ഇറാന്റെ ആണവ നഗരം വിറച്ചു; ഡ്രോണുകള്‍ വെടിവച്ചിട്ട് സൈന്യം... എണ്ണവില കുതിക്കുന്നു
ടെഹ്‌റാന്‍: തക്കം കിട്ടുമ്പോള്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ച ഇസ്രായേല്‍ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ നഗരം. മിസൈലുകളും ഡ്രോണുകളും അയച്ചത് ഇസ്ഫഹാനിലേക്ക്. അമേരിക്കന്‍ ഉദ്യോഗസ്ഥരാണ് ആക്രമണ വാര്‍ത്ത ഇന്ന് രാവിലെ ആദ്യം പുറത്തുവിട്ടത്. വൈകാതെ ഇറാന്റെ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. ഇപ്പോള്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
ഇസ്രായേല്‍ ഇനിയും ആക്രമിക്കുമെന്നാണ് ഇറാന്‍ കരുതുന്നത്. അതിര്‍ത്തിയില്‍ സ്ഥാപിച്ച മിസൈല്‍ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ ഡ്രോണുകളെ ഈ സംവിധാനമാണ് പ്രതിരോധിച്ചത്. കൂടാതെ ഇറാന്റെ സൈനികര്‍ വെടിവച്ചിടുകയും ചെയ്തുവത്രെ. അതിനിടെ ഇറാനെതിരെ അമേരിക്ക കൂടുതല്‍ ഉപരോധം ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം ഒന്നിന് സിറിയയിലെ ഇറാന്റെ എംബസി ആക്രമിച്ച ഇസ്രായേല്‍, പ്രമുഖരായ ഇറാന്‍ കമാന്റര്‍മരെ കൊലപ്പെടുത്തിയിരുന്നു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ ഇറാന്‍ മൂന്ന് ദിവസം മുമ്പ് പ്രത്യക്ഷ ആക്രമണം നടത്തി. ഇസ്രായേലില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ലെങ്കിലും ആക്രമിക്കാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ട് എന്ന് തെളിയിക്കുകയായിരുന്നു ഇറാന്‍.
ആക്രമണം നിര്‍ത്തിയെന്നും ഇസ്രായേല്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ ആക്രമണം ശക്തമാക്കുമെന്നുമായിരുന്നു പിന്നീട് ഇറാന്‍ നേതാക്കളുടെ മുന്നറിയിപ്പ്. തൊട്ടുപിന്നാലെ ഇസ്രായേലിന്റെ യുദ്ധ മന്ത്രിസഭ യോഗം ചേര്‍ന്നെങ്കിലും തക്കം കിട്ടുമ്പോള്‍ തിരിച്ചടിക്കാമെന്ന് തീരുമാനിച്ചു. ഇനി ഉടന്‍ ആക്രമണ സാധ്യത ഇല്ല എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തിരിക്കെയാണ് പുതിയ സംഭവം.
ഇറാനിലെ പല നഗരങ്ങളിലും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം ഇപ്പോള്‍ സജീവമാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യ നഗരമായ ഇസ്ഫഹാനിലാണ് ശക്തമായ സ്‌ഫോടനമുണ്ടായതെന്നും ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസൈല്‍ ആക്രമണം എന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീടാണ് ഡ്രോണുകളും ഇസ്രായേല്‍ തൊടുത്തുവിട്ടുവെന്ന വിവരം വന്നത്.
ഇസ്ഫഹാന്‍ പ്രവിശ്യ ഇറാനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായക കേന്ദ്രമാണ്. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. നതാന്‍സ് ഉള്‍പ്പെടെയുള്ള ആണവ കേന്ദ്രങ്ങള്‍ സുരക്ഷിതമാണ് എന്നാണ് ഇറാന്‍ അറിയിച്ചത്. വിവാദമായ യുറേനിയം സമ്പുഷ്ടീകരണം നടക്കുന്നത് നതാന്‍സ് കേന്ദ്രത്തിലാണ്. ആക്രമണ വാര്‍ത്ത വന്ന പിന്നാലെ ആഗോള വിപണിയില്‍ എണ്ണവില മൂന്ന് ഡോളര്‍ ഉയര്‍ന്നു.
നിരവധി ഡ്രോണുകള്‍ സൈന്യം വെടിവച്ചിട്ടു എന്ന് ഇറാന്‍ സ്‌പേസ് ഏജന്‍സി വക്താവ് ഹുസൈന്‍ ദലിരിയന്‍ അറിയിച്ചു. മിസൈല്‍ ആക്രമണം നടന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. ടെഹ്‌റൈനിലെ ഇമാം ഖുമൈനി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. യുഎഇയുടെ എമിറേറ്റ്‌സ്, ഫ്‌ളൈ ദുബായ് വിമാനങ്ങള്‍ ഇറാന്റെ ആകാശ പരിധിയില്‍ നിന്ന് മാറിയാണ് സഞ്ചരിക്കുന്നത്. ഇസ്രായേലിനോട് ഇറാന്‍ എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications