ഖത്തര്‍ വഴിയുള്ള നീക്കം വിജയം; ഇറാനെ ഞെട്ടിച്ചത് ആ മൂന്ന് പേരുടെ തീരുമാനം, ലാഭം ആര്‍ക്ക്
ദോഹ: രണ്ട് വര്‍ഷം നീണ്ട ചര്‍ച്ചയ്ക്ക് ഒടുവിലാണ് തടവുകാരെ കൈമാറാന്‍ ഇറാനും അമേരിക്കയും ധാരണയായത്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹീം റെയ്‌സിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാന്‍ ഒരുങ്ങവെയാണ് കരാര്‍ നടപ്പായത് എന്നതും ശ്രദ്ധേയം. അതിനിടെ ഇറാന്‍ പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യം സംഭവിച്ചു.
ഖത്തര്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച വിജയത്തിലെത്തിച്ചത്. പരസ്പരം തടവുകാരെ കൈമാറാനും തടഞ്ഞുവച്ച ഇറാന്റെ പണം വിട്ടുകൊടുക്കാനും അമേരിക്ക തയ്യാറായി. പകരം അമേരിക്കയുടെ അഞ്ച് തടവുകാരെ ഇറാന്‍ വിട്ടയക്കാനും സന്നദ്ധത പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും അഞ്ച് വീതം തടവുകാരെ വിട്ടയക്കാന്‍ തീരുമാനിച്ചെങ്കിലും ഇറാന്‍കാരുടെ തീരുമാനം മറിച്ചായിരുന്നു.

തടവുകാരെ കൈമാറുന്ന കരാര്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇറാനും അമേരിക്കയും ഒപ്പുവച്ചത്. തിങ്കളാഴ്ച കരാര്‍ പ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയായി. ഇറാനിലെ കുപ്രസിദ്ധമായ ഇവിന്‍ ജയിലിലായിരുന്നു അഞ്ച് അമേരിക്കക്കാരെ തടവിലിട്ടിരുന്നത്. ഇവര്‍ ടെഹ്‌റാനില്‍ നിന്ന് ഖത്തറിലെ ദോഹയില്‍ വിമാനമിറങ്ങി. അതിന് മുമ്പേ ഇറാന് പണം നല്‍കി കഴിഞ്ഞിരുന്നു.
ഇറാന്‍ അഞ്ച് അമേരിക്കക്കാരെ വിട്ടയക്കുമ്പോള്‍ അമേരിക്ക അഞ്ച് ഇറാന്‍കാരെ വിട്ടയക്കാമെന്നായിരുന്നു കരാര്‍. ഇതിന് പുറമെയാണ് തടഞ്ഞുവച്ച 600 കോടി ഡോളര്‍ അമേരിക്ക ഇറാന് വിട്ടുകൊടുക്കാന്‍ തയ്യാറായത്. ദക്ഷിണ കൊറിയയുടെ കൈവശമായിരുന്നു ഈ പണം. തുക ഖത്തറിലെ കേന്ദ്രബാങ്കിലേക്ക് ദക്ഷിണ കൊറിയ കൈമാറി. തൊട്ടുപിന്നാലെ ഇറാനില്‍ നിന്ന് യുഎസ് തടവുകാര്‍ ദോഹയിലെത്തി.
ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ എണ്ണ വാങ്ങിയവര്‍ക്ക് ഇതോടെ പണം കൈമാറ്റം ചെയ്യാന്‍ സാധിച്ചില്ല. പല രാജ്യങ്ങളിലായി പണം കെട്ടിക്കിടന്നു. ഇത്തരത്തില്‍ ദക്ഷിണ കൊറിയയില്‍ നിന്ന് ലഭിക്കാനുണ്ടായിരുന്ന 600 കോടി ഡോളറാണ് അമേരിക്ക അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഖത്തറിലെ ബാങ്കിലെത്തിയത്.
പണം കൈമാറിയത് തടവുകാരെ കൈമാറുന്നതിന് പകരമല്ല എന്നായിരുന്നു ഇറാന്റെ പ്രതികരണം. അഞ്ച് വീതം തടവുകാരെ കൈമാറുന്നതാണ് കരാര്‍ എന്നും ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ രണ്ട് തടവുകാര്‍ മാത്രമാണ് ഇറാനിലേക്ക് വരുന്നത്. മോചിതരായെങ്കിലും മൂന്ന് പേര്‍ ഇറാനിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. അവര്‍ അമേരിക്കയില്‍ തന്നെ തുടരാനാണ് താല്‍പ്പര്യപ്പെടുന്നതത്രെ.
ഖത്തറിന് കൈമാറിയ പണം ഇറാന് ഏത് സമയവും പിന്‍വലിക്കാന്‍ സാധിക്കും. എന്നാല്‍ മരുന്ന്, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവസ്യങ്ങള്‍ക്ക് മാത്രമേ പണം വിനിയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. ആയുധ നിര്‍മാണത്തിനോ മറ്റോ പാടില്ല. ഇക്കാര്യം ഖത്തര്‍ ഉറപ്പ് വരുത്തും. പ്രതിസന്ധി നേരിടുന്ന ഇറാന് പണം ലഭിക്കുന്നത് വലിയ ആശ്വാസമാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇറാന്റെ പണം തന്നെയാണ് കൈമാറിയത് എന്നതിനാല്‍ നഷ്ടമില്ല. തടവുകാരെ വിട്ടുകിട്ടുകയും ചെയ്തു.












Click it and Unblock the Notifications