ഹനിയയുടെ കൊലയിൽ ഞെട്ടി ഇറാൻ, കനത്ത അഭിമാനക്ഷതം; ഇസ്രായേലിനെ ആക്രമിക്കാൻ ഉത്തരവിട്ട് ഖമേനി
ടെഹ്റാൻ: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയതിന് ഇസ്രായേലിനോട് പകരം വീട്ടാൻ ഇറാൻ. ഇസ്രായാലിനെതിരെ തിരിച്ചടിക്കാൻ ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ബുധനാഴ്ച രാവിലെ ചേർന്ന ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിലാണ് ഖമേനിയുടെ നിർദ്ദേശം.
ഹനിയയുടെ കൊലപാതകത്തിൽ ഇസ്രായേലിന് മറുപടി നൽകേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഖമേനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഞങ്ങളുടെ അതിഥിയേണ് അദ്ദേഹം താമസിച്ച വീട്ടിൽ വെച്ച് വകവരുത്തിയത്. ഈ നടപടി ശക്തമായ പ്രതികാര നടപടിക്ക് കളമൊരുക്കിയിരിക്കുകയാണ് എന്നാണ് ഖമേനി പറഞ്ഞത്.

കഴിഞ്ഞ ദിവസമാണ് ടെഹ്റാനിലുണ്ടായ ആക്രമണത്തിൽ ഹനിയ കൊല്ലപ്പെട്ടത്. പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഹനിയ. അദ്ദേഹം താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിൽ അതിക്രമിച്ച് കയറിയാണ് കൊല നടത്തിയത്. സംഭവത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഹമാസ് ആരോപിച്ചു. എന്നാൽ ഇതുവരെ ഇസ്രായേൽ സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായല്ല ശത്രുപക്ഷത്തുള്ള നേതാക്കളെ മറ്റൊരു രാജ്യത്ത് വെച്ച് ഇസ്രായേൽ വകവരുത്തുന്നത്. ഇറാനിയൻ ആണവ ശാസ്ത്രജ്ഞരും സൈനിക കമാൻഡർമാരും ഉൾപ്പെടെയുള്ള നിരവധി പേരെ ഇത്തരത്തിൽ ഇസ്രായേൽ കൊലപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹമാസ് തലവനെ തങ്ങളുടെ നാട്ടിൽ വെച്ച് ഇസ്രായേൽ ഇല്ലാതാക്കിയത് അക്ഷരാർത്ഥത്തിൽ ഇറാനെ ഞെട്ടിച്ചിരിക്കുകയാണ്.
2019 ന് ശേഷം 15 തവണയെങ്കിലും ഹനിയ ഇറാൻ സന്ദർശിച്ചിട്ടുണ്ട്. ഇറാൻ ഭൂമി സുരക്ഷിതമാണെന്ന ഹമാസ് കണക്ക്കൂട്ടലാണ് ഹനിയയുടെ കൊലപാതകത്തോടെ ഇല്ലാതായിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ ഇറാൻ എംബിസി ഇസ്രായേൽ ആക്രമിച്ചിരുന്നു. ഇതിന് മറുപടിയായി ഇസ്രായേലിനെതിരെ ഇറാൻ ബാലസ്റ്റിക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇതിന്റെ പ്രതികാരമായിട്ടായിരിക്കാം ഇറാനിൽ വെച്ച് തന്നെ ഹമാസ് തലവനെ ഇസ്രായേൽ ഇല്ലാതാക്കിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാൻ ഭൂമിയും സുരക്ഷിതമല്ലെന്നാണ് ആക്രമണത്തോടെ ഇസ്രായേൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇനിയുള്ള ആക്രമണ പ്രത്യാക്രമണങ്ങൾ ഏതറ്റം വരെ പോകുമെന്നാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
'ഇറാൻ എത്ര ശക്തമായി പ്രതികരിക്കുമെന്നോ വീണ്ടും ആക്രമണം നടത്തുമോ എന്നോ ഇപ്പോൾ വ്യക്തമല്ല. ടെൽ അവീവിനും ഹൈഫയ്ക്കും സമീപമുള്ള സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോൺ ആക്രമണം ഇറാൻ ആലോചിക്കുന്നുണ്ട്', ഇറാനിൽ നിന്നുള്ള ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യെമൻ, സിറിയ, ഇറാഖ് എന്നിവയുൾപ്പെടെ സഖ്യസേനകളുമായി ചേർന്ന് ഏകോപിത ആക്രമണവും പരിഗണനയിൽ ഉണ്ട്. ആക്രമണത്തിനും പ്രതിരോധത്തിനും തയ്യാറായിരിക്കാനായി ഖമേനി സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. ആക്രമണം നടത്താനും ഇസ്രായേലോ അമേരിക്കയോ ഇറാനെ ആക്രമിക്കുകയോ ചെയ്താലോ പ്രതിരോധത്തിനുമുള്ള പദ്ധതികൾ തയ്യാറാക്കാൻ റെവല്യൂഷണറി ഗാർഡുകളുടെയും സൈന്യത്തിൻ്റെയും മേധാവികൾക്ക് ഖമേനി നിർദ്ദേശം നൽകിയതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.












Click it and Unblock the Notifications