ചുട്ടുപൊള്ളുന്നു; വെള്ളം പോലും കുടിക്കാനാകുന്നില്ല!! രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ച് ഇറാന്‍
ടെഹ്‌റാന്‍: കുറച്ചുകാലം മുമ്പ് കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇതിന്റെ ഗൗരവം പലര്‍ക്കും മനസിലായിരുന്നില്ല. എന്നാല്‍ ക്രമേണ പതിവ് കാലാവസ്ഥാ രീതികളില്‍ മാറ്റം വരാനും അപ്രതീക്ഷിതമായ മഴയും ചൂടുമെല്ലാം അനുഭവിക്കാനും തുടങ്ങിയതോടെയാണ് വിഷയം സജീവ ചര്‍ച്ചയായത്. വേനലില്‍ പ്രളയവും കാലം തെറ്റിയ മഴയുമെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണ്.
ആഗോള തലത്തില്‍ പല രാജ്യങ്ങളിലും കടുത്ത ചൂട് അനുഭവപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മനുഷ്യന്റെ പ്രവര്‍ത്തനം കാരണമായി കാലാവസ്ഥയില്‍ വന്ന മാറ്റമാണ് ഇതിന് കാരണമെന്ന് ശാസ്ത്ര ലോകം പറയുന്നു. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും അവര്‍ ഉപദേശിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തവിധം കനത്ത ചൂടാണ് അനുഭവപ്പെട്ടതെന്നു കാലാവസ്ഥാ നിരീക്ഷകര്‍ ശരിവെക്കുന്നു.

ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത ചൂടാണ് ഇറാന്‍ നേരിടുന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ചു. രണ്ട് ദിവസം അവധി നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഇറാനില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാലയങ്ങള്‍ തുടങ്ങി എല്ലാം ഇറാനില്‍ അടഞ്ഞുകിടക്കുകയാണത്രെ.
നേരത്തെ നിശ്ചയിച്ചിരുന്ന കായിക മല്‍സരങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‍ക്കണമെന്നാണ് ആശുപത്രികള്‍ക്കുള്ള നിര്‍ദേശം. മരുന്നുകളുടെയും മറ്റും ലഭ്യത ഉറപ്പാക്കാനും ആവശ്യപ്പെട്ടു.
രാവിലെ 10 മണി മുതല്‍ വൈകീട്ട് നാല് മണി വരെ പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. പ്രായം കൂടിയവരും കുട്ടികളും നിര്‍ദേശം കര്‍ശനമായി പാലിക്കണം. അടിയന്തര ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. ഇറാന്റെ ചില ഭാഗങ്ങളില്‍ 51 സെല്‍ഷ്യസ് ആണ് താപനില. മറ്റിടങ്ങളില്‍ 40 സെല്‍ഷ്യസും. വരും ദിവസങ്ങളിലും ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്.
ശക്തമായ ചുടുകാറ്റിനും മണല്‍ക്കാറ്റിനും സാധ്യതയുണ്ട്. വലിയൊരു ഭാഗം മരുഭൂമിയുള്ള രാജ്യമാണ് ഇറാന്‍. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമാണ്. കടുത്ത ചൂട് കാരണം വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കുര്‍ദിഷ് നഗരമായ ദിവന്തരിഹില്‍ വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധത്തിലാണ്. ആഴ്ചകളായി ഇവിടെ കുടിവെള്ളം കിട്ടാനില്ല.
അതേസമയം, നിലവിലെ സാഹചര്യം ലോകവസാനത്തിന്റെ ലക്ഷണമാണ് എന്ന പ്രചാരണവും ഇറാനില്‍ നടക്കുന്നുണ്ട്. ജലദൗര്‍ലഭ്യവും കടുത്ത ചൂടും ഇതാണ് സൂചിപ്പിക്കുന്നതത്രെ. പലിയടത്തും കടുത്ത ചൂട് കാരണം വെള്ളം കുടിക്കാനാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ഇറാന്റെ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications