ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം; ദോഹയില്‍ സ്‌ഫോടനശബ്ദം: ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ്
ദോഹ: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഗള്‍ഫ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് ഖത്തറിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ ആക്രമണം. അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക ബേസിലേക്ക് ആറ് മിസൈലുകള്‍ വിക്ഷേപിച്ചതായി രാജ്യാന്തര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ ആക്രമണം ഉണ്ടായതായി ഖത്തറും സ്ഥിരീകരിച്ചു. മിസൈലുകളെ പ്രതിരോധിച്ചതായും ഖത്തര്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി. നിരവധി മലയാളികള്‍ ഉള്ള സ്ഥലമാണ് ഖത്തര്‍.
വിക്ഷേപണങ്ങള്‍ക്ക് തൊട്ടുപിന്നാലെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ സ്‌ഫോടനങ്ങള്‍ കേട്ടതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സും എഎഫ്പി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി ഉടനടി സ്ഥിരീകരണമില്ല. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നതായും സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നത് ശ്രദ്ധിക്കണമെന്നും പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി.

അതേസമയം, സ്‌ഫോടന ശബ്ദത്തിനൊപ്പം വലിയ കുലുക്കം അനുഭവപ്പെട്ടതായി ദോഹയിലെ മലയാളികള്‍ വാര്‍ത്ത മാധ്യമങ്ങളോടു പറഞ്ഞു. അപ്രതീക്ഷിതമായ ആക്രമണമായിരുന്നതിനാല്‍ പലരും പരിഭ്രാന്തരായി ഓടിമാറി. ആകാശത്ത് വച്ചുതന്നെ ഇറാന്‍ മിസൈലുകളെ പ്രതിരോധിച്ചതായി ഖത്തര്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ വ്യോമതാവളം ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പതിനായിരത്തോളം യുഎസ് സൈനികരെയും വിന്യസിച്ചിട്ടുണ്ട്. ഇറാക്കിലെ അമേരിക്കന്‍ താവളവും ഇറാന്‍ ആക്രമിച്ചതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബഹ്‌റൈനിലും മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി വ്യോമഗതാഗതം നിര്‍ത്തിവച്ചു. സുരക്ഷാ സൈറന്‍ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാനും പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പലര്‍ക്കും ഇത് ആദ്യത്തെ അനുഭവമായിരുന്നു. ആകാശത്ത് തീ ഗോളങ്ങള്‍ കടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഇറാന്‍ ആകാശത്തു വച്ചു
അതേസമയം, ഖത്തര്‍ തങ്ങളുടെ ആക്രമണ ലക്ഷ്യമല്ലെന്ന് ഇറാന്‍ വ്യക്തമാക്കി. സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്നും യുഎസ് സൈനിക ബേസ് മാത്രമാണ് ലക്ഷ്യമിടുന്നതെന്നും ഇറാന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്.
വ്യോമതാവളത്തിന് നേരേയുള്ള ഇറാന്‍ ആക്രമണത്തെ ഖത്തറും സൗദി അറേബ്യയും യുഎഇയും അപലപിച്ചു.
ഇറാന്റെ മൂന്ന് ആണവോര്‍ജ കേന്ദ്രങ്ങളിലാണ് യു എസ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ബോംബിട്ടത്. ഫോര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ ആണവ കേന്ദ്രങ്ങളിലായിരുന്നു അമേരിക്കയുടെ ആക്രമണം. ഇതിനു മറുപടിയായി ഇറാന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്ന് ഇറാന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നു. യുഎസ് ആക്രമണം നടന്ന് ഒരു ദിവസം പിന്നിടുമ്പോഴാണ് സംഘര്‍ഷം ഇറാനിലേക്കും വ്യാപിക്കുന്നത്.












Click it and Unblock the Notifications