ഇറാനില്‍ ആരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്? ഒരു പിടിയുമില്ലെന്ന് അമേരിക്ക, പ്രസിഡന്റിന് കണ്‍ഫ്യൂഷന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ആലോചിക്കുന്നുണ്ടെങ്കിലും തങ്ങള്‍ വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുമോ എന്ന് ആശങ്ക. ഇറാനില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് ആര് എന്ന് അറിയില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും പറയുന്നു. ആരാണ് ആ രാജ്യത്തെ നയിക്കുന്നത്? ആര്‍ക്കും അറിയില്ലെന്ന് ഇരുവരും പറയുന്നു.

ഇറാന്റെ ഭാഗത്ത് നിന്ന് സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച് സംസാരിക്കുന്നത് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുമാണ്. എന്നാല്‍ ഇവരുമായി ചര്‍ച്ച ചെയ്ത് എടുക്കുന്ന തീരുമാനം നടപ്പാകുമോ എന്ന കാര്യത്തില്‍ അമേരിക്കക്ക് സംശയമുണ്ട്. രാഷ്ട്രീയ നേതൃത്വത്തിന് മുകളില്‍ മത നേതൃത്വമുള്ള രാജ്യമാണ് ഇറാന്‍. പരമോന്നത നേതാവ് മുജ്തബ ഖാംനഇ പരിക്കേറ്റ് കിടപ്പിലാണ് എന്ന് നേരത്തെ ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.

iran running by who

യുദ്ധം തുടങ്ങിയ ആദ്യദിനം തന്നെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയെ കൊലപ്പെടുത്തുകയാണ് അമേരിക്കയും ഇസ്രായേലും ചെയ്തത്. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് മകന്‍ മുജ്തബ ഖാംനഇയെ പുതിയ പരമോന്നത നേതാവായി ഇറാന്‍ തിരഞ്ഞെടുത്തത്. എങ്കിലും ആക്രമണത്തില്‍ അദ്ദേഹത്തിന് പരിക്കേറ്റിരിക്കുകയാണ് എന്നും വാര്‍ത്തകള്‍ വന്നു. അമേരിക്കയുമായുള്ള യുദ്ധം മുജ്തബ തന്നെയാണ് നയിക്കുന്നത് എന്ന് ഇറാന്‍ വ്യക്തമാക്കുന്നു.

പാകിസ്താനും ഖത്തറുമാണ് ഇറാനും അമേരിക്കക്കുമിടയില്‍ മധ്യസ്ഥത വഹിക്കുന്നത്. വെനസ്വേലയില്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത് അമേരിക്കയിലേക്ക് കൊണ്ടുപോയ പോലെ എളുപ്പത്തില്‍ ഇറാനിലും വിജയം നേടാമെന്നാണ് ട്രംപ് കരുതിയത്. എന്നാല്‍ എട്ടാം മാസത്തിലേക്ക് കടന്നിട്ടും അമേരിക്കക്ക് വിജയം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്നാണ് അമേരിക്ക ആലോചിക്കുന്നത്. ഇതിനകം യുദ്ധക്കെടുതി ലോകം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.

പാകിസ്താന്റെ മധ്യസ്ഥതയില്‍ അമേരിക്കയും ഇറാനും ഏഴിന ധാരണകളില്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് അമേരിക്ക ഇത് ലംഘിച്ചു. ആ ധാരണകള്‍ നടപ്പാക്കിയാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്. ഇറാന്‍ പ്രസിഡന്റും വിദേശകാര്യ മന്ത്രിയും ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കണം എന്ന അഭിപ്രായമുള്ള മതനേതാക്കള്‍ ഇറാനിലുണ്ട്.

യുറേനിയം സമ്പുഷ്ടീകരണ തോത് ഇറാന്‍ കുറയ്ക്കണം എന്നാണ് ജെഡി വാന്‍സ് ഒടുവില്‍ പറഞ്ഞത്. ഇറാന്‍ ആണവായുധം കൈവശപ്പെടുത്തത് തടയുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. കൊല്ലപ്പെട്ട പരമോന്നത നേതാവ് അലി ഖാംനഇ ആണവായുധത്തിന് എതിരായിരുന്നു. എന്നാല്‍ മുജ്തബ ഖാംനഇ ആണവായുധം നിര്‍മിക്കില്ല എന്ന് വ്യക്തമാക്കാത്തത് അമേരിക്കക്ക് ആശങ്ക ഇരട്ടിയാക്കി എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തുടങ്ങിയ വേഗത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്നില്ല എന്ന വെല്ലുവിളിയും അമേരിക്ക നേരിടുന്നു. ഇതിനിടയിലും ഇരുരാജ്യങ്ങളും പരസ്പരം കൊമ്പുകോര്‍ത്ത് വാക്‌പോര് തുടരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma