അന്താരാഷ്ട്രാ യോഗ ദിനം: യുഎന്‍ ആസ്ഥാനത്തെ യോഗ ദിനാഘോഷത്തിന് മോദി നേതൃത്വം നല്‍കും
ന്യൂയോർക്ക്: ഇന്ന് അന്താരാഷ്ട്രാ യോഗ ദിനം. ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന യോഗാദിനാഘോഷങ്ങള്‍ക്ക് മോദി നേതൃത്വം നല്‍കും. 2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തിലാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. തുടർന്നുള്ള ഒരോ ജൂണ്‍ 21 നും രാജ്യത്തിന് അകത്തും പുറത്തുമായി വിപുലമായ രീതിയില്‍ യോഗാ ദിനം ആചരിച്ച് വരുന്നു.
ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തെ യോഗ പരിപാടിയില്‍ നിരവധി പ്രമുഖ വ്യക്തിത്വങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കുചേരും. "അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ യോഗ ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നു," യോഗ ദിനത്തോട് അനുബന്ധിച്ച് പങ്കുവെച്ച വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. പ്രസിഡന്റ് ജോ ബൈഡന്റെയും പ്രഥമ വനിത ജിൽ ബൈഡന്റെയും ക്ഷണപ്രകാരം നരേന്ദ്ര മോദി നടത്തുന്ന അമേരിക്കന്‍ സന്ദർശനത്തിലെ പ്രധാന പരിപാടികളിലൊന്നാണ് ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ യോഗാദിനാചരണം.

ആർട്ടിക്, അന്റാർട്ടിക്ക എന്നിവിടങ്ങളിലെ ഇന്ത്യയുടെ ഗവേഷണ കേന്ദ്രങ്ങളിലെ ഗവേഷകരും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനാൽ ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനം ഏറെ സവിശേഷമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. യോഗ എന്ന ആശയവും സമുദ്രത്തിന്റെ വ്യാപ്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കുന്ന 'യോഗയുടെ ഓഷ്യൻ റിംഗ്' എന്ന കാഴ്ചപ്പാട് യോഗ ദിനത്തെ കൂടുതൽ സവിശേഷമാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള കോടിക്കണക്കിന് ആളുകൾ ഈ അതുല്യമായ ആഘോഷത്തിൽ സ്വതസിദ്ധമായ രീതിയിൽ പങ്കെടുക്കുന്നത് യോഗയുടെ വിശാലതയും പ്രശസ്തിയും കാണിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 'വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം)' എന്ന പ്രമേയവുമായി ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ യോഗ ചെയ്യുന്നു' - നരേന്ദ്ര മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ഐക്യരാഷ്ട്ര സഭ ആസ്ഥാനത്തെ യോഗ പരിപാടിയില്‍ 180ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് വിവരം. യുഎന്‍ ആസ്ഥാനത്തെ നോര്‍ത്ത് ലോണില്‍ നടക്കുന്ന ചടങ്ങില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞർക്കും നേതാക്കള്‍ക്കും പുറമെ കലാകാരന്മാരും, അക്കാദമിക് രംഗത്തെ വിദഗ്ധരും, സംരംഭകരും പങ്കെടുക്കും. പ്രാദേശിക സമയം രാവിലെ എട്ട് മുതല്‍ ഒന്‍പത് മണിവരെയാണ് പരിപാടി.
അതേസമയം, രാജ്യത്ത് വിവിധ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെ കീഴില്‍ ഇന്ന് പുലർച്ചയോടെ തന്നെ ഔദ്യോഗിക ആഘോഷ പരിപാടികള്‍ ആരംഭിച്ചു.












Click it and Unblock the Notifications