അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു
പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ തലത്തിലേക്ക് നീങ്ങുന്നു. ഹോർമുസ് കടലിടുക്കിന് സമീപം വച്ച് അമേരിക്കയുടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ സൈന്യം വെടിവെച്ചിട്ടു. യുഎസ് വ്യോമസേനയുടെ കരുത്തുറ്റ എ-10 തണ്ടർബോൾട്ട് II (A-10 Thunderbolt II) വിമാനമാണ് ശനിയാഴ്ച ആക്രമിക്കപ്പെട്ടത്. വിമാനം തകർന്നെങ്കിലും പൈലറ്റ് പാരഷൂട്ട് വഴി പുറത്തേക്ക് ചാടി രക്ഷപ്പെടുകയും അദ്ദേഹത്തെ അമേരിക്കൻ സേന ഉടൻ തന്നെ സുരക്ഷിതമായി കണ്ടെത്തുകയും ചെയ്തു. പൈലറ്റിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷം അദ്ദേഹം നിരീക്ഷണത്തിലാണെന്നും സൈനിക വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ ഒരു ദിവസത്തിനിടെ ഇറാൻ വെടിവെച്ചിടുന്ന രണ്ടാമത്തെ അമേരിക്കൻ യുദ്ധവിമാനമാണിത് എന്നത് പെന്റഗണിനെ വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുണ്ട്. നേരത്തെ ഒരു എഫ്-15ഇ (F-15E) സ്ട്രൈക്ക് ഈഗിൾ വിമാനവും സമാനമായ സാഹചര്യത്തിൽ ഇറാൻ അതിർത്തിക്കുള്ളിൽ വെച്ച് തകർക്കപ്പെട്ടിരുന്നു. ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, "ഇതൊരു യുദ്ധമാണ്" എന്ന് എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. യുദ്ധസമയത്ത് ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, വിമാനങ്ങൾ വെടിവെച്ചിട്ടത് ഇറാനുമായി നിലവിൽ നടന്നു വരുന്ന ചർച്ചകളെ ബാധിക്കില്ലെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, പൈലറ്റുമാരെ ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. നേരത്തെ തകർക്കപ്പെട്ട എഫ്-15ഇ വിമാനത്തിലെ രണ്ട് ക്രൂ അംഗങ്ങളിൽ ഒരാളെ അമേരിക്കൻ സേന സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും രണ്ടാമത്തെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമില്ല. കാണാതായ ഈ സൈനികനെ ജീവനോടെയോ അല്ലാതെയോ പിടികൂടി ഏൽപ്പിക്കുന്നവർക്ക് ഇറാൻ ഭരണകൂടം വൻ തുക പ്രതിഫലം പ്രഖ്യാപിച്ചത് അമേരിക്കയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് രണ്ടാമത്തെ വിമാനത്തിന് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. എന്നാൽ രണ്ടാമത്തെ വിമാനത്തിലെ പൈലറ്റിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത് അമേരിക്കൻ സേനയ്ക്ക് വലിയ ആശ്വാസമായി.
ഹോർമുസ് കടലിടുക്ക് തുറക്കുമെന്നും അവിടുത്തെ എണ്ണസമ്പത്ത് കൈക്കലാക്കുമെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ഭീഷണി മുഴക്കിയിട്ടുണ്ട്. മേഖലയിൽ ഇസ്രായേൽ സേനയുടെ കൂടി സഹായത്തോടെ അതിശക്തമായ തിരച്ചിലും നിരീക്ഷണവുമാണ് നിലവിൽ തുടരുന്നത്. ഇറാൻ അതിർത്തിക്കുള്ളിൽ പൈലറ്റിനെ കണ്ടെത്താനുള്ള ദൗത്യം അതീവ രഹസ്യമായാണ് പുരോഗമിക്കുന്നത്. ഏത് നിമിഷവും ഒരു വലിയ സൈനിക തിരിച്ചടി ഉണ്ടായേക്കാമെന്ന ഭീതിയിലാണ് ഗൾഫ് രാജ്യങ്ങൾ. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിച്ച് അഞ്ച് ആഴ്ച പിന്നിടുമ്പോൾ ഇതാദ്യമായാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിടുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വരും ദിവസങ്ങളിൽ അമേരിക്കയുടെ നീക്കം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മേഖലയുടെ ഭാവി.












Click it and Unblock the Notifications