വിലക്കയറ്റം താങ്ങാനാകുന്നില്ല; റിയാലില്‍ നിന്നും നാല് പൂജ്യങ്ങള്‍ വെട്ടി: അസാധാരണ നടപടിയുമായി ഇറാന്‍
ദീർഘകാലമായി തുടരുന്ന വിലക്കയറ്റം തടയാനായി അസാധാരണ നീക്കവുമായി ഇറാന്‍. വിലക്കയറ്റവും അന്താരാഷ്ട്ര ഉപരോധങ്ങളും മൂലം മൂല്യശോഷണം നേരിടുന്ന റിയാൽ കറൻസിയിൽ നിന്ന് നാല് പൂജ്യങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതിക്ക് ഇറാൻ പാർലമെന്റ് കഴിഞ്ഞ ദിവസം അംഗീകാരം നൽകി. കഴിഞ്ഞ ദിവസം നടന്ന പാർലമെന്റ് സമ്മേളനത്തില്‍ 262 അംഗങ്ങളിൽ 144 പേർ പദ്ധതിക്ക് അനുകൂലമായി വോട്ട് ചെയ്തു, 108 പേർ എതിർത്തു, മൂന്ന് പേർ വിട്ടുനിന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി പ്രകാരം 10000 പഴയ റിയാലുകൾക്ക് തുല്യമായിരിക്കും ഒരു പുതിയ യൂണിറ്റ്. ഈ പുതിയ കറൻസി 'തോമാൻ' എന്ന പേരിൽ അറിയപ്പെടുമെന്നും റിപ്പോർട്ടുകൾ പറയുന്നു. പഴയതും പുതിയതുമായ കറൻസികൾ മൂന്ന് വർഷം വരെ ഒരുമിച്ച് പ്രചാരത്തിലുണ്ടാകും. സെൻട്രൽ ബാങ്കിന് മാറ്റങ്ങള്‍ ആരംഭിക്കാൻ രണ്ട് വർഷത്തെ സമയമുണ്ട്.

ഇറാനിലെ ദൈനംദിന ഇടപാടുകളിൽ ഇപ്പോൾ തന്നെ 'തോമാൻ' ഉപയോഗിക്കുന്നത് പതിവായിട്ടുണ്ട്. ഒരു തോമാൻ 10 റിയാലുകൾക്ക് തുല്യമാണ് എന്ന രീതിയിലാണ് ഉപയോഗം. എന്നാൽ പുതിയ പദ്ധതിയോടെ, ഒരു പുതിയ തോമാൻ 10000 പഴയ റിയാലുകൾക്ക് തുല്യമാകും, ഇത് ഇടപാടുകൾ ലളിതമാക്കുമെന്നാണ് പ്രതീക്ഷ. പുതിയ കറൻസി 100 ഖിറാൻ (qiran) ആയി വിഭജിക്കപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.
പശ്ചാത്തലം
2015 ലെ ആണവ കരാറിന്റെ ഭാഗമായിരുന്ന ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങൾ കഴിഞ്ഞ മാസം 'സ്നാപ്ബാക്ക്' മെക്കാനിസം സജീവമാക്കി യുഎൻ ഉപരോധങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചതോടെ റിയാലിന്റെ മൂല്യം കുത്തനെ ഇടിയാന്‍ തുടങ്ങി. ഒക്ടോബർ 7 ന് ബ്ലാക്ക് മാർക്കറ്റിൽ ഒരു യുഎസ് ഡോളറിന് 1115000 റിയാലുകളായിരുന്നു വിനിമയ നിരക്ക്. അതായത് ഓഗസ്റ്റ് തുടക്കത്തിലെ 920000 ൽ നിന്നും കുത്തനേയുള്ള വർധനവ്.
ഇറാനിലെ പണപ്പെരുപ്പ നിരക്ക് 2025 സെപ്റ്റംബറിൽ 45.3% ആയും ഉയർന്നു. മേയ് 2023 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. കഴിഞ്ഞ ദശകങ്ങളിൽ പണപ്പെരുപ്പം 49.3% വരെ എത്തിയിട്ടുണ്ട്, 2024 ലെ ശരാശരി 31.7% ആണ് കണക്കാക്കിയിരിക്കുന്നത്. പുതിയ പദ്ധതി ആദ്യം 2019 ൽ മുന്നോട്ടുവെച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു. 2020 ൽ പാർലമെന്റ് അംഗീകരിച്ചെങ്കിലും നടപ്പാക്കൽ വൈകി. രണ്ട് മാസം മുമ്പ് പാർലമെന്റ് കമ്മീഷൻ ഇത് പുനരുജ്ജീവിപ്പിച്ചു.
ഈ പരിഷ്കാരം ഇടപാടുകൾ ലളിതമാക്കുകയും ബാങ്ക് നോട്ടുകളുടെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ചില വിദഗ്ധർ മനഃശാസ്ത്രപരമായ ഫലങ്ങൾ മൂലം പണപ്പെരുപ്പം വർധിക്കുമോ എന്ന ആശങ്കയും ശക്തമാണ്. പദ്ധതി നടപ്പാക്കാൻ 160 മില്യൺ ഡോളർ ചെലവ് വരുമെന്നാണ് കണക്കുന്നത്. അടുത്ത ഘട്ടമായി, ഗാർഡിയൻ കൗൺസിൽ അംഗീകാരം നൽകുകയും പ്രസിഡന്റ് മസൂദ് പെസേഷ്കിയാൻ ഒപ്പുവെക്കുകയും വേണം. ഉപരോധങ്ങളും സാമ്പത്തിക പ്രതിസന്ധികളും തുടരുന്ന സാഹചര്യത്തിൽ ഈ പരിഷ്കാരം ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ എത്രത്തോളം സഹായിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും വിദഗ്ധർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications