ഇന്നല്ലെങ്കില്‍ നാളെ ഇറാന്‍ ഇസ്രായേലിനെ ആക്രമിക്കും: 'അരുത്', മുന്നറിയിപ്പുമായി ജോ ബൈഡന്‍
ന്യൂയോർക്ക്: അധികം വൈകാതെ തന്നെ ഇറാൻ ഇസ്രായേലിനെ ആക്രമിച്ചേക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു. അമേരിക്കയുടെ പ്രതിരോധത്തിൽ അർപ്പണബോധമുള്ള സാഹചര്യത്തില്‍ ഇസ്രായേലിനെ ആക്രമിക്കരുതെന്നും ഇറാനോടായി ജോ ബൈഡൻ വ്യക്തമാക്കി. അതേസമയം, മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇറാനും ഇസ്രായേലും സന്ദർശിക്കരുതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൗരൻമാർക്ക് നിർദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ദമാസ്‌കസിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ രണ്ട് ജനറൽമാർ ഉൾപ്പെടെ ഏഴ് ഉന്നത സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതില്‍ ഇറാന്‍ പ്രതികാര നടപടികള്‍ക്ക് തയ്യാറെടുക്കുന്നുവെന്നും അമേരിക്ക നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാൻ്റെ പദ്ധതിയെക്കുറിച്ച് ജോ ബൈഡൻ ഒറ്റവാക്കിൽ 'അരുത്' എന്ന സന്ദേശമാണ് നല്‍കിയത്. ഇസ്രായേലിന് വേണ്ടി പ്രതിരോധത്തിലിറങ്ങാന്‍ അമേരിക്ക തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. "ഞങ്ങൾ ഇസ്രായേലിൻ്റെ പ്രതിരോധത്തിൽ പ്രതിജ്ഞാബദ്ധരാണ്. ഞങ്ങൾ ഇസ്രായേലിനെ പിന്തുണയ്ക്കും. ഇസ്രായേലിനെ ഞങ്ങൾ സഹായിക്കും, ഏതൊരു ആക്രമണത്തിലും ഇറാൻ വിജയിക്കില്ല," അദ്ദേഹം പറഞ്ഞു. ഒരു പരിപാടിക്ക് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ്.
രഹസ്യവിവരങ്ങൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ, അധികം വൈകാതെ തന്നെ ആക്രമണം ഉണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കി. വൈറ്റ് ഹൗസ് വക്താവ് ജോൺ കിർബിയും നേരത്തെ ഇസ്രായേലിനെതിരായ ഇറാൻ ആക്രമണത്തെക്കുറിച്ചുള്ള ആശങ്കകളെ "യഥാർത്ഥവും പ്രായോഗികവുമായ ഭീഷണി" എന്ന് വിശേഷിപ്പിച്ച് രംഗത്ത് വന്നിരുന്നു.
ഇന്ത്യയെ കൂടാതെ ഫ്രാൻസ്, പോളണ്ട്, റഷ്യ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പെട്ടെന്നുള്ള നടപടികള്‍ക്ക് സാധ്യതയുണ്ടെന്നാണ് ജർമ്മനിയുടെ വിദേശകാര്യ ഓഫീസ് സന്ദേശത്തില്‍ വ്യക്തമാക്കി. പൗരന്മാർ അറസ്റ്റിലാകാനും ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ടെന്നും ജർമ്മനി പറയുന്നു. "ജർമ്മൻ പൗരന്മാർ ഏകപക്ഷീയമായി അറസ്റ്റ് ചെയ്യപ്പെടുന്നതിനും ചോദ്യം ചെയ്യപ്പെടുന്നതിനും നീണ്ട ജയിൽ ശിക്ഷകൾ നൽകപ്പെടുന്നതിനുമുള്ള വ്യക്തമായ അപകടസാധ്യതയുണ്ട്. ഇറാനിയൻ, ജർമ്മൻ പൗരത്വമുള്ള ഇരട്ട പൗരന്മാർ പ്രത്യേകിച്ചും അപകടത്തിലാണ്," ജർമ്മനി പറഞ്ഞു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്ന് എല്ലാ ഇന്ത്യക്കാരോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരോടും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റർ ചെയ്യാനും അഭ്യർത്ഥിച്ചിട്ടുണ്ട്. സുരക്ഷയെക്കുറിച്ച് പരമാവധി മുൻകരുതലുകൾ സ്വീകരിക്കാനും അവരുടെ യാത്രകള്‍ പരമാവധി പരിമിതപ്പെടുത്താനും വിദേശകാര്യമന്ത്രാലയം അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications