പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ ജീവനക്കാരെ വിട്ടയച്ചെന്ന് ഇറാന്‍: പക്ഷെ കപ്പല്‍ കൊടുക്കില്ല
ടെഹ്റാന്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലിലെ എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയം. ഏപ്രിൽ 13 നായ പോർച്ചുഗീസ് പതാക വഹിച്ചിരുന്ന കപ്പൽ ഇറാന്‍ റവല്യൂഷണറി ഗാർഡ് പിടിച്ചെടുക്കുന്നത്. മലയാളിയായ ആൻ ടെസ്സ ജോസഫെന്ന ഏക വനിത ജീവനക്കാരിയെ ഏപ്രിൽ 18 ന് തന്നെ ഇറാനിയൻ അധികൃതർ വിട്ടയച്ചിരുന്നു. എം എസ് സി ഏരീസ് എന്ന കപ്പലില്‍ ഇന്ത്യക്കാരായ 17 പേർ ഉള്‍പ്പെടെ 25 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്.
ജീവനക്കാരെ വിട്ടയച്ചത് മനുഷ്യത്വപരമായ നടപടിയുടെ ഭാഗമായാണെന്നാണ് ഇറാനിയന്‍ വിദേശകാര്യ വകുപ്പ് മന്ത്രി അമിറാബ്ദുള്ളിയൻ പറഞ്ഞു കപ്പലിൻ്റെ ക്യാപ്റ്റനോടൊപ്പം അവർക്ക് അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാം. എന്നാൽ, കപ്പലിൻ്റെ നിയന്ത്രണം ജുഡീഷ്യൽ തടങ്കലിൽ ഇറാൻ്റെ കൈവശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലി കോടീശ്വരന്‍ ഇയാല്‍ ഓഫറിന്റെ കമ്പനിയുടേതാണ് കപ്പല്‍.

ഇന്ത്യക്കാരായ ജീവനക്കാരുടെ മടങ്ങിവരവ് അവരുടെ കരാർ ബാധ്യതകൾ ഉൾപ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. "എല്ലാവരും നല്ല ആരോഗ്യവാന്മാരാണ്. അവരുടെ മോചനത്തിനായി ഞങ്ങൾ ഇറാനിയൻ അധികൃതരുമായും ബന്ധപ്പെട്ടിരിക്കുന്നു," വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ പറഞ്ഞു.
പിടിച്ചെടുത്ത കപ്പൽ ഇറാൻ്റെ സമുദ്രാതിർത്തിയില്‍ റഡാർ ഓഫ് ചെയ്യുകയും നാവിഗേഷൻ്റെ സുരക്ഷ അപകടത്തിലാക്കുകയും ചെയ്തുവെന്നുമാണ് ഇറാന്‍ ആരോപിക്കുന്നത്. കപ്പല്‍ ജീവനക്കാരില്‍ ആന്‍ ടെസ ജോസഫിന് പുറമെ വേറയും മൂന്ന് മലയാളികളുണ്ടായിരുന്നു. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് സ്വദേശി സുമേഷ്, വയനാട്ടുകാരനായ പിവി ധനേഷ് എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാർ.
സിറിയയിലെ ഡമാസ്‌കസിലെ ഒരു ഇറാനിയൻ കോൺസുലർ കെട്ടിടത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഗാർഡ് ജനറൽ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണമാണ് കപ്പല്‍ പിടിച്ചെടുത്തത് ഉള്‍പ്പെടേയുള്ള നടപടികള്‍.
കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇസ്രായേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണം സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയും ചെയ്തിരുന്നു. ആക്രമണത്തില്‍ ഇസ്രായേലിന്റെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇതിന് മറുപടിയായി ഇസ്രായേല്‍ പക്ഷത്ത് നിന്നും ആക്രമണമുണ്ടായി.
അതേസമയം, അമേരിക്കയ്ക്കും ബ്രിട്ടനുമെതിരെ ഇറാന്‍ കഴിഞ്ഞ ദിവസം ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും പ്രമുഖ വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരെയാണ് ഉപരോധം. ഇസ്രായേലിനെ പിന്തുണയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ഇതുസംബന്ധിച്ച് ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.












Click it and Unblock the Notifications