ഖത്തര്‍ ബാങ്കിലെ 600 കോടി; ഇറാന്റെ ആവശ്യം അമേരിക്ക അംഗീകരിച്ചേക്കും, പുതിയ ഫോര്‍മുല
യുദ്ധം അവസാനിപ്പിക്കാന്‍ പാകിസ്താനും ഖത്തറും മധ്യസ്ഥത വഹിക്കുന്ന ചര്‍ച്ചയ്ക്ക് വേഗത കൂടി. അമേരിക്കയും ഇറാനും നിര്‍ദേശിച്ച വിഷയങ്ങളിലാണ് ചര്‍ച്ചയ്ക്ക് കളമൊരുക്കുന്നത്. ഇറാന്റെ ആണവ പദ്ധതിയാണ് അമേരിക്ക മുന്നോട്ട് വെക്കുന്ന പ്രധാന വിഷയം. തടഞ്ഞുവച്ച വരുമാനം വിട്ടുകിട്ടുന്നതാണ് ഇറാന്റെ പ്രധാന ആവശ്യം.
പാകിസ്താന്‍ സൈനിക മേധാവി അസിം മുനീര്‍ ഇറാനിലെത്തി മധ്യസ്ഥ ചര്‍ച്ച നടത്തി എന്നാണ് പുതിയ വിവരം. ഇനിയും യുദ്ധം ശക്തമാകുന്നത് ആഗോള സുസ്ഥിരതയ്ക്ക് തിരിച്ചടിയാകുമെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ ഓര്‍മിപ്പിച്ചിരുന്നു. ചര്‍ച്ചകളിലൂടെ പരിഹാരം കാണുന്നതിനെ എപ്പോഴും സ്വാഗതം ചെയ്യുന്നു എന്നും ഭീഷണികള്‍ വേണ്ട എന്നുമാണ് ഇറാന്റെ നിലപാട്.

ഇറാന്റെ ആണവ പദ്ധതിയില്‍ ചര്‍ച്ച വേണം എന്നതാണ് അമേരിക്ക മുന്നോട്ട് വെക്കുന്ന ആവശ്യം. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക് മിന്നല്‍ പരിശോധന നടത്താന്‍ അനുമതി നല്‍കാമെന്ന് ഇറാന്‍ സമ്മതിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. തടഞ്ഞുവച്ച തങ്ങളുടെ പണം വിട്ടുകിട്ടണം എന്നു ഇറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാന് എണ്ണ വിറ്റ വകയില്‍ ലഭിക്കേണ്ട 600 കോടി ഡോളറാണ് ഖത്തറിന്റെ കേന്ദ്ര ബാങ്കിലുള്ളത്. അമേരിക്കന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി കൈമാറിയതാണ് ഈ പണം. എന്നാല്‍ സിവിലിയന്‍ ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുണ്ട്. ഇറാന് കൈമാറുന്നതിന്റെ ഭാഗമായിട്ടാണ് ഖത്തറിലെ ബാങ്കിലേക്ക് മാറ്റിയത്. അവസാന നിമിഷം അമേരിക്ക ഇടപെട്ട് പണത്തിന്റെ കൈമാറ്റം തടയുകയായിരുന്നു.
2023ലാണ് 600 കോടി ഡോളര്‍ ഖത്തറിലെ ബാങ്കിലേക്ക് ദക്ഷിണ കൊറിയ മാറ്റിയത്. എണ്ണ ഇടപാടിന്റെ ഭാഗമായിരുന്നു തുക. ഇത് ഇറാന് കൈമാറുന്നതിന് തൊട്ടുമുമ്പ് അമേരിക്ക തടയുകയായിരുന്നു. ഈ പണം തങ്ങള്‍ക്ക് വിട്ടുകിട്ടണം എന്നാണ് ഇറാന്റെ ആവശ്യം. എന്നാല്‍ ഭാഗികമായി കൈമാറാന്‍ അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പകരം ഇറാന്റെ ആണവ പദ്ധതിയില്‍ വിട്ടുവീഴ്ച വേണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു.
അമേരിക്കയുടെ നിര്‍ദേശങ്ങള്‍ അസിം മുനീര്‍ ഇറാനെ അറിയിച്ചു. സമവായ ശ്രമങ്ങളുമായി ഖത്തറും ഇടപെടുന്നുണ്ട്. ഈ ഉപാധികള്‍ ഔദ്യോഗികമായി ഇറാനും അമേരിക്കയും അംഗീകരിച്ചാല്‍ പ്രത്യക്ഷ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും. ഇതോടെയാണ് സമാധാനത്തിന് സാധ്യതയേറുക. ഇരുഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായാല്‍ മാത്രമാണ് സമാധാനം പുലരുക. ഇനിയും മറ്റൊരു യുദ്ധം ലോകം താങ്ങില്ലെന്ന് ഖത്തര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം, ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ ഇസ്രായേല്‍ പദ്ധതി ഒരുക്കി എന്ന് വാര്‍ത്തകളുണ്ട്. എന്നാല്‍ അമേരിക്ക തടയുകയായിരുന്നുവത്രെ. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന സാഹച്യത്തില്‍ അമേരിക്കയില്‍ സാമ്പത്തിക ഞെരുക്കം കൂടുതല്‍ ശക്തമാകുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഡൊണാള്‍ഡ് ട്രംപും റിപബ്ലിക്കന്‍ പാര്‍ട്ടിയും.


Click it and Unblock the Notifications
