ഇറാന്‍ വജ്രായുധം പുറത്തെടുക്കുന്നു; 33 കിലോമീറ്റര്‍ വീതി, ഒമാനും ദുബായ് നഗരവും തൊട്ടടുത്ത്
അമേരിക്ക ചുറ്റും സൈനിക സാന്നിധ്യം ശക്തമാക്കുന്ന വേളയില്‍ ഇറാനും തയ്യാറെടുക്കുന്നു. ആണവ പദ്ധതിയില്‍ ചര്‍ച്ച ഒരുഭാഗത്ത് സുഗമമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഈ കരുത്ത് കാട്ടല്‍. ചര്‍ച്ച വിജയം കാണുമെന്ന പ്രതീക്ഷയാണ് വിപണിയില്‍. ക്രൂഡ് ഓയില്‍ വില കുറയാന്‍ കാരണവും അതുതന്നെയാണ്. ഇതിനിടെയാണ് സൈനിക ശക്തി ഇരുവിഭാഗവും പ്രകടിപ്പിക്കുന്നത്.
ഇറാനെ അമേരിക്ക ആക്രമിച്ചാല്‍ ലോക സാമ്പത്തിക രംഗം തകരുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇറാഖിലും അഫ്ഗാനിലും അമേരിക്ക നടത്തിയ അധിനിവേശം പോലെ ആകില്ല ഇറാനിലേക്കുള്ള നീക്കം. കാരണം, ഹോര്‍മുസ് കടലിടുക്ക് ഇറാന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ ജൂണില്‍ ഇവിടെ ഇറാന്‍ തടസം സൃഷ്ടിക്കുമെന്ന് കണ്ടപ്പോഴാണ് ഇസ്രായേലിന് മേല്‍ സമ്മര്‍ദ്ദം ശക്തമായതും സമാധാന പാതയിലേക്ക് നീങ്ങിയതും.

ഹോര്‍മുസ് കടലിടുക്ക് ലോകത്തെ പ്രധാന ചരക്കുപാതയാണ്. 33 കിലോമീറ്റര്‍ മാത്രം വീതിയിലുള്ള ഇടുങ്ങിയ ജലപാതയാണിത്. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഗള്‍ഫിനെയും ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് കടന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് കപ്പലുകള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഇറാനും ഒമാനും മാത്രമല്ല, ദുബായ് നഗരവും ഹോര്‍മുസില്‍ നിന്ന് അധികം ദൂരത്തില്‍ അല്ല.
ഒരുകാലത്ത് ചൈനയില്‍ നിന്നുള്ള ചരക്കുകളായിരുന്നു ഹോര്‍മുസിലൂടെ കൂടുതല്‍ കൊണ്ടുപോയിരുന്നത്. പിന്നീട് മറ്റുപല രാജ്യങ്ങളും ഈ പാത സ്വീകരിച്ചു. നിലവില്‍ ക്രൂഡ് ഓയില്‍ കൂടുതല്‍ പോകുന്നത് ഈ പാതയിലൂടെയാണ്. ജിസിസിയിലെ ആറ് രാജ്യങ്ങളില്‍ നിന്നുള്ള ക്രൂഡും ഇറാന്റെ ക്രൂഡും പോകുന്നത് ഹോര്‍മുസിലൂടെയാണ്. പാത ഇറാന്‍ അടച്ചാല്‍ ജിസിസി രാജ്യങ്ങള്‍ പ്രതിസന്ധിയിലാകും. ഇത് അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും.
ഹോര്‍മുസ് പാത അടച്ച് ഇറാന്‍
ഹോര്‍മുസ് പാത മറികടന്ന് ക്രൂഡ് ഓയില്‍ കൊണ്ടുപോകാന്‍ സൗദി അറേബ്യയിലും യുഎഇയിലും പൈപ്പ് ലൈന്‍ ഉണ്ടെങ്കിലും ഹോര്‍മുസ് അടച്ചാല്‍ പ്രതിസന്ധി ഇരട്ടിയാകും. അമേരിക്ക ആക്രമിച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനാല്‍ ഇറാന്‍ ഭാഗികമായി ഹോര്‍മുസ് പാത അടച്ചു. ഇവിടെ സൈനിക അഭ്യാസം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പാത അപ്രതീക്ഷിതമായി അടച്ചത്.
ഈ മാസം ആദ്യത്തില്‍ അഭ്യാസം നടത്തിയിരുന്നു എങ്കിലും പാത അടച്ചിരുന്നില്ല. ഇന്നലെ അടച്ചത് അമേരിക്കക്കുള്ള മുന്നറിയിപ്പായി വിലയിരുത്തുന്നു. ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് അമേരിക്കയുടെ യുദ്ധക്കപ്പലുകളും യുദ്ധ വിമാനങ്ങളും തമ്പടിച്ചിട്ടുണ്ട്. ഏത് സമയവും ഇറാനെ ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇറാന്റെ നീക്കം.
ആക്രമിച്ചാല്‍ പശ്ചിമേഷ്യയിലെ അമേരിക്കയുടെ താവളങ്ങള്‍ തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. വെനസ്വേലയില്‍ കടന്ന് പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ അറസ്റ്റ് ചെയ്ത പോലെ അമേരിക്കക്ക് ഇറാനിലെ കാര്യങ്ങള്‍ എളുപ്പമാകില്ല എന്നാണ് വിലയിരുത്തല്‍. ഇറാനെതിരായ നീക്കങ്ങള്‍ക്ക് തങ്ങളുടെ ആകാശവും മണ്ണും അനുവദിക്കില്ല എന്ന് ചില ജിസിസി രാജ്യങ്ങള്‍ അമേരിക്കയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications