ഇസ്രായേല്‍ തന്ത്രങ്ങള്‍ വിഫലമായി; പലസ്തീന് ഇന്റര്‍പോളില്‍ അംഗത്വം
ഇസ്രായേല്‍ തന്ത്രങ്ങള്‍ വിഫലമായി; പലസ്തീന് ഇന്റര്‍പോളില്‍ അംഗത്വം
ബെയ്ജിംഗ്: പാരവയ്ക്കാന്‍ ഇസ്രായേല്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുത്തി ഫലസ്തീന്‍ അന്താരാഷ്ട്ര പോലിസ് സംഘടനയായ ഇന്റര്‍പോളില്‍ അംഗത്വം നേടി. ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ 75 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 24 രാജ്യങ്ങള്‍ എതിര്‍ത്തു. 34 രാജ്യങ്ങള്‍ വിട്ടുനിന്നു. ഫലസ്തീനൊപ്പം സോളമണ്‍ അയലന്റും ഇതോടെ ഇന്റര്‍പോളില്‍ അംഗമായി.
ഫലസ്തീന്‍ ജനതയുടെ വിജയമാണ് ഈ അംഗത്വമെന്ന് ഫലസ്തീന്‍ പ്രധാനമന്ത്രി റാമി ഹംദല്ല അഭിപ്രായപ്പെട്ടു. അവരുടെ അവകാശസമരങ്ങള്‍ക്കും സ്വാതന്ത്ര്യ വാഞ്ഛയ്ക്കും ലഭിച്ച അംഗീകാരം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയിലെ ഭൂരിപക്ഷം രാജ്യങ്ങളുടെയും തത്വാധിഷ്ഠിതമായ നിലപാടാണ് തങ്ങള്‍ക്ക് വിജയം സമ്മാനിച്ചതെന്ന് ഫലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അല്‍ മലികി പ്രസ്താവനയില്‍ വ്യക്തമാക്കി.

തീരുമാനം അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്പ്പിക്കാന്‍ ഇസ്രായേല്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചില്ല. ഫലസ്തീന്‍ ഒരു രാഷ്ട്രമല്ലെന്നും ഇന്റര്‍പോള്‍ അംഗത്വത്തിന് അതിന് യോഗ്യതയില്ലെന്നുമായിരുന്നു ഇസ്രായേലിന്റെ വാദം. ഇസ്രായേലും ഫലസ്തീനും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക കരാര്‍ പ്രകാരം വെസ്റ്റ് ബാങ്കിലും ഗസയിലും പരിമിത അധികാരങ്ങളോടെയുള്ള ഭരണം മാത്രമാണ് ഫലസ്തീനികള്‍ക്ക് നല്‍കപ്പെട്ടതെന്നും അവര്‍ വാദിച്ചു.
അതേസമയം, ഇസ്രായേലിനെതിരായി ഫലസ്തീന്‍ നടത്തിയ നയതന്ത്ര യുദ്ധമാണിതെന്നും സദ്ഭാവനയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ അതോറിറ്റി നേതാക്കള്‍ക്ക് അനുവദിച്ച എല്ലാ സ്‌പെഷ്യല്‍ പെര്‍മിറ്റുകളും അടിയന്തരമായി റദ്ദ് ചെയ്യണമെന്നും ഇസ്രായേല്‍ പരിസ്ഥിതി സംരക്ഷണ മന്ത്രി സീവ് എല്‍കിന്‍ പ്രതികരിച്ചു. ഇന്റര്‍പോളില്‍ അംഗമാവാനുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ തീരുമാനം കഴിഞ്ഞ രണ്ടുവര്‍ഷമായി അവര്‍ ഇസ്രായേലിന് നല്‍കിക്കൊണ്ടിരിക്കുന്ന ഉറപ്പുകള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
ഇന്റര്‍പോളില്‍ ഫലസ്തീന് അംഗത്വം നല്‍കാനുള്ള തീരുമാനം ഇസ്രായേലിനെന്ന പോലെ ഭീകരവിരുദ്ധ യുദ്ധത്തിനും തിരിച്ചടിയാണെന്നാണ് ഇസ്രായേല്‍ മുന്‍ വിദേശകാര്യമന്ത്രി സിപി ലിവ്‌നി അഭിപ്രായപ്പെട്ടത്. ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടായ നയതന്ത്ര വീഴ്ചയാണിതിന് കാരണമെന്നും അവര്‍ കുറ്റപ്പെടുത്തി. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അവയ്‌ക്കെതിരേ നടപടി സ്വീകരിക്കുന്നതിനും അന്താരാഷ്ട്രതലത്തില്‍ സഹകരണം മെച്ചപ്പെടുത്തുകയാണ് ഇന്റര്‍പോളിന്റെ ലക്ഷ്യം. ഫലസ്തീന് ഇന്റര്‍പോളില്‍ ലഭിച്ച അംഗത്വം ഇസ്രായേലിന്റെ മേഖലയിലെ അതിക്രമങ്ങള്‍ക്ക് വിലങ്ങുതടിയാവുമെന്നാണ് ഇസ്രായേല്‍ വിലയിരുത്തുന്നത്.












Click it and Unblock the Notifications