കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ സൈബര്‍ യുദ്ധത്തിന്; യുഎസ്, സൗദി വ്യാവസായിക കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്തു

  • By Desk
Google Oneindia Malayalam News

ദുബായ്: അമേരിക്ക, സൗദി അറേബ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ വ്യാവസായിക കമ്പനികളുടെ കംപ്യൂട്ടറുകളില്‍ ഇറാന്‍ ഹാക്കര്‍മാര്‍ കടന്നുകയറിയതായി മുന്നറിയിപ്പ്. നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്താനും നശിപ്പിക്കാനും കെല്‍പ്പുള്ള വൈറസുകള്‍ കടത്തിവിട്ടായിരുന്നു ആക്രമണം.

സൈബര്‍ സുരക്ഷാ കമ്പനിയുടെ മുന്നറിയിപ്പ്

സൈബര്‍ സുരക്ഷാ കമ്പനിയുടെ മുന്നറിയിപ്പ്

പെട്രോകെമിക്കല്‍സ്, ഏവിയേഷന്‍ മേഖലയിലുള്ള കംപ്യൂട്ടറുകളാണ് ഇറാനില്‍ നിന്നുള്ളവര്‍ എന്നു കരുതുന്ന ഹാക്കര്‍മാര്‍ വൈറസ് ആക്രമണത്തിന് തെരഞ്ഞെടുത്തതെന്ന് സൈബര്‍ സുരക്ഷാ കമ്പനിയായ ഫയര്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരുകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സൈബര്‍ സുരക്ഷ പ്രദാനം ചെയ്യുന്ന കമ്പനിയാണിത്. കടന്നുകയറിയ കംപ്യൂട്ടറുകള്‍ നശിപ്പിക്കാനുതകുന്ന വൈറസ് കടത്തിവിട്ടതായും സംഘടന മുന്നറിയിപ്പ് നല്‍കി. ഇതേരീതിയില്‍ 2012ലും 2016ലും സൗദി കംപ്യൂട്ടറുകള്‍ ഹാക്കര്‍മാര്‍ നശിപ്പിച്ചിരുന്നു.
എന്നാല്‍ ആരോപണത്തെക്കുറിച്ച് ഇറാന്റെ യു.എന്‍ കാര്യാലയമോ ഇറാന്‍ മാധ്യമങ്ങളോ പ്രതികരിച്ചിട്ടില്ല. പിടിക്കപ്പെട്ടാല്‍ പ്രശ്‌നമില്ലെന്ന രീതിയിലാണ് അവരുടെ ആക്രമണമെന്ന് ഫയര്‍ ഐ ഡയരക്ടര്‍ സ്റ്റുവാര്‍ട്ട് ഡേവിസ് പറഞ്ഞു. യാതൊരു തിരിച്ചടിയുമില്ലാതെ 20ഓളം സ്ഥാപനങ്ങളുടെ കംപ്യൂട്ടുറുകളാണ് അവര്‍ നശിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉപയോഗിച്ചത് ഫിഷിംഗ് ഇ-മെയിലുകള്‍

ഉപയോഗിച്ചത് ഫിഷിംഗ് ഇ-മെയിലുകള്‍

എപിടി33 (അഡ്വാന്‍സ്ഡ് പെര്‍സിസ്റ്റന്റ് ത്രെറ്റ്) എന്ന വിഭാഗത്തിലാണ് ഈ ഹാക്കര്‍മാരെ കമ്പനി പെടുത്തിയിരിക്കുന്നത്. വ്യാജ തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഫിഷിംഗ് ഇ-മെയിലുകള്‍ വഴിയാണ് ഇവര്‍ കംപ്യൂട്ടറുകളില്‍ കടന്നുകയറിയത്. അതിനായി ബോയിംഗ് പോലുള്ള വിമാനകമ്പനികളുടെയും പ്രതിരോധ സ്ഥാപനങ്ങളുടെയും ഡൊമെയ്‌നുകളെന്ന് തോന്നിപ്പിക്കുന്ന പേരുകളാണ് ഇവ ഉപയോഗിച്ചിരിക്കുന്നത്.
ആറു മാസത്തോളം ഒരു കമ്പ്യൂട്ടറിനകത്ത് നില്‍ക്കാനും വിവരങ്ങള്‍ ചോര്‍ത്താനുമായി ഷെയ്പ്ഷിഫ്റ്റര്‍ മാതൃകയിലുള്ള മാല്‍വെയറാണ് ഇവര്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കമ്പനി കണ്ടെത്തി.

ഇറാന്റെ കൈമുദ്രകള്‍ നിരവധി

ഇറാന്റെ കൈമുദ്രകള്‍ നിരവധി

ആക്രമണത്തിനായി ഉപയോഗിച്ച കോഡുകളില്‍ ഇറാന്റെ ഭാഷയായ ഫാര്‍സിയിലുള്ള പരാമര്‍ശം കണ്ടെത്തിയതായും സുരക്ഷാ കമ്പനി അറിയിച്ചു. ഇറാനിയന്‍ പ്രവൃത്തി ദിവസമായ ശനി മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളിലാണ് കോഡ് നിര്‍മിച്ചിരിക്കുന്നതെന്നും ഡേവിസ് പറഞ്ഞു. xman_1365_x, എന്ന ഇറാനിയന്‍ ഓണ്‍ലൈന്‍ ഹാന്‍ഡ്ല്‍ ഹാക്കര്‍മാരിലൊരാള്‍ അബദ്ധത്തില്‍ കോഡില്‍ ഉള്‍പ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതിനായി ഉപയോഗിച്ച സര്‍വറുകളെല്ലാം ഇറാനില്‍ നിന്ന് റജിസ്റ്റര്‍ ചെയ്തവയുമാണ്. പിടിക്കപ്പെടുന്നത് അവര്‍ക്കൊരു പ്രശ്‌നമല്ലെന്ന രീതിയിലാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും ഫയര്‍ ഐ അഭിപ്രായപ്പെട്ടു.
ഈ സര്‍വറുകളിലൊന്ന് റജിസ്റ്റര്‍ ചെയ്യാന്‍ ഉപയോഗിച്ച ഇമെയില്‍ അഡ്രസ് അലി മെഹറാബിയന്‍ എന്നയാളുടെ പേരിലുള്ളതാണെന്ന് കണ്ടെത്തിയതായി അസോസിയറ്റഡ് പ്രസ്സും അറിയിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തിനകം ഈ ഇമെയില്‍ ഐ.ഡി ഉപയോഗിച്ച് 120 ഇറാന്‍ വെബ്‌സൈറ്റുകള്‍ ക്രിയേറ്റ് ചെയ്തിട്ടുണ്ട്.

ഇറാന്‍ ഹാക്കിംഗ് തുടങ്ങിയത് പ്രതികാരമായി

ഇറാന്‍ ഹാക്കിംഗ് തുടങ്ങിയത് പ്രതികാരമായി

2011ലാണ് വിദേശരാജ്യങ്ങള്‍ക്കെതിരേ ഇറാന്‍ സൈബര്‍ ആക്രമണങ്ങള്‍ ആരംഭിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നേതൃത്വത്തില്‍ നിര്‍മിച്ച സ്റ്റക്‌സ്‌നെറ്റ് കംപ്യൂട്ടര്‍ വൈറസുകള്‍ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കംപ്യൂട്ടറുകള്‍ തകര്‍ത്തതിന് പ്രതികാരമെന്നോണമായിരുന്നു ഇത്. 2012ല്‍ സൗദി എണ്ണക്കമ്പനിയെയും ഖത്തര്‍ വാതകക്കമ്പനിയെയും ആക്രമിച്ചതിനു പിന്നില്‍ ഇറാന്‍ ഹാക്കര്‍മാരായിരുന്നു. ഹാര്‍ഡ് ഡിസ്‌ക്കുകള്‍ നശിപ്പിച്ച് മോണിറ്ററില്‍ അമേരിക്കന്‍ പതാക കത്തിക്കുന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ആക്രമണ രീതി.

English summary
Iran cyber war; US, Saudi industrial computers hacked
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X