ഇറാന്‍ തീരത്ത് ഐഫോണുകള്‍ ഒഴുകിപരക്കുന്നു; വാരിക്കൂട്ടാന്‍ നാട്ടുകാര്‍, വീണ്ടും ഉപാധിയുമായി മന്ത്രി
ഇറാന്‍ തീരത്ത് ഐഫോണുകളും വിലയേറിയ ഫ്രഞ്ച് സുഗന്ധങ്ങളും ഒഴുകിനടക്കുന്നു. ഹോര്‍മുസ് വഴി കടന്നുപോയ കപ്പല്‍ തകര്‍ന്നപ്പോഴാണ് ഫോണുകള്‍ കടലില്‍ വീണത്. ആളുകള്‍ ഫോണും അത്തറും വാരിക്കൂട്ടി വരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ ഇതില്‍ പലതും ഐഎ നിര്‍മിതമാണ് എന്ന് അല്‍ജസീറ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു.
കപ്പലില്‍ നിന്ന് വീണ കണ്ടെയ്‌നറുകള്‍ വലിച്ചുകൊണ്ടുവരുന്ന ചെറുബോട്ടുകളുടെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സിംഗപ്പൂര്‍ പതാകയുള്ള ചരക്കുകപ്പലായ ജിഎഫ്എസ് പ്രൈഡ് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹോര്‍മുസില്‍ വച്ച് തകര്‍ന്നത്. കുഴി ബോംബില്‍ തട്ടി പൊട്ടിത്തെറിയുണ്ടായപ്പോള്‍ തീപിടിച്ചാണ് കപ്പല്‍ തകര്‍ന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കപ്പല്‍ മുങ്ങിയെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെയാണ് ഐഫോണും അത്തറും വാരിക്കൂട്ടുന്ന വീഡിയോ പുറത്തുവന്നത്. ഈ വീഡിയോയില്‍ പലതും വ്യാജമാണ് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാട്ടുകാരും മല്‍സ്യത്തൊഴിലാളികളുമാണ് ഐഫോണുകള്‍ എടുത്തത് എന്ന് റിപ്പോട്ടുകളിലുണ്ട്. കപ്പല്‍ തകരുന്ന വേളയില്‍ 21 ജീവനക്കാരുണ്ടായിരുന്നു. എല്ലാവരെയും പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി.
ഹോര്‍മുസ് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ഇറാന്റെ ഭീഷണി നിലവിലുണ്ട്. ഒക്ടോബര്‍ 14നാണ് സിംഗപ്പൂരിലേക്കുള്ള കപ്പല്‍ മൈന്‍ പൊട്ടി തകര്‍ന്നത്. ലോകത്തെ അഞ്ചിലൊന്ന് കടല്‍ ചരക്കുകളും പോകുന്ന പാതയാണിത്. യുദ്ധം തുടങ്ങിയ വേളയില്‍ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇറാന്‍ അടയ്ക്കുകയായിരുന്നു. മറ്റൊരു കപ്പലും പിന്നീട് ആക്രമിക്കപ്പെട്ടുവെന്ന് വാര്‍ത്തകള്‍ വന്നു. യുദ്ധം തുടങ്ങിയ ശേഷം പൂര്‍ണമായി തകരുന്ന കപ്പലുകളുടെ എണ്ണം മൂന്നായി.
ഹോര്‍മുസ് തുറക്കാമെന്ന് ഇറാന്‍, പക്ഷേ...
ഇറാന്‍ മുന്നോട്ട് വച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ ഒരാഴ്ച്ചയ്ക്കകം ഹോര്‍മുസ് കടല്‍പാത തുറക്കാമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഖത്തര്‍ വഴി തങ്ങളുടെ ഉപാധികള്‍ അമേരിക്കയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ പ്രതികരണം അടിസ്ഥാനമാക്കിയാകും തുടര്‍ നടപടികള്‍. ഉപാധികള്‍ അംഗീകരിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നും അരഗ്ചി പറഞ്ഞു.
ഇറാന്റെ പദ്ധതി അംഗീകരിച്ചാല്‍ ആറാം ദിവസം ഹോര്‍മുസ് പാത തുറക്കും. ഏഴാം ദിവസം അമേരിക്കയുമായി ചര്‍ച്ച ആരംഭിക്കുമെന്നും അരഗ്ചി പറയുന്നു. ഇതെല്ലാം നടക്കണം എങ്കില്‍ ഇനി അമേരിക്ക തീരുമാനിക്കണം. തങ്ങളുടെ ഉപാധികളില്‍ അമേരിക്കയാണ് തീരുമാനം എടുക്കേണ്ടത് എന്നും അബ്ബാസ് അരഗ്ചി വ്യക്തമാക്കി. സമ്മര്‍ദ്ദം ചെലുത്തി ഇറാനെ വരുതിയിലാക്കാമെന്ന് കരുതരുത് എന്നും അമേരിക്കക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.


Click it and Unblock the Notifications
