വെടിനിര്‍ത്തലിന് പിന്നാലെ ഇറാന്‍-യുഎസ് വാക്‌പോര്; ഖമേനിയെ താന്‍ രക്ഷിച്ചെന്ന് ട്രംപ്; ഭീഷണി വേണ്ടെന്ന് ഇറാന്‍
ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവിനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാനിയന്‍ വിദേശകാര്യ മന്ത്രി. ആയത്തുള്ള ഖമേനിയെ നിന്ദ്യമായ മരണത്തില്‍ നിന്ന് താന്‍ രക്ഷിച്ചു എന്നാണ് ട്രംപിന്റെ അവകാശപ്പെട്ടത്. ഖമേനി എവിടെയാണ് ഒളിച്ചിരിക്കുന്നതെന്ന് തനിക്ക് കൃത്യമായി അറിയാമെന്നും അദ്ദേഹത്തെ വധിക്കാന്‍ ഇസ്രായേലിനെയും അമേരിക്കന്‍ സേനയെയും അനുവദിച്ചിട്ടില്ലെന്നും ട്രംപ് തന്റെ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരുന്നു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ അനാദരവ് നിറഞ്ഞതും അസ്വീകാര്യവുമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. ഇറാന്‍ പരമോന്നത നേതാവുമായി ട്രംപ് ഒരു ധാരണയിലെത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അദ്ദേഹം തന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും ഭീഷണിയുടെ സ്വരം മാറ്റിവയ്ക്കുകയും വേണം. ഖമേനിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്നത് നിര്‍ത്തണമെന്നും അബ്ബാസ് എക്സിലിട്ട പോസ്റ്റില്‍ പറഞ്ഞു.

ഇറാന്‍ ആണവ പദ്ധതികള്‍ ആവര്‍ത്തിച്ചാല്‍ രാജ്യത്തെ ആക്രമിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിനെതിരായ യുദ്ധത്തില്‍ ഖമേനിയുടെ വിജയ പ്രഖ്യാപനത്തെയും യുഎസ് പ്രസിഡന്റ് ചോദ്യം ചെയ്തു. ഇസ്രായേല്‍ യുദ്ധത്തില്‍ ഇറാന്‍ വിജയിച്ചു എന്ന ഖമേനിയുടെ അവകാശവാദം നുണയാണെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇറാനെയും ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളെയും പൂര്‍ണമായും നശിപ്പിച്ചുവെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ സംബന്ധിച്ച് ഇപ്പോഴും തര്‍ക്കങ്ങള്‍ തുടരുകയാണ്. രാജ്യാന്തര ആണവ ഏജന്‍സി ഇറാനില്‍ പരിശോധന നടത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്.
ഇസ്രായേല്‍-ഇറാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷമുള്ള ഖമേനിയുടെ പ്രതികരണം ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ഇറാന്‍ വിജയിച്ചുവെന്നും അമേരിക്കയുടെ മുഖത്ത് കനത്ത പ്രഹരമേല്‍പ്പിച്ചുവെന്നുമാണ് ഖമേനി അവകാശപ്പെട്ടത്. ഖത്തറിലെ യുഎസ് വ്യോമതാവളത്തിനു നേരെയുള്ള ഇറാന്റെ ആക്രമണമാണ് ഖമേനി പരാമര്‍ശിച്ചത്.
ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ച വേളയിലാണ് ഖമേനിയുടെ പ്രകോപനപരമായ പ്രതികരണം ഉണ്ടായത്. ഇതോടെ ഉപരോധം ഒഴിവാക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും താന്‍ ഉപേക്ഷിച്ചതായി ട്രംപ് പറഞ്ഞു. ഖമേനിയുടെ പ്രസ്താവനകളാണ് ഇതിന് കാരണം. ഇറാന്‍ ശത്രുതാ മനോഭാവം വച്ചുപുലര്‍ത്തുന്നവരും അസന്തുഷ്ടരുമാണ്. സാധാരണ ലോകക്രമത്തിലേക്കു തിരിച്ചുവന്നില്ലെങ്കില്‍ തകര്‍ന്നതും ഭാവിരഹിതവുമായ സമ്പദ്വ്യവസ്ഥയുള്ള രാജ്യമായി അവര്‍ അവശേഷിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം അവസാനിച്ചതിനു പിന്നാലെ ഇറാന്‍-യുഎസ് വാക്‌പോര് മുറുകിയിരിക്കുകയാണ്. ഇത് സമാധാന പ്രേമികളില്‍ വീണ്ടും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ട്രംപിന്റെ പ്രസ്താവനകളില്‍ അമേരിക്കയിലും അതൃപ്തിയുണ്ട്.
ജൂണ്‍ 21-നാണ് ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ യുഎസ് ആക്രമിച്ചത്. 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന പേരിലാണ് ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചത്. 25 മിനിറ്റ് നീണ്ട ഓപ്പറേഷനായി 125 യുദ്ധവിമാനങ്ങള്‍, 14 ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍, രണ്ട് ഡസനിലേറെ ടോമഹോക്ക് മിസൈലുകള്‍ എന്നിവയാണ് ഉപയോഗിച്ചതെന്ന് അമേരിക്ക വെളിപ്പെടുത്തിയിരുന്നു. ഫൊര്‍ദോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളാണ് ആക്രമിച്ചത്.
ഇതിന് തിരിച്ചടിയായി ഖത്തറിലെയും ബഹ്‌റൈനിലെയും യുഎസ് വ്യോമതാവളത്തിനു നേരെ ഇറാന്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം ഗള്‍ഫ് വ്യാപിച്ചത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപ് ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.












Click it and Unblock the Notifications