'അടിച്ചാല്‍ തിരിച്ചടിക്കും'; ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കുമോ എന്ന് ഉറപ്പില്ലെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ധാരണയില്‍ സംശയം പ്രകടിപ്പിച്ച് ഇറാന്‍. ഇസ്രായേലുമായുള്ള വെടിനിര്‍ത്തല്‍ ധാരണ നിലനില്‍ക്കുമോ എന്ന് തങ്ങള്‍ക്ക് സംശയം ഉണ്ടെന്നും മറുവശത്തു നിന്ന് ആക്രമണം ഉണ്ടായാല്‍ തിരിച്ചടി ഉറപ്പാണെന്നും ഇറാന്റെ സായുധസേനാ മേധാവി അബ്ദുള്‍റഹീം മൗസവിയെ ഉദ്ധരിച്ച് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വെടിനിര്‍ത്തല്‍ പാലിക്കുന്നതില്‍ ശത്രുവിന്റെ പ്രതിബദ്ധതയെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ സംശയമുണ്ട്. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ കൃത്യമായ തിരിച്ചടി ഉണ്ടാകുമെന്നും മൗസവി മുന്നറിയിപ്പു നല്‍കി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മൗസവി ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇറാനും ഇസ്രായേലും തമ്മില്‍ അമേരിക്കയുടെയും ഗള്‍ഫ് രാജ്യങ്ങളുടെയും മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടത്. ലോകത്തെ ഭീതിയില്‍ നിര്‍ത്തിയ രണ്ടാഴ്ചത്തെ സംഘര്‍ഷമാണ് ഇതോടെ അവസാനിപ്പിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് തന്റെ സമൂഹ മാധ്യമത്തിലൂടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലോകത്തെ അറിയിച്ചത്.
ജൂണ്‍ 13നാണ് ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ആരംഭിച്ചത്. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു. അബ്ദുള്‍റഹീം മൗസവിയുടെ മുന്‍ഗാമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങള്‍ തകര്‍ത്ത് അമേരിക്ക കൂടി യുദ്ധമുഖത്തേക്ക് വന്നതോടെ സംഘര്‍ഷം രൂക്ഷമായി.
ഖത്തറിലുള്ള യുഎസിന്റെ വ്യോമ താവളം ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയതോടെ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിച്ചിരുന്നു. ഇതോടെയാണ് സമാധാനത്തിനായുള്ള നീക്കങ്ങള്‍ വേഗത്തിലാക്കിയതും വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായതും.
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇറാനില്‍ 620 പേരോളം കൊല്ലപ്പെടുകയും 5000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍. ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രായേലിലും കനത്ത നാശം ഉണ്ടായി. തലസ്ഥാനമായ ടെല്‍ അവീവിലും ജെറുസലേമിലും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഇറാന്റെ ആക്രമണത്തില്‍ 28 പേര്‍ മരിച്ചതായാണ് ഇസ്രായേലിന്റെ കണക്കുകള്‍. 1300 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഇരു രാജ്യങ്ങളും അത് ലംഘിച്ചിരുന്നു. എങ്കിലും സമാധാനപരമായാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. എങ്കിലും അമേരിക്കയും ഇറാനും ഇസ്രായേലും പരസ്പരമുള്ള പ്രകോപനം തുടരുകയാണ്.
ഇറാന്റെ പരമോന്നത നേതാവായ അയത്തുള്ള ഖമേനിക്കെതിരേ യുഎസ് പ്രസിഡന്റ് തുടര്‍ച്ചയായി നടത്തുന്ന പരാമര്‍ശങ്ങളിലും ഇറാന്‍ ഭരണകൂടത്തിന് അതൃപ്തിയുണ്ട്. ഖമേനിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന ആരും വധശിക്ഷയ്ക്ക് അര്‍ഹനാണെന്ന് ഇറാനിയന്‍ പുരോഹിതന്‍ അയത്തുള്ള നാസര്‍ മകരേം ഷിരാസി മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications