ടെഹ്‌റാന് സമീപം വൻ സ്ഫോടനം; മൂന്നാം ലോകമഹായുദ്ധ ഭീതിയിൽ ലോകം!
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ പരന്ദ് നഗരത്തിൽ ബുധനാഴ്ചയുണ്ടായ വൻ തീപിടുത്തവും സ്ഫോടനവും പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക പടർത്തുന്നു. പരന്ദ് നഗരത്തിലെ ഒരു ബഹുനില കെട്ടിടത്തിന് തീ പിടിക്കുകയും പിന്നാലെ സ്ഫോടനം നടന്നതായും ഇറാനിയൻ സ്റ്റേറ്റ് ബ്രോഡ്‌കാസ്റ്ററായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. അമേരിക്കയുമായുള്ള അത്യന്തം വഷളായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലാണ് ഈ സംഭവം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നു.
തീപിടുത്തവും സ്ഫോടനവും
പരന്ദ് നദീതീരത്ത് സൈനിക ഗോഡൗണിന് സമീപമാണ് സംഭവമെന്നാണ് വിവരം. തീപിടിത്തമാണ് ഇതെന്ന് അഗ്നിശമന സേനയെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ വിശദീകരിക്കുന്നുണ്ടെങ്കിലും, ഇതിന് പിന്നാലെ ഉണ്ടായ സ്ഫോടനത്തെക്കുറിച്ച് ദുരൂഹത നിലനിൽക്കുന്നു. സമീപ ആഴ്ചകളിൽ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ഫോടന പരമ്പരകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മിക്ക സംഭവങ്ങളിലും വ്യക്തമായ വിശദീകരണം നൽകാൻ ഇറാനിയൻ അധികൃതർ തയ്യാറായിട്ടില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ തുടരുകയാണ്. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്
ഈ സ്ഫോടനങ്ങൾക്കിടയിലും അമേരിക്കയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി രംഗത്തെത്തി. തങ്ങളുടെ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് അമേരിക്കൻ യുദ്ധക്കപ്പലുകളെ കടലിൽ മുക്കുമെന്നാണ് ഖമേനിയുടെ മുന്നറിയിപ്പ്. അമേരിക്കയുടെ ഡസൻ കണക്കിന് യുദ്ധവിമാനങ്ങൾ മിഡിൽ ഈസ്റ്റിലേക്ക് വിന്യസിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരങ്ങൾ വ്യക്തമാക്കുന്നുണ്ട്. മേഖലയിൽ ഏകദേശം 50 യുദ്ധവിമാനങ്ങളെയാണ് യുഎസ് വിന്യസിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈൽ പരീക്ഷണം നടത്തുകയും ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ചെയ്തത് സംഘർഷം മൂർച്ഛിക്കാൻ കാരണമായിട്ടുണ്ട്. ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനിടയിലാണ് ഈ ശക്തിപ്രകടനം എന്നത് ശ്രദ്ധേയമാണ്. ടെഹ്‌റാനിലെ സ്ഫോടനങ്ങൾ ഈ സംഘർഷത്തിന്റെ ഭാഗമാണോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർ ഉറ്റുനോക്കുകയാണ്.












Click it and Unblock the Notifications