ഇസ്രായേല്‍ മിസൈല്‍ ഇറാന്‍ വിമാനത്താവളത്തില്‍ പതിച്ചു: ഇനി തുറന്ന യുദ്ധമോ? ആശങ്ക
വാഷിംഗ്ടൺ: ഇറാന്‍ - ഇസ്രായേല്‍ സംഘർഷ ഭീതി ശക്തമാക്കി ഇസ്രായേല്‍ മിസൈല്‍ ഇറാനില്‍ പതിച്ചു. സിറിയയിലെ തങ്ങളുടെ എംബസി ആക്രമിച്ച് ഉന്നത ഉദ്യോഗസ്ഥരെ വധിച്ച ആക്രമണത്തിന് മറുപടിയായി ഇസ്രായേലില്‍ ഇറാന്‍ വ്യോമ ആക്രമണം നടത്തിയിരുന്നു. ഇതിന് ഇസ്രായേലിന്റെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്ന സൂചന ശക്തമായിരുന്നു.
ഇസ്രായേല്‍ വിക്ഷേപിച്ച മിസൈലുകള്‍ ഇറാനിലെ കേന്ദ്രത്തില്‍ പതിച്ചതായി ഒരു യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ ബി സി ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ നഗരമായ ഇസഫഹാനിലെ ഒരു വിമാനത്താവളത്തിൽ സ്‌ഫോടനത്തിൻ്റെ ശബ്ദം കേട്ടെങ്കിലും കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറാൻ്റെ വാർത്താ ഏജൻസിയായ ഫാർസ് വ്യക്തമാക്കുന്നത്.

ഇറാൻ്റെ യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുടെ കേന്ദ്രബിന്ദുവായ നതാൻസ് ഉൾപ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകൾ ഇസ്ഫഹാൻ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് ശ്രദ്ധേയം. ആക്രമണ ഭീഷണി ശക്തമായതോടെ ഇറാൻ്റെ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കുന്ന നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
ദമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്. ഇതിന് മറുപടിയായിട്ട് ഇസ്രായേലിന്റെ വിമാനത്താവളമായിരുന്നു ഇറാന്‍ ലക്ഷ്യമിട്ടത്. സംഘർഷ സാഹചര്യത്തില്‍ ഇന്ത്യയെ കൂടാതെ ഫ്രാൻസ്, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇസ്രായേല്‍ തങ്ങളുടെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടാല്‍ സമാനമായി തിരിച്ചടിക്കുമെന്ന് ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കമാൻഡർ ജനറൽ അഹ്മദ് ഹഗ്തലാബ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേൽ ആണവ സംവിധാനങ്ങളെ സംബന്ധിച്ച് ആവശ്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
അതേസമയം, സംഘർഷ സാഹചര്യത്തില്‍ ഇറാനെതിരെ അമേരിക്ക കൂടുതൽ ഉപരോധം ഏർപ്പെടുത്തി ഇസ്രായേലിനെതിരായ മിസൈൽ, ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ഇറാൻ സൈനിക വിഭാഗമായ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്, ഇറാൻ പ്രതിരോധ മന്ത്രാലയം, മിസൈൽ, ഡ്രോൺ എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ എന്നിവയുടെ നേതാക്കളെ ലക്ഷ്യമിട്ടാണ് ഉപരോധമെന്നും യു എസ് പ്രസിഡന്റ് ബൈഡൻ പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications