2024 മുതല്‍ തടവിലായിരുന്ന അമേരിക്കന്‍ വനിതയെ മോചിപ്പിച്ച് ഇറാന്‍; നന്ദി അറിയിച്ച് ട്രംപ്
2024 മുതല്‍ തടവിലായിരുന്ന അമേരിക്കന്‍ വനിതയെ ഇറാന്‍ മോചിപ്പിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2024 ഡിസംബര്‍ മുതല്‍ രണ്ട് വര്‍ഷത്തോളം അന്യായമായി തടവിലാക്കപ്പെട്ട ഒരു അമേരിക്കന്‍ പൗരയെ മോചിപ്പിക്കാന്‍ ഇറാന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. അമേരിക്കന്‍-ഇറാനിയന്‍ ഇരട്ട പൗരത്വമുള്ള ഡീന കരാരി എന്ന സ്ത്രീയാണ് മോചിപ്പിക്കപ്പെട്ടത്.
'അവര്‍ ഇപ്പോള്‍ സുരക്ഷിതമായി ഇറാനില്‍ നിന്ന് പുറത്തുകടന്നു, ആരോഗ്യവതിയുമാണ്,' ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇറാന്റെ ഈ സദുദ്ദേശപരമായ നടപടിയെ അമേരിക്ക അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ജോ ബൈഡന്റെ ഭരണകാലത്ത്, അതായത് 2024 ഡിസംബറില്‍, അന്യായമായി തടവിലാക്കപ്പെട്ട ഒരു അമേരിക്കന്‍ പൗരയെ രാജ്യം വിടാന്‍ ഇറാന്‍ അനുവദിച്ചു. അവര്‍ ഇപ്പോള്‍ സുരക്ഷിതമായി ഇറാനു പുറത്താണ്, ആരോഗ്യവതിയുമാണ്,' ട്രംപ് പറഞ്ഞു.

ഇറാനിനെതിരെ അമേരിക്ക പുതിയ ആക്രമണങ്ങള്‍ നടത്തുന്നതിനിടയിലാണ് ട്രംപിന്റെ ഈ പ്രഖ്യാപനം വന്നത്. ഡീന കരാരിയുടെ അഭിഭാഷകന്‍ ജാരെഡ് ജെന്‍സറും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. 2024-ല്‍ കുടുംബത്തെ സന്ദര്‍ശിക്കാനായി ഇറാനില്‍ എത്തിയതായിരുന്നു ഡീന കരാരി. എന്നാല്‍ അതിന് ശേഷം ഇറാന്‍ വിടുന്നതില്‍ നിന്ന് അവരെ വിലക്കി.
ഡീന കരാരി സുരക്ഷിതയാണ് എന്നും അമേരിക്കയിലേക്ക് മടങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന വിവരം അറിയിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് ജെന്‍സര്‍ പറഞ്ഞു. ട്രംപിന്റെ നിരന്തരമായ പരിശ്രമം കാരണമാണ് മോചനം സാധ്യമായത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
'നിര്‍ബന്ധിത യാത്രാവിലക്ക് നിലനില്‍ക്കെ, ഇറാനിലെ ഇന്റലിജന്‍സ് ആന്‍ഡ് സെക്യൂരിറ്റി മന്ത്രാലയം അവരെ നിരവധി തവണ ചോദ്യം ചെയ്തു. ശാരീരികമായി തടവിലാക്കപ്പെട്ടില്ലെങ്കിലും, അവര്‍ക്ക് കടുത്ത ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടേണ്ടിവന്നു,' ജെന്‍സര്‍ പറഞ്ഞു. ഡീന കരാരി ഒരു അമേരിക്കന്‍ ടെക് കമ്പനിയില്‍ ജോലി ചെയ്യുന്നയാളും ഇറാനിലെ അവശത അനുഭവിക്കുന്ന കുട്ടികള്‍ക്കായി ഒരു ചാരിറ്റി സംഘടന നടത്തുന്നയാളുമാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2025-ല്‍ ഇസ്രായേലിനൊപ്പം ചേര്‍ന്ന് അമേരിക്ക ഇറാനില്‍ ബോംബാക്രമണം നടത്തിയതിന് പിന്നാലെ, അവര്‍ക്കെതിരെ ചാരവൃത്തിക്കുറ്റം ചുമത്തപ്പെട്ടു. 'ദി എക്‌സ്ട്രാക്റ്റര്‍' (മോചിപ്പിക്കുന്നയാള്‍) എന്ന വിളിപ്പേരുള്ള മനുഷ്യാവകാശ അഭിഭാഷകനായ ജെന്‍സര്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ 20 രാജ്യങ്ങളില്‍ നിന്നായി 340-ലധികം രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.


Click it and Unblock the Notifications