യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്രം വേണമെന്ന് ഇറാൻ; വ്യവസ്ഥകൾ അംഗീകരിക്കാനാവില്ലെന്ന് ട്രംപ്
യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര പരിഹാരം ആഗ്രഹിക്കുന്നുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. വിശ്വാസം വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എന്താകണമെന്ന് സംബന്ധിച്ചുള്ള വിശദമായ കാര്യങ്ങൾ തങ്ങൾ മധ്യസ്ഥരുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട്.

'ഇനി യുദ്ധം ഉണ്ടാകില്ലെന്ന് ഉറപ്പാക്കുന്ന തരത്തിലൊരു കരാറിലെത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. തുടർനടപടികളിലേക്ക് പോകുന്നതിന് മുൻപ് യു.എസ് ഗൌരവത്തോടെയാണ് ചർച്ചകളിൽ ഇടപെടുന്നതെന്ന ഉറപ്പം വേണം. സമാധാന കരാറിൻ്റെ രൂപവും സ്വഭാവവും സംബന്ധിച്ച് മധ്യസ്ഥരോട് ഞങ്ങൾ പങ്കുവെച്ചിട്ടുണ്ട്',സർക്കാർ ഉടമസ്ഥതയിലുള്ള പത്രത്തിന് നൽകിയ പ്രതികരണത്തിൽ അരാഗ്ചി പറഞ്ഞു.
സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്ത് തന്നെ നിലനിർത്തണമെന്ന നിലപാടിൽ നിന്നും ഇറാൻ പിന്നോട്ടില്ലെന്നും നീതിയുക്തമായ പരിഹാരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇറാൻ്റെ നിർദേശങ്ങൾ അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി ഇറാൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഏത് കരാറിലെത്തിയാലും അത് യുഎസിൻ്റെ താത്പര്യങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
'ഇറാന് സമാധാനം വേണം. എന്നാൽ അവരുടെ ആവശ്യങ്ങൾ എനിക്ക് അംഗീകരിക്കാൻ സാധിക്കുന്നതല്ല. യഥാർത്ഥ കരാർ ആണ് ഞങ്ങൾക്ക് വേണ്ടത്. കഴിഞ്ഞ 51 വർഷമായി അവർ ചെയ്തുകൊണ്ടിരിക്കുന്നത് പോലൊരു വ്യാജ കരാർ അല്ല. 47 കൊല്ലമല്ല, 51 കൊല്ലം',ട്രംപ് പറഞ്ഞു.
അതേസമയം ശക്തമായൊരു ആക്രമണത്തിലേക്ക് ഇപ്പോൾ തങ്ങളില്ലെന്നാണ് ട്രംപ് ഇന്നലെ വ്യക്തമാക്കിയത്. പുതിയ വലിയ സൈനിക ആക്രമണങ്ങൾ നടത്തുന്നത് യുഎസിൻ്റെ പരിഗണനയിൽ ഇല്ല. പുതുവർഷം തുടങ്ങിയതിന് ശേഷം എന്ത് ചെയ്യണമെന്ന കാര്യം ആലോചിക്കാം. ജനുവരി ഒന്നിന് ശേഷം എന്താണ് നടക്കുന്നതെന്ന് നോക്കാം. എന്തായാലും ഇറാൻ്റെ കാര്യത്തിൽ ധൃതിപിടിച്ചൊരു തീരുമാനം കൈക്കൊള്ളാൻ താനില്ല',ട്രംപ് പറഞ്ഞു.
യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെയാണ് ഇറാനെതിരായ നിലപാട് ട്രംപ് മയപ്പെടുത്തിയത്. ഫലം വന്നതിന് പിന്നാലെ തിരിച്ചടിക്ക് കാരണം ഇറാൻ യുദ്ധം തന്നെയാണെന്ന് ട്രംപ് കുറ്റസമ്മതം നടത്തിയിരുന്നു. ഇനി ഇറാനെ ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കി. രാഷ്ട്രീയ തിരിച്ചടികൾ ഉണ്ടായാലും ഇറാനെതിരെ സൈനികാക്രമണം നടത്താൻ മടിക്കില്ലെന്നായിരുന്നു ഭീഷണി. അതേസമയം യുഎസ് ഇനി കടുത്ത ആക്രമണത്തിലേക്ക് കടന്നാൽ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകുന്നത്.


Click it and Unblock the Notifications
