ഇറാന്‍ മുന്നോട്ടുവെച്ച സമാധാന പദ്ധതി തള്ളി ട്രംപ്; നവംബറില്‍ ആക്രമണം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഇറാനെ ആക്രമിക്കാന്‍ അമേരിക്ക വീണ്ടും പദ്ധതി ഒരുക്കുന്നു. ഇറാന്‍ മുന്നോട്ട് വെച്ച സമാധാന പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഏഴ് ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കാനും ഹോര്‍മുസ് കടലിടുക്ക് പാത തുറക്കാനുമുള്ള പദ്ധതിയാണ് ഖത്തര്‍ വഴി ഇറാന്‍ അമേരിക്കക്ക് നല്‍കിയത്. എന്നാല്‍ നവംബറിലെ തിരഞ്ഞെടുപ്പിന് ശേഷം ഇറാനെതിരായ ആക്രമണം തുടങ്ങാന്‍ ട്രംപിന് പദ്ധതിയുണ്ടെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട്.
അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത വന്നിരിക്കുന്നത്. ഖത്തറിലെ മധ്യസ്ഥര്‍ മുഖേന സമാധാന പദ്ധതി അമേരിക്കക്ക് കൈമാറി എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി യുഎന്നില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സമാധാന സാധ്യത തെളിഞ്ഞു എന്ന രീതിയില്‍ പ്രചാരണവും വന്നു. തൊട്ടുപിന്നാലെയാണ് എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കി അമേരിക്ക പദ്ധതി തള്ളി എന്ന വിവരം.

ഇറാനെതിരായ നീക്കങ്ങള്‍ അമേരിക്ക അവസാനിപ്പിക്കണം, ആക്രമണം നിര്‍ത്തണം. എന്നാല്‍ ഹോര്‍മുസ് കടല്‍ പാത തുറക്കാം. ഏഴ് ദിവസത്തിനകം എല്ലാം സമാധാനത്തിലേക്ക് നീങ്ങുമെന്നായിരുന്നു ഇറാന്റെ സമാധാന പദ്ധതി. എന്നാല്‍ ഇറാനെതിരായ യുദ്ധം തുടരാനാണ് അമേരിക്കയുടെ നീക്കം. ഇറാനെ വീണ്ടും ആക്രമിക്കാന്‍ അമേരിക്ക ആലോചിക്കുന്നുണ്ട്.
നവംബറില്‍ അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഇറാനെതിരായ ആക്രമണവും പിന്നീട് രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിയും അമേരിക്കന്‍ ജനതക്കിടയില്‍ ട്രംപിന്റെ ജനപ്രീതി ഇടിച്ചു എന്നാണ് പ്രചാരണം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒരടി പിന്നോട്ട് വെച്ചിരിക്കുകയാണ് അമേരിക്ക. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആക്രമണം തുടരുന്നതോടെ ലോകം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.
അമേരിക്കയും ഇറാനും യഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ച ക്രിയാത്മകമായിരുന്നു എന്ന് ട്രംപ് പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ആലോചിക്കുന്നില്ല എന്നാണ് പുതിയ വാര്‍ത്തയില്‍ നിന്ന് വ്യക്തമാകുന്നത്. അമേരിക്കയുടെ ആവശ്യം ഇറാന്‍ അംഗീകരിച്ച് കീഴടങ്ങണം എന്നാണ് ട്രംപിന്റെ നിലപാടത്രെ.
മുന്നോട്ടുവച്ച സമാധാന പദ്ധതിയില്‍ അമേരിക്കയുടെ പ്രതികരണം ഇന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇറാന്‍. ഔദ്യോഗിക പ്രതികരണം ലഭിച്ച ശേഷം തുടര്‍നീക്കത്തിന് ഇറാനും ഒരുങ്ങുകയാണ്. എത്രകാലം വേണമെങ്കിലും യുദ്ധം ചെയ്യാന്‍ തയ്യാറാണ് എന്ന് ഇറാന്റെ വിപ്ലവ സേന വ്യക്തമാക്കുന്നു. ഇറാനെതിരായ സാമ്പത്തിക ഉപരോധം അമേരിക്ക ശക്തമാക്കിയിരിക്കെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇത് ആഗോള വിപണിയില്‍ വലിയ ചലനങ്ങള്‍ക്ക് ഇടയാക്കും.


Click it and Unblock the Notifications
