ഇന്ത്യയുടെ ബജറ്റ് കണ്ട് ഇറാന്‍ 'ഞെട്ടി'; ട്രംപ് ഇഫക്ടില്‍ നയാ പൈസയില്ല, കോളടിച്ചത് നേപ്പാളിനും ഭൂട്ടാനും
ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് അയല്‍രാജ്യങ്ങള്‍ക്കുള്ള ഇന്ത്യയുടെ സഹായം. അയല്‍രാജ്യങ്ങളെ കൂടെ നിര്‍ത്താനും സഹകരണം ശക്തമാക്കാനുമാണ് സര്‍ക്കാര്‍ ഇവര്‍ക്ക് ധനസഹായം അനുവദിക്കാറുള്ളത്. എന്നാല്‍ 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരണം പൂര്‍ത്തിയായപ്പോള്‍ തലയില്‍ കൈവച്ചവരില്‍ ഇറാനുമുണ്ട്.
ഇറാനിലെ ചബഹാര്‍ തുറമുഖം ഇന്ത്യയാണ് വികസിപ്പിക്കുന്നത്. ഓരോ ബജറ്റിലും നിശ്ചിത തുക ഈ തുറമുഖ വികസനത്തിന് നീക്കിവെക്കാറുണ്ട്. കഴിഞ്ഞ ബജറ്റില്‍ 400 കോടി നീക്കിവച്ചിരുന്നു. എന്നാല്‍ ഇത്തവണ ഫണ്ട് അനുവദിച്ചിട്ടില്ല. സമീപകാലത്ത് ആദ്യമായിട്ടാണ് ഇന്ത്യ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. ഇറാനുമായുള്ള ഇടപാടുകള്‍ നിര്‍ത്തണം എന്ന അമേരിക്കയുടെ നിര്‍ദേശമാണോ ഇതിന് കാരണം എന്ന് വ്യക്തമല്ല.

ഇന്ത്യയുടെ സഹായം ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് ഭൂട്ടാനാണ്. 2288 കോടി രൂപയാണ് ഭൂട്ടാന് അനുവദിച്ചിരിക്കുന്നത്. 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ ചബഹാര്‍ തുറമുഖത്തിന് 400 കോടി അനുവദിച്ചിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റില്‍ 100 കോടി അനുവദിക്കുകയും പിന്നീട് 400 കോടിയാക്കി ഉയര്‍ത്തുകയും ചെയ്തു. ഇത്തവണ ഒരു തുകയും വകയിരുത്തിയിട്ടില്ല.
ഇന്ത്യയും ഇറാനും തമ്മില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാറാണ് ചബഹാര്‍ തുറമുഖ വികസനവുമായി ബന്ധപ്പെട്ടുള്ളത്. പാകിസ്താനെ ആശ്രയിക്കാതെ അഫ്ഗാനിലേക്കും മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കും ചരക്കുകള്‍ എത്തിക്കാന്‍ ഇന്ത്യയെ സഹായിക്കുന്ന പദ്ധതിയാണ് ചബഹാര്‍ തുറമുഖം. എന്നാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപനമില്ലാത്തത് അമേരിക്കയെ പിണക്കേണ്ടെന്ന് കരുതിയാകും എന്ന സൂചനയുണ്ട്.
ബംഗ്ലാദേശിനുള്ള തുക കുറച്ചു
ഇറാനുമായി വ്യാപാരം നടത്തുന്നവര്‍ക്ക് 25 ശതമാനം ചുങ്കം ചുമത്തുമെന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. മാത്രമല്ല, ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പകരം വെനസ്വേലയുടെ എണ്ണ ഇന്ത്യ വാങ്ങുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ബജറ്റിന് മുമ്പ് വന്ന ട്രംപിന്റെ പ്രഖ്യാപനം ഇറാനുള്ള സഹായം കുറയ്ക്കുമെന്ന സൂചന കൂടിയായിരുന്നു.
വിവിധ രാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് ഇന്ത്യ ഓരോ ബജറ്റിലും തുക നീക്കിവയ്ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 5483 കോടി രൂപയാണ് നീക്കിവച്ചത്. ഇത്തവണ 5686 കോടിയായി വര്‍ധിപ്പിച്ചു. ബംഗ്ലാദേശിന് കഴിഞ്ഞ വര്‍ഷം 120 കോടി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 34 കോടി രൂപയായി കുറച്ചു. ഈ വര്‍ഷം 60 കോടിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
അഫ്ഗാനിസ്താന് 150 കോടി പ്രഖ്യാപിച്ചിട്ടുള്ളത്. നേപ്പാളിന് 800 കോടി, മാലദ്വീപിന് 550 കോടി, ശ്രീലങ്കയ്ക്ക് 400 കോടി, മ്യാന്മറിന് 300 കോടി, മംഗോളിയക്ക് 25 കോടി, ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് 225 കോടി, മൗറീഷ്യസിന് 550 കോടി, സീഷല്‍സിന് 19 കോടി എന്നിങ്ങനെയാണ് കേന്ദ്ര ബജറ്റില്‍ നീക്കിവച്ചിരിക്കുന്ന തുക.












Click it and Unblock the Notifications