ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ; പ്രകോപിപ്പിച്ചത് ലെബനനിലെ ഇസ്രായേൽ ആക്രമണം
ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ .തെക്കൻ ലെബനനിൽ ഇസ്രായേൽ സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ഇറാൻ്റെ നീക്കം. അടുത്തിടെ ഒപ്പുവച്ച യുഎസ്-ഇറാൻ ധാരണാപത്രത്തിലെ വ്യവസ്ഥകൾ അമേരിക്ക ലംഘിച്ചതായും ഇറാൻ കുറ്റപ്പെടുത്തി.
കരാറിലെ ആദ്യ വ്യവസ്ഥ നടപ്പാക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടുവെന്നും കടുത്ത വിശ്വാസലംഘനം നടന്നുവെന്നും ഇറാൻ സ്റ്റേറ്റ് മീഡിയയിൽ പങ്കുവെച്ച പ്രസ്താവനയിൽ സൈനിക കമാൻഡ് ആരോപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കാനുള്ള തീരുമാനം എടുത്തതെന്നും പ്രസ്താവനയിൽ പറഞ്ഞു.

ഇത് ആദ്യ ഘട്ടം മാത്രമാണെന്നും ആക്രമണം തുടരുകയാണെങ്കിൽ തുടർ നടപടികൾക്ക് പദ്ധതിയിട്ടിട്ടുണ്ടെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, ഹോർമുസ് കടലിടുക്കിന് സമീപം പോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കപ്പലുകളുടെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാകുമെന്നാണ് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ തെക്കൻ ലെബനനിൽ വെടിനിർത്തൽ കരാർ നിലവിലുണ്ടെങ്കിലും സംഘർഷം കൂടുതൽ രൂക്ഷമായി തുടരുകയാണ്. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ സാധാരണക്കാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ശനിയാഴ്ച നടന്ന ആക്രമണങ്ങളിൽ മാത്രം കുറഞ്ഞത് 16 പേർ മരിച്ചതായും, ഇതിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വെടിനിർത്തൽ കരാർ ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നുവെന്ന് ഹിസ്ബുള്ള ആരോപിച്ചു. എന്നാൽ ഹിസ്ബുള്ള 50-ലധികം പ്രോജക്ടൈലുകൾ ഇസ്രായേലിലേക്ക് പ്രയോഗിച്ചതായും അതിന് മറുപടിയായാണ് തങ്ങൾ ആക്രമണം നടത്തിയതെന്നുമാണ് ഇസ്രായേലിൻ്റെ വിശദീകരണം.
ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷത്തിൽ ഇതുവരെ 4000 പേർ മരിച്ചെന്നാണ് ലെബനൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ . സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സ്ഥിതി കൂടുതൽ അപകടകരമായ നിലയിലേക്കാണ് നീങ്ങുന്നതെന്നും ലെബനീസ് അധികൃതർ പറഞ്ഞു.മധ്യപൂർവ്വേഷ്യയിൽ സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി യു.എസും ഇറാനും തമ്മിൽ ഡിജിറ്റൽ മാർഗത്തിലൂടെ സമാധാനകരാർ ഒപ്പുവെച്ചത് അന്താരാഷ്ട്ര തലത്തിൽ പ്രതീക്ഷ ഉയർത്തിയിരിക്കെയാണ് വീണ്ടും സാഹചര്യം വഷളായത്. ഈ വെള്ളിയാഴ്ച സ്വിറ്റ്സർലൻഡിൽ ഇരുരാജ്യങ്ങളും കരാറിന്റെ അന്തിമ ചർച്ചകൾ നടത്താനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ.
ഇസ്രായേൽ ലെബനനിൽ സൈനിക ആക്രമണം അവസാനിപ്പിക്കാതെ കരാർ യാഥാർത്ഥ്യമാകില്ലെന്ന നിലപാടിലാണ് ഇറാൻ. ഇസ്രായേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഇന്നലെ തന്നെ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ വ്യക്തമാക്കിയിരുന്നു.തുടർന്ന് മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമായ സാഹചര്യത്തിൽ യുഎസ് ഇടപെട്ട് ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ന് സ്ഥിതി വീണ്ടും വഷളായതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്.












Click it and Unblock the Notifications