ജാഗ്രത വേണം, അനാവശ്യമായി പുറത്തിറങ്ങരുത്; മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ന്യൂഡല്‍ഹി: ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ലെബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ബെയ്റൂട്ടിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ പൗരന്മാരോട് കര്‍ശനമായി ഉപദേശിച്ചിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. അതിനിടെ ഇസ്രയേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഓഗസ്റ്റ് 8 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷിതമായ സ്ഥലങ്ങളില്‍ തങ്ങണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ പൗരന്മാരോട് എംബസി നിര്‍ദേശിച്ചു.

അടിയന്തര സാഹചര്യത്തില്‍ എംബസ്സിയിലെ 24*7 ഹെല്‍പ്ലൈനുമായി ബന്ധപ്പെടാം. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രയേല്‍ അധികാരികളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നും എംബസി വ്യക്തമാക്കി. ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമായി വന്നാല്‍ +972-547520711, +972-543278392 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
[email protected]. എന്ന ഇ-മെയില്‍ ഐഡിയും ഇന്ത്യന്‍ എംബസി പങ്കുവെച്ചു. എംബസിയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായുള്ള ലിങ്കും പങ്കുവെച്ചിട്ടുണ്ട്. ഒന്നിലധികം ഭാഷയിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാനും ഹമാസും ആരോപിക്കുന്നത്.
ഇതിന് പിന്നാലെ ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ഉത്തരവിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതോടെയാണ് മേഖലയില്‍ പിരിമുറുക്കം ശക്തമായത്. ചൊവ്വാഴ്ച ബെയ്റൂട്ടില്‍ വെച്ച് ഹിസ്ബുള്ള കമാന്‍ഡര്‍ ഫുവാദ് ഷുക്കറിനെ ഇസ്രായേല്‍ വധിച്ചിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ ഇറാന്റെ തലസ്ഥാനത്ത് വെച്ച് കൊല്ലപ്പെട്ടു.
അതിനിടെ മേഖലയില്‍ വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങളെക്കുറിച്ച് താന്‍ വളരെയധികം ആശങ്കാകുലനാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ഇസ്രായേലിനോട് ശത്രുത പുലര്‍ത്തുന്ന ടെഹ്റാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ സഖ്യമായ 'എക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്' എന്ന് വിളിക്കപ്പെടുന്ന പ്രതിനിധികളുമായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ടെഹ്റാനില്‍ കൂടിക്കാഴ്ച നടത്തിയതായി ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. അതിനിടെ പ്രതിരോധപരവും ആക്രമണാത്മകവുമായ ഏത് സാഹചര്യത്തിനും ഇസ്രായേല്‍ സജ്ജമാണ് എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയില്‍ പറഞ്ഞു.












Click it and Unblock the Notifications