ലാർക് ദ്വീപ് ആക്രമിച്ച് യുഎസ്, ജോർദാനിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ച് ഇറാൻ്റെ തിരിച്ചടി
ഹോർമുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാർക് ദ്വീപിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ തിരിച്ചടിച്ച് ഇറാൻ. ജോർദാനിലുള്ള യുഎസിൻ്റെ സൈനിക കേന്ദ്രത്തിന് നേരെയാമ് ആക്രമണം നടത്തിയത്. കിംഗ് ഹുസൈൻ, അൽ അസ്രഖ് എന്നീ സൈനിക താവളങ്ങൾ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് (ഐ ആർ ജി സി ) അറിയിച്ചു. ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ചായിരുന്നു ആക്രമണം.

യുഎസ് സൈനിക കേന്ദ്രത്തിലെ സാങ്കേതിക അടിസ്ഥാന സൌകര്യങ്ങളും പോർവിമാനങ്ങൾ നിലയുറപ്പിച്ചിരുന്ന കേന്ദ്രങ്ങളും ആക്രമണത്തിൽ തകർത്തതായി ഇറാൻ അവാകശപ്പെട്ടു. 'ഹോർമുസ് കടലിടുക്കിന് മേലുള്ള ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നിയന്ത്രണം ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ ശത്രുക്കൾ എത്ര ആക്രമണം നടത്തിയാലും അതൊന്നും അവരുടെ നിരാശയ്ക്ക് പരിഹാരം ആകില്ല. എത്രയൊക്കെ ആക്രമിച്ചാലും ശക്തമായ തിരിച്ചടി നൽകും', ഐആർജിസി പ്രസ്താവനയിൽ പറഞ്ഞു.
ലാർക്ക് ദ്വീപിലെ ഐആർജിസിയുടെ റോക്കറ്റ് ലോഞ്ചറുകളാണ് യുഎസ് ആക്രമണത്തിൽ തകർത്തത്. 'ലാർക്ക് ദ്വീപിലുള്ള ഇറാൻ്റെ രണ്ട് റോക്കറ്റ് ലോഞ്ചറുകളാണ് ഞങ്ങൾ തകർത്തത്. ഹോർമുസ് കടലിടുക്കിൽ സീ മൈനുകളുള്ള റോക്കറ്റുകൾ അയക്കാൻ ഐആർജിസി തയ്യാറെടുക്കുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെയാണ് ആക്രമണം നടത്തിയത്', എന്നാണ് യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം യുഎസ് ആക്രമണത്തിൽ നിരവധി പൌരൻമാർ കൊല്ലപ്പെട്ടതായും ഇറാനിയൻ പോരാളികളിൽ പലർക്കും ഗുരുതരമായി പരിക്കേറ്റതായും ഇറാൻ സ്റ്റേറ്റ് മീഡിയ ഐആർഐബി റിപ്പോർട്ട് ചെയ്തു. എന്നാൽ എത്രപേർക്ക് പരിക്കേറ്റുവെന്ന കൃത്യമായ കണക്കുകൾ അവർ പുറത്തുവിട്ടിട്ടില്ല.
യുഎസ് ആക്രമണം തുടർന്നാൽ തിരിച്ചടിക്കാൻ ഒരു മടിയും കാണിക്കില്ലെന്ന് ഇറാൻ ആവർത്തിച്ചു. ഇത്തരത്തിലുള്ള ആക്രമണങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനും-യുഎസും തമ്മിൽ വെടിനിർത്തൽ കരാർ ലംഘിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരു മാസമായി ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചിരുന്നില്ല. അവസാനമായി ജുലൈയിലാണ് ഇറാനെതിരെ യുഎസ് ആക്രമണം നടത്തിയത്. അതിനുശേഷം ഇറാനെ നേരിട്ട് ആക്രമിക്കുന്നതിന് പകരം രാജ്യത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കമാണ് യുഎസ് നടത്തിയത്. ഇറാനുമായി യാതൊരു സാമ്പത്തിക ഇടപാടിനും രാജ്യങ്ങൾ തയ്യാറാകരുതെന്നും മുന്നറിയിപ്പ് ലംഘിച്ച് ബന്ധം തുടർന്നാൽ ആ രാജ്യങ്ങൾ ഡോളർ സംവിധാനത്തിൽ നിന്നും പുറത്താകും എന്നും യുഎസ് ഭീഷണി മുഴക്കി. അതേസമയം സാമ്പത്തികമായി ഉപരോധിക്കാനാണ് നീക്കമെങ്കിൽ ഹോർമുസിലൂടെ ഒരു തുള്ളി എണ്ണ പോലും പുറത്തേക്ക് പോകില്ലെന്നാണ് ഇറാൻ തിരിച്ചടിച്ചത്.


Click it and Unblock the Notifications