ട്രംപിന് ഭ്രാന്തെന്ന് ഖമേനി; പ്രക്ഷോഭത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വിവരമറിയും
തെഹ്റാന്: ഇടയ്ക്കിടെ ഭ്രാന്തമായ മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിക്കുന്ന സ്ഥിരതയില്ലാത്ത വ്യക്തിയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപെന്ന് ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. ഇറാന് ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തെ പ്രക്ഷോഭത്തിലൂടെ തകര്‍ത്തെറിയാന്‍ ശ്രമിച്ച അമേരിക്ക, ബ്രിട്ടന് തുടങ്ങിയ വിദേശശക്തികള്‍ അതിന് കനത്ത വിലനല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ഇറാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പ്രക്ഷോഭം നിയന്ത്രിക്കപ്പെട്ടത് വിദേശത്തുവച്ചായിരുന്നുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇറാന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിറിയന്‍ സൈനിക കേന്ദ്രത്തിനെതിരേ ഇസ്രായേലി വ്യോമാക്രമണം
അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം അവരുടെ ലക്ഷ്യം പിഴച്ചുപോയിരിക്കുന്നു എന്നതാണ്. അവര്‍ ഇറാനുമേല്‍ ഉണ്ടാക്കിയ മുറിവുകള്‍ക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നതാണ് മറ്റൊരു കാര്യം- ട്വിറ്റര്‍ സന്ദേശത്തില്‍ ഖമേനി പറഞ്ഞു. ഇറാന് ഭരണകൂടത്തെ താഴെയിറക്കാന്‍ അമേരിക്കയും ബ്രിട്ടനും മറ്റും നടത്തിയ ശ്രമങ്ങള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ടിരിക്കുന്നു. ഭാവിയിലും അവര്‍ക്ക് ഇക്കാര്യത്തില്‍ വിജയിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിസംബര്‍ 28ന് തുടങ്ങി ഒരാഴ്ച നീണ്ടുനിന്ന ഇറാന് പ്രക്ഷോഭത്തില്‍ ചുരുങ്ങിയത് 22 പേര് കൊല്ലപ്പെടുകയും 3700 പേര് അറസ്റ്റിലാവുകയും ചെയ്തിരുന്നു. അമേരിക്ക, ഇസ്രായേല്‍ എന്നിവയുടെ ചാരസംഘടനകളായ സി.ഐ.എയും മൊസാദുമാണ് പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും സൗദി അറേബ്യയാണ് സാമ്പത്തിക സഹായം നല്‍കിയതെന്നും ഇറാന് ഉന്നത ഉദ്യോഗസ്ഥന് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ സി.ഐ.എ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ഇറാനിയന്‍ ജനതമാത്രമാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നിലെന്നാണ് സി.ഐ.എ ഡയരക്ടര്‍ മൈക്ക് പോംപിയോ ഫോക്സ് ന്യൂസിനോട് പറഞ്ഞത്.
അമേരിക്കയുടെ ശക്തി ഇറാന് ഭയമാണെന്നാണ് ട്രംപ് പറയുന്നതെന്നും എന്നാല്‍ 1979ല്‍ ഇറാനില്‍ നിന്ന് 2010ല്‍ മേഖലയില്‍ നിന്നും അമേരിക്കയെ കെട്ടുകെട്ടിച്ച കാര്യം ഓര്‍മവേണമെന്നും അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ വ്യക്തമാക്കി.