ഇറാന്‍ തന്ത്രം മാറ്റുന്നു; എണ്ണ കയറ്റുമതി കുത്തനെ വര്‍ധിപ്പിച്ചു, ആ മൂന്ന് വിമാനങ്ങള്‍ എവിടെ?
ടെഹ്‌റാന്‍: ഇസ്രായേലുമായുള്ള യുദ്ധം കടുക്കവെ തന്ത്രം മാറ്റി ഇറാന്‍. ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ശേഷം ഇറാന്റെ എണ്ണ കയറ്റുമതിയില്‍ വലിയ വര്‍ധനവുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധം നിലനില്‍ക്കുന്ന ഇറാന്‍ എങ്ങനെയാണ് എണ്ണ കൂടുതല്‍ കയറ്റുമതി ചെയ്യുക എന്ന ചോദ്യമാണ് ഉയരുന്നത്.
അതിനിടെ, ഇറാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന മേഖലയില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ അപ്രത്യക്ഷമായി. ചൈനയില്‍ നിന്ന് ആയുധങ്ങളുമായി എത്തിയ വിമാനങ്ങളാണ് ഇത് എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇറാനുമായി അടുപ്പം സൂക്ഷിക്കുന്ന രാജ്യമാണ് ചൈന. ഇവര്‍ ഇറാനെ രഹസ്യമായി സഹായിച്ചേക്കുമെന്ന അഭിപ്രായങ്ങള്‍ ഉയരവെയാണ് വിമാനങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാനെതിരെ ഇസ്രായേല്‍ സൈന്യം ആക്രമണം തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ദിവസം മുതല്‍ ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതി വര്‍ധിച്ചുവെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണ കപ്പലുകളുടെ യാത്ര നിരീക്ഷിക്കുന്ന ടാങ്കര്‍ ട്രാക്കര്‍ ഡോട്ട് കോമിന്റെ ഡാറ്റ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്നത് ചൈനയാണ്.
എണ്ണ കയറ്റുമതി ഇറാന്‍ 44 ശതമാനം വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധസാഹചര്യത്തില്‍ പരമാവധി വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യമെന്നും സൂചനയുണ്ട്. ഏതാനും ദിവസങ്ങളായി ഓരോ ദിനവും ഇറാന്‍ 23.3 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യുന്നുണ്ടത്രെ. കഴിഞ്ഞ ഒരു വര്‍ഷത്തെ എണ്ണ കയറ്റുമതി പരിശോധിച്ചാണ് ജൂണ്‍ 13ന് ശേഷം 44 ശതമാനമായി വര്‍ധിച്ചുവെന്ന് പറയുന്നത്.
ഇസ്രായേല്‍ ആക്രമണം തുടങ്ങിയ വേളയില്‍ ക്രൂഡ് ഓയില്‍ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് ഉയരുന്ന തോത് കുറഞ്ഞു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇറാന്റെ വര്‍ധിച്ച കയറ്റുമതിയാണ്. ഇറാന്റെ എണ്ണയുടെ പകുതിയില്‍ അധികവും ചൈനയാണ് വാങ്ങുന്നത്. ചൈനയിലെ സ്വകാര്യ കമ്പനികള്‍ ആണത്രെ എണ്ണ വാങ്ങിക്കൂട്ടുന്നത്. പകരം ചൈനയുടെ ഭക്ഷ്യം വസ്തുക്കളും മറ്റും ഇറാന് നല്‍കുകയാണ് ചെയ്യുന്നതത്രെ.
ചൈനയുടെ മൂന്ന് വിമാനം എവിടെ പോയി
ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രം ഇതുവരെ ഇസ്രായേല്‍ ആക്രമിച്ചിട്ടില്ല. അങ്ങനെ സംഭവിച്ചാല്‍ എണ്ണ വില വര്‍ധിച്ചേക്കും. ഖാര്‍ഗ് ദ്വീപിലുള്ള ടെര്‍മിനലില്‍ നിന്നാണ് ഇറാന്‍ പ്രധാനമായും എണ്ണ കയറ്റുമതി ചെയ്യുന്നത്. തൊട്ടടുത്താണ് ഹോര്‍മുസ് കടലിടുക്ക്. യുദ്ധം ശക്തമായാല്‍ ഹോര്‍മുസ് വഴിയുള്ള ചരക്കുകടത്ത് തടയുമെന്നും ഇറാന്‍ പറയുന്നു. അങ്ങനെ സംഭവിച്ചാലും എണ്ണവില വര്‍ധിക്കും.
അതിനിടെയാണ് ചൈനയില്‍ നിന്ന് പുറപ്പെട്ട മൂന്ന് വിമാനങ്ങള്‍ റഡാറില്‍ നിന്ന് അപ്രത്യക്ഷമായി എന്ന് ഫ്‌ളൈറ്റ് റഡാര്‍ 24നെ ഉദ്ധരിച്ച് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്ന് ഇറാനിലേക്കുള്ള ആയുധങ്ങളായിരുന്നു ഇതില്‍ എന്നാണ് പ്രചാരണം. പടിഞ്ഞാറന്‍ ഭാഗത്തേക്ക് പറന്നുയര്‍ന്ന വിമാനം വടക്കന്‍ ചൈനയിലൂടെ കസാഖ്‌സ്താന്‍, ഉസ്‌ബെക്കിസ്താന്‍, തുര്‍ക്കിമെനിസ്താന്‍ എന്നീ രാജ്യങ്ങള്‍ കടന്ന ശേഷം ഇറാന്‍ അതിര്‍ത്തിയില്‍ വച്ച് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി എന്നാണ് വാര്‍ത്ത.












Click it and Unblock the Notifications