വീണ്ടും ഭീഷണിയുമായി ഇറാൻ; അമേരിക്കയുമായി യുദ്ധത്തിന് തയ്യാർ
ഇറാനുമായി വ്യാപാരത്തിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് ഇറാൻ. ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും രാജ്യം യുദ്ധത്തിന് സജ്ജമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.
ഇറാന് നേരെ ആക്രമണം ഉണ്ടായാൽ ഇസ്രായേലും അമേരിക്കൻ കപ്പലുകളും തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെ, ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ടാണ് ഇറാനുമായി വ്യാപാരബന്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25 ശതമാനം ഇറക്കുമതി നികുതി പ്രഖ്യാപിച്ചത്. ഇത് ഇറാനുമായി മികച്ച വ്യാപാര ബന്ധമുള്ള ഇന്ത്യക്ക് തിരിച്ചടിയാണ്.

അതേസമയം, ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രക്ഷോഭകാരികൾക്ക് നേരെയുള്ള കടുത്ത അടിച്ചമർത്തലിൽ മനുഷ്യാവകാശ സംഘടനയായ എച്ച്.ആർ.എ.എൻ.എയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 700ലേറഎ പേർ കൊല്ലപ്പെട്ടു. എന്നാൽ യഥാർഥ കണക്ക് ഇതിനു മുകളിൽ ആണെന്നാണ് വിവരം .ഇറാൻ മര്യാദകൾ ലംഘിക്കുകയാണെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള ശക്തമായ നീക്കങ്ങൾ പരിഗണനയിലാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോഴും ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും, എലോൺ മസ്‌കിന്റെ 'സ്റ്റാർലിങ്ക്' സാറ്റലൈറ്റ് ഇന്റർനെറ്റ് വഴി പ്രക്ഷോഭകർ വാർത്തകൾ പുറംലോകത്തെത്തിക്കുന്നുണ്ട്.
അതേസമയം, ഇറാനിലേത് ഒരു വിപ്ലവമാണെന്ന് ഉക്രേനിയൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിശേഷിപ്പിച്ചു. പ്രക്ഷോഭകർക്ക് പിന്തുണയുമായി നോബൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരും രംഗത്തെത്തി. എന്നാൽ അമേരിക്കയുടെ താരിഫ് പ്രഖ്യാപനത്തെ ചൈന ശക്തമായി അപലപിച്ചു. സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയിൽ എണ്ണവിലയിലും വർദ്ധനവ് രേഖപ്പെടുത്തി.












Click it and Unblock the Notifications