അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി: മുന്നറിയിപ്പുമായി റൂഹാനി, ഇനി ട്രംപ്- റൂഹാനി പോര്!
അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റൂഹാനി നല്‍കിയ മുന്നറിയിപ്പ്.
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിവാദ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഭീകരതയും രക്തച്ചൊരിച്ചിലുമാണ് ഇറാന്‍റെ കയറ്റുമതിയെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ വിവാദ പ്രസ്താവനകളാണ് ഇറാനെ ചൊടിപ്പിച്ചതും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചതും. അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് റൂഹാനി നല്‍കിയ മുന്നറിയിപ്പ്.
എന്നാല്‍ അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇതിനകം തന്നെ ഇസ്രയേല്‍ രംഗത്തെത്തിയിട്ടുണ്ട്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ഇറാനെ വിമര്‍ശിച്ച ട്രംപ് ഇറാനുമായുള്ള ആണവകരാറിലേയും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയുമായാണ് റൂഹാനി രംഗത്തെത്തിയിട്ടുള്ളത്. ബുധനാഴ്ച ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ കന്നിപ്രസംഗത്തിലാണ് ട്രംപ് വിവാദത്തിന്‍റെ മാലപ്പടക്കത്തിന് തീകൊളുത്തിയത്.

ട്രംപ് മാപ്പുപറയണം
ഇറാന്‍ മുന്നോട്ടുപോകുന്നത് 2015ലെ ആണവകരാര്‍ അനുസരിച്ചാണെന്നും വിവാദ പ്രസ്താവനയുടെ പേരില്‍ ട്രംപ് ഇറാന്‍ ജനതയോട് മാപ്പ് പറയണമെന്നും റൂഹാനി ആവശ്യപ്പെട്ടിരുന്നു. സ്ഥിതിഗതികള്‍ മേശമാകുന്ന സാഹചര്യം ഉണ്ടായാല്‍ അമേരിക്കയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും റൂഹാനി മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ പ്രസിഡന്‍റ് ബരാക് ഒബാമ അധികാരത്തിലിരിക്കെയാണ് ഇറാനുമായി അമേരിക്ക ആണവകരാറില്‍ ഒപ്പുവയ്ക്കുന്നത്.

ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഖമേനി
അമേരിക്കന്‍ സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ ഇറാന്‍ മുട്ടുമടക്കില്ലെന്ന പ്രസ്താവനയുമായി ഇറാന്റെ ആത്മീയനേതാവ് ആയത്തൊള്ള ഖമേനി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇറാന്‍ ശക്തമായ രാഷ്ട്രമാണെന്നും ആരുടെ ഭീഷണിക്കു മുമ്പിലും അത് തലകുനിക്കില്ലെന്നും വ്യക്തമാക്കിയ ഖമേനി രാജ്യത്തിനെതിരായ ഏത് നീക്കത്തിനുമുള്ള തിരിച്ചടി കനത്തതായിരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ടെഹ്‌റാനില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രസ്താവന. ഇറാന്‍ ആണവ കരാര്‍ ലംഘിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനു മുമ്പില്‍ അവര്‍ കളവുപറയുകയുമാണെന്നുമുള്ള യുഎസ് ആരോപണത്തിനുള്ള മറുപടിയായിരുന്നു ഖമേനിയുടെ പ്രസ്താവന.

കാലുവാരുന്നത് അമേരിക്കയോ
2015ല്‍ അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒപ്പുവച്ച ആണവകരാര്‍ പ്രകാരം ഇറാന്‍ ആണവായുധ നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതിന് പകരമായി രാജ്യത്തിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം ലോക രാഷ്ട്രങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ മോശം കരാറാണിതെന്നും അവസരം ലഭിച്ചാല്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും അമേരിക്കന്‍ പ്രസിഡന്റ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 15ന് യുഎസ് കോണ്‍ഗ്രസില്‍ സമര്‍പ്പിക്കാനിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഇറാനെതിരായ നിലപാട് സ്വീകരിക്കാനാണ് ട്രംപിന്റെ നീക്കമെന്നും ചില സൂചനകളുണ്ട്. ഇതിനിടെ ഐക്യരാഷ്ട്ര സഭയിലും ഇറാനെതിരെ രംഗത്തെത്തിയ ട്രംപ് ആണവകരാറില്‍ അപലപിക്കുകയും ചെയ്തിരുന്നു. ഇതാണ് യുഎസ് നീക്കമെങ്കില്‍ 60 ദിവസങ്ങള്‍ക്കുള്ളില്‍ കരാറില്‍ നിന്ന് പിന്‍മാറാനും കോണ്‍ഗ്രസിന് സാധിക്കും. അതേസമയം, പുതിയ നിയന്ത്രണങ്ങള്‍ ഇറാനെതിരേ കൊണ്ടുവന്നാല്‍ മണിക്കൂറുകള്‍ക്കകം കരാറില്‍ നിന്ന് പിന്‍മാറാന്‍ ഇറാന് സാധിക്കുമെന്ന് നേരത്തേ പ്രസിഡന്റ് റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ റൂഹാനിയുടെ മുന്നറിയിപ്പ് അമേരിക്കയ്ക്ക് നിര്‍ണായകമാണ്.

ഇറാന് യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണ
ഇറാന്‍ ആണവകരാര്‍ വിഷയത്തില്‍ ഇറാന് പിന്തുണയുമായി യൂറോപ്യന്‍ നേതാക്കള്‍. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിലാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണ്‍ ഇറാനെ പിന്തുണച്ച് രംഗത്തെത്തിയത്. ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് 2015ലുണ്ടാക്കിയ കരാറില്‍ നിന്ന് പിന്‍മാറാനുള്ള യുഎസ് നീക്കം നിരുത്തരവാദിത്തപരമായിരിക്കുമെന്നും സമാധാനത്തിന് അനിവാര്യമായ ഒരു കരാറില്‍ നിന്നുള്ള പിന്മാറ്റം വലിയ അബദ്ധമാകുമെന്നും മാക്രോണ്‍ കന്നിപ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു. ഇറാനും അമേരിക്കയ്ക്കും പുറമേ ഇറാനു പുറമെ, അമേരിക്ക, ചൈന, ഫ്രാന്‍സ്, റഷ്യ, ഇംഗ്ലണ്ട്, ജര്‍മനി എന്നീ ആറു രാജ്യങ്ങളാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.

ബ്രിട്ടനും ഇറാനൊപ്പം
ഇറാനെതിരെ ഡൊണാള്‍ഡ് ട്രംപ് വാളോങ്ങി രംഗത്തെത്തിയ സാഹചര്യത്തില്‍ ബ്രിട്ടനും ഇറാന് പിന്തുണ പ്രഖ്യാപിച്ചു. കരാര്‍ സമ്പൂര്‍ണ്ണമായി നടപ്പാവുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത ബ്രിട്ടനുണ്ടെന്നാണ് ബ്രിട്ടന്‍റെ നിലപാട്. കരാര്‍ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.












Click it and Unblock the Notifications