രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ലക്ഷ്യമിട്ട് ഏഴു മാസം നീളുന്ന യാത്രയുടെ ഭാഗമായാണ് ഐ.എന്‍.എസ് തരംഗിണി സൗദിയിലെത്തിയത്.
ജിദ്ദ തുറമുഖത്തെത്തിയ കപ്പലിന് ഇന്ത്യ-സൗദി പ്രതിനിധികള്‍ ചേര്‍ന്ന് വന്‍ വരവേല്‍പ്പ് നല്‍കി. ഇരുരാജ്യങ്ങളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും പ്രതിരോധ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനുമായാണ് കപ്പല്‍ സന്ദര്‍ശനത്തിനെത്തിയതെന്ന് കപ്പലില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു. പുതിയ നാവിക കേഡറ്റുകള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കുന്നതോടൊപ്പം വിവിധ രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുകയുമാണ് യാത്രയുടെ ലക്ഷ്യമെന്ന് ക്യാപ്റ്റന്‍ കമാന്‍ഡര്‍ രാഹുല്‍ മേത്ത വ്യക്തമാക്കി.

ഏപ്രില്‍ പത്തിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട തരംഗിണി ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ജിദ്ദയിലെത്തിയത്. ഇവിടെ നിന്നും മാള്‍ട്ടയിലേക്കും തുടര്‍ന്ന് പോര്‍ച്ചുഗല്‍, നെതര്‍ലാന്‍ഡ്, ബ്രിട്ടന്‍, ഡെന്മാര്‍ക്ക്, നോര്‍വേ, സ്പെയിന്‍, ഇറ്റലി, ഇസ്റായേല്‍, ജിബൂട്ടി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് കൊച്ചിയില്‍ തിരിച്ചെത്തും. അപ്പോഴേക്കും 20,000 നോട്ടിക്കല്‍ മൈല്‍ കപ്പല്‍ താണ്ടിയിട്ടുണ്ടാവും. അഞ്ചു ഓഫിസര്‍മാരും 35 നാവികാരുമാണ് ഐ.എ.എസ് തരംഗിണിയിലുള്ളത്. ലോകയാന്‍ 2018ന്റെ ഭാഗമായുള്ള യാത്രാ പര്യടനത്തിനിടെ ഫ്രാന്‍സിലെ ബോര്‍ദ്യുവില്‍ നടക്കുന്ന ബിസ്‌കെ ടോള്‍ ഷിപ്പ് റേസിലും ബ്രിട്ടനില്‍ നടക്കുന്ന ടോള്‍ ഷിപ്പ് റേസിലും തരംഗിണി പങ്കെടുക്കും.












Click it and Unblock the Notifications