യുഎസ് പട്ടാളം ഇറാന്റെ തൊട്ടടുത്ത്; ആയത്തുല്ല ഖാംനഇ ബങ്കറില്‍ ഒളിച്ചു എന്ന് റിപ്പോര്‍ട്ട്, ഒരുങ്ങി ഇറാന്‍
ടെഹ്‌റാന്‍: അമേരിക്കയുടെ നാവിക സൈനികര്‍ സര്‍വ സജ്ജരായി ഇറാന്‍ അതിര്‍ത്തി മേഖലയില്‍. ഏത് സമയവും ആക്രമണം ആരംഭിക്കുമോ എന്ന ആശങ്ക വ്യാപകം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കുകയും ഇറാന്‍ ശക്തമായ മറുപടി നല്‍കിയതുമാണ് ആശങ്കയ്ക്ക് കാരണം. ആക്രമണത്തിന് മുതിര്‍ന്നാല്‍ സമ്പൂര്‍ണ യുദ്ധം പ്രഖ്യാപിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയത്.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മദ്യൂറോയെ തടവിലാക്കി അമേരിക്കയിലെത്തിച്ച പിന്നാലെയാണ് യുഎസ് സൈന്യം ഇറാനെതിരെ തിരിഞ്ഞത്. ഗ്രീന്‍ലാന്റ് തങ്ങളുടേതാണ് എന്ന നിലപാട് അമേരിക്ക അല്‍പ്പം മയപ്പെടുത്തി. യൂറോപ്യന്‍ രാജ്യങ്ങളുടെ കടുത്ത് എതിര്‍പ്പിനെ തുടര്‍ന്നാണ് മയപ്പെടുത്തല്‍. എന്നാല്‍ ട്രംപ് വിഷയം പൂര്‍ണമായും ഒഴിവാക്കിയിട്ടുമില്ല.

അതിനിടെയാണ് ഇറാനെതിരെ സൈനിക നടപടിക്ക് അമേരിക്ക ഒരുങ്ങുന്നത്. ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായിരുന്നു. സമരക്കാര്‍ക്കെതിരെ ശക്തമായ അടിച്ചമര്‍ത്തല്‍ നടപടിയാണ് ഇറാന്‍ ഭരണകൂടം സ്വീകരിച്ചത്. അതിനിടെയാണ് അമേരിക്ക ഇറാനെതിരെ സൈനിക നീക്കത്തിന് ഒരുങ്ങിയതും യുദ്ധക്കപ്പലും യുദ്ധ വിമാനങ്ങളും പശ്ചിമേഷ്യയിലേക്ക് അയച്ചതും.
അമേരിക്കയുടെ ആക്രമണ സാധ്യതയുള്ളതിനാല്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ബങ്കറില്‍ ഒളിച്ചു എന്നാണ് ഭരണകൂടത്തെ എതിര്‍ക്കുന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ടെഹ്‌റാനിലെ ഭൂമിക്കടിയില്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഒട്ടേറെ തുരങ്കങ്ങള്‍ ഉണ്ടത്രെ. അമേരിക്ക ആക്രമണം തുടങ്ങിയാല്‍ ഉന്നത നേതാക്കളുടെ സുരക്ഷ ഉറപ്പാക്കാണ് ബങ്കര്‍.
വാര്‍ത്ത നിഷേധിച്ച് ഇറാന്‍
ആയത്തുല്ല അലി ഖാംനഇ ബങ്കങില്‍ ഒളിച്ചു എന്ന വാര്‍ത്ത ഇറാന്‍ ഭരണകൂടം തള്ളി. ഇറാന്റെ ഇന്ത്യയിലെ പ്രതിനിധി വാര്‍ത്ത തെറ്റാണെന്ന് പ്രതികരിച്ചു. സുരക്ഷിതമായ സ്ഥലത്ത് ഖാംനഇ ഉണ്ട്. അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. വിദേശ ശക്തികളുടെ ഭീഷണി നേരിടാന്‍ എല്ലാ നടപടികളും ഇറാന്‍ സ്വീകരിച്ചുവെന്നും ഇന്ത്യയിലെ ഇറാന്‍ കോണ്‍സല്‍ ജനറല്‍ പറയുന്നു.
ആയത്തുല്ല അലി ഖാംനഇ ദൈനംദിന ഭരണകാര്യങ്ങള്‍ മകന്‍ മസൂദ് ഖാംനഇയെ ഏല്‍പ്പിച്ചു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. മേഖലയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നത് എന്ന് അമേരിക്ക പറയുന്നു. ഖാംനഇയെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ സമ്പൂര്‍ണ യുദ്ധ പ്രഖ്യാപനമാകുമെന്ന് ഇറാന്‍ വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അമേരിക്കയുടെ നീക്കങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളെയും ആശങ്കയിലാക്കുന്നുണ്ട്. കാരണം, എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക സാന്നിധ്യമുണ്ട്. ഇറാന്‍ തിരിച്ചടി തുടങ്ങിയാല്‍ ഈ കേന്ദ്രങ്ങളായിരിക്കും ലക്ഷ്യമിടുക. മാത്രമല്ല, പശ്ചിമേഷ്യയില്‍ വ്യാപിച്ചുകിടക്കുകയാണ് ഷിയാ വിഭാഗക്കാര്‍. ഇറാനെതിരായ അമേരിക്കയുടെ നീക്കം സായുധ സംഘങ്ങളുടെ സംഘാടനത്തിന് ഇടയാക്കുമെന്നും ഗള്‍ഫ് ഭരണകൂടങ്ങള്‍ ഭയപ്പെടുന്നുണ്ട്.












Click it and Unblock the Notifications