ആണവ കരാര്‍ ഐസിയുവിലെന്ന് ഇറാന്‍: യൂറോപ്പ് സഹായത്തിനെത്തിയില്ലെങ്കില്‍ പിന്‍മാറ്റം ഉടന്‍!!
തെഹ്രാന്‍: അന്താരാഷ്ട്ര ആണവ കരാര്‍ ഐ.സി.യുവിലാണെന്ന് ഇറാന്‍ ഉപ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ച്ചി. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാന് വ്യക്തമായ ഉറപ്പുകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കരാറില്‍ ഇന്ന് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇറാന്‍ പിന്‍മാറുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയ പശ്ചാത്തലത്തില്‍ കരാറിന്റെ ഭാവിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കരാറില്‍ ഒപ്പുവച്ച മറ്റ് രാജ്യങ്ങള്‍ വിയന്നയില്‍ നടത്തിയ യോഗത്തിലാണ് ഇറാന്‍ മന്ത്രിയുടെ പരാമര്‍ശം. ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളാണ് യോഗം ചേര്‍ന്നത്.
അമേരിക്കയുടെ പിന്‍മാറ്റത്തെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ കരാര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് എന്ന് യോഗത്തില്‍ താന്‍ പറഞ്ഞതായി അറഗ്ച്ചി അറിയിച്ചു. ഇറാനിലെ യൂറോപ്യന്‍ കമ്പനികളെ അമേരിക്കന്‍ ഉപരോധം ബാധിക്കാന്‍ പാടില്ലെന്നതായിരുന്നു ഇറാന്റെ ആവശ്യങ്ങളിലൊന്ന്. എണ്ണവ്യാപാരവുമായി ബന്ധപ്പെട്ട യൂറോപ്യന്‍ സാമ്പത്തിക ഇടപാടുകള്‍ ഇറാനിയന്‍ ബാങ്കുകള്‍ വഴി തടസ്സങ്ങളില്ലാതെ നടക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

അതേസമയം, കരാര്‍ വിഷയത്തില്‍ ഇറാന് ക്ഷമ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ കൃത്യമായ ഉറപ്പുകള്‍ ലഭിച്ചില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കരാറില്‍ നിന്ന് പിന്‍മാറുമെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി. ഇറാനുമായി ബന്ധം തുടരുന്ന കമ്പനികള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന അമേരിക്കന്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കരാറുമായി മുന്നോട്ടുപോവാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇറാന്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കരാറില്‍ നിന്ന് പിന്മാറിയ പശ്ചാത്തലത്തില്‍ ആഗസ്ത് മാസത്തോടെ ഇറാനെതിരായ ഉപരോധം അമേരിക്ക നടപ്പില്‍ വരുത്താനിരിക്കെയാണിത്. ഉപരോധം ഏര്‍പ്പെടുത്തുന്നതോടെ എണ്ണ വ്യാപാരം ഉള്‍പ്പെടെയുള്ള ഇറാന്റെ അന്താരാഷ്ട്ര വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ തടസ്സപ്പെടും. ഇറാന്‍ ആണവ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നതിന് പകരമായി ഉപരോധത്തില്‍ ഇളവ് വരുത്തുന്നതായിരുന്നു യു.എന്നിന്റെ നേതൃത്വത്തില്‍ 2015ലുണ്ടാക്കിയ അന്താരാഷ്ട്ര ആണവ കരാര്‍. എന്നാല്‍ കരാര്‍ പരാജയമാണെന്നു കാണിച്ച് അമേരിക്ക കഴിഞ്ഞ മാസം പിന്‍മാറുകയായിരുന്നു.












Click it and Unblock the Notifications