യുദ്ധം പുതിയ തലത്തിലേക്ക്; ഇറാന്‍ സ്റ്റേറ്റ്‌സ് ടിവി ആക്രമിച്ച് ഇസ്രായേല്‍, തിരിച്ചടിക്കൊരുങ്ങി ഇറാന്‍
ടെഹ്‌റാന്‍: ഇറാനില്‍ അതിരൂക്ഷമായ ആക്രമണം പുനരാരംഭിച്ച് ഇസ്രായേല്‍. ഇറാന്റെ ഔദ്യോഗിക ടിവിയായ സ്‌റ്റേറ്റ്‌സ് ടിവി ആസ്ഥാനത്ത് ആണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. തത്സമയ സംപ്രേഷണത്തിനിടെയായിരുന്നു ആക്രമണം. മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് വിവരം. വാര്‍ത്താ അവതരണത്തിനിടെ ആസ്ഥാനത്ത് മിസൈല്‍ വന്ന് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതിനിടെ അല്‍പസമയത്തിനകം അവതാരക തിരിച്ചെത്തി ഇനിയും ആക്രമിക്കാന്‍ വെല്ലുവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇസ്രായേല്‍ ആക്രമണത്തെത്തുടര്‍ന്ന് ഐആര്‍ഐബി കനത്ത കറുത്ത പുകയില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങള്‍ ഇറാനിയന്‍ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ, പടിഞ്ഞാറന്‍ ടെഹ്റാനിലെ ഒരു സൈനിക താവളത്തിലും ഇസ്രായേല്‍ ആക്രമണം നടത്തിയിരുന്നു.

ഇറാന്‍ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടു. ഇറാനിയന്‍ തലസ്ഥാനത്തെ സൈനിക ലക്ഷ്യങ്ങള്‍ ആക്രമിച്ചതിനാല്‍ ഇസ്രായേല്‍ സൈന്യം ടെഹ്റാനിലെ സാധാരണക്കാരോട് ഒഴിഞ്ഞുമാറാന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ടെല്‍ അവീവില്‍ ഇറാനും ആക്രമണം തുടങ്ങിയിട്ടുണ്ട് എന്നാണ് വിവരം. ജൂണ്‍ 13 നാണ് ഓപ്പറേഷന്‍ റൈസിംഗ് ലയണ്‍ എന്ന പേരില്‍ ഇസ്രായേല്‍ ഇറാനില്‍ ബോംബാക്രമണം ആരംഭിച്ചത്.
ടെഹ്റാന്‍ ഒരു ആണവ ബോംബ് നിര്‍മ്മിക്കുന്നതിന്റെ വക്കിലാണെന്നും ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ ലക്ഷ്യമിടുന്നുവെന്നും പറഞ്ഞ് കൊണ്ടായിരുന്നു ഇസ്രായേല്‍ ആക്രമണം. അതേസമയം സംഘര്‍ഷം രൂക്ഷമാകുകയും ഇരു രാജ്യങ്ങളിലെയും സാധാരണക്കാര്‍ അഭയം തേടി ഓടുകയും ചെയ്യുന്ന സാഹചര്യത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പാതയിലാണെന്ന് ഇസ്രായേല്‍ അറിയിച്ചു.
ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ നിന്ന് പുറപ്പെടുന്ന ഹൈവേകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇസ്രായേലിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ താമസക്കാര്‍ വീടുകള്‍ ഉപേക്ഷിച്ച് ചെറിയ പട്ടണങ്ങളിലേക്ക് പോകുകയാണ്. ടെല്‍ അവീവിലും ജറുസലേമിലും ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണങ്ങളെത്തുടര്‍ന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകളും സമാനമായ മുന്നറിയിപ്പ് നല്‍കി, ഇറാന്റെ സ്റ്റേറ്റ് ടിവി, പോലീസ് ആസ്ഥാനം, മൂന്ന് വലിയ ആശുപത്രികള്‍ എന്നിവ ഉള്‍പ്പെടുന്ന മധ്യ ടെഹ്റാനിലെ 330,000 ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ജൂണ്‍ 13 ന് ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 224 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു.
അതേസമയം, മേഖലയിലുടനീളം ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ 24 പേര്‍ കൊല്ലപ്പെടുകയും 400 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ അറിയിച്ചു.












Click it and Unblock the Notifications