ഇറാന്‍ ശരിക്കും വെള്ളം കുടിപ്പിച്ചു; അമേരിക്കയുടെ 81 യുദ്ധ വിമാനങ്ങള്‍ തകര്‍ത്തു, ചര്‍ച്ചയെന്ന് ഖത്തര്‍
ഇറാനെതിരായ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത തിരിച്ചടിയേറ്റെന്ന് റിപ്പോര്‍ട്ട്. 81 യുദ്ധവിമാനങ്ങള്‍ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നു. ചിലത് ഭാഗികമായിട്ടാണ് നശിച്ചത്. ഇതുവഴി 330 കോടി ഡോളറിന്റെ നഷ്ടം അമേരിക്കക്കുണ്ടായി എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെതിരായ യുദ്ധം ഒട്ടും എളുപ്പമല്ലെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
കഴിഞ്ഞ ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് തെഹ്‌റാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ദിവസങ്ങള്‍ക്കകം ഇറാനില്‍ ഭരണമാറ്റം നടപ്പാക്കി യുദ്ധം അവസാനിപ്പിക്കുമെന്നായിരുന്നു അമേരിക്കയുടെ ആദ്യ പ്രതികരണം. എന്നാല്‍ ഇപ്പോള്‍ എട്ടാം മാസത്തിലേക്ക് കടന്നിട്ടും യുദ്ധം എപ്പോള്‍ അവസാനിക്കുമെന്ന് വ്യക്തതയില്ല. ചര്‍ച്ച നടക്കുന്നു എന്നാണ് ഖത്തര്‍ പറയുന്നത്.

അമേരിക്കന്‍ വ്യോമസേനയുടെ ഏറ്റവും അത്യാധുനിക വിമാനങ്ങള്‍ വരെ ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. ഇത്രയും കനത്ത തിരിച്ചടി അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല. എഫ്-35എ ലൈറ്റനിങ് സെക്കന്റ് സ്റ്റല്‍ത്ത് യുദ്ധവിമാനം, 12 എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ ജെറ്റുകള്‍ എന്നിവയെല്ലാം അമേരിക്കക്ക് നഷ്ടമായി. മിക്കതും പൂര്‍ണമായി തകര്‍ന്നു, ചിലത് ഭാഗികമായും.
അതിനിടെ, യുദ്ധം കൊടുമ്പിരി കൊണ്ട വേളയില്‍ കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു വീണിരുന്നു. കുവൈത്ത് സൈന്യം തെറ്റിദ്ധരിച്ച് വെടിവെച്ചിട്ടതാണ് എന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. കുവൈത്തില്‍ മൂന്ന് വിമാനങ്ങളാണ് തകര്‍ന്നത്. ചില വിമാനങ്ങള്‍ ഇറാന്റെ വ്യോമപരിധിയില്‍ വച്ചും തകര്‍ന്നു. എഫ്-15ഇ വിമാനത്തിന് 30 ദശലക്ഷം ഡോളറില്‍ അധികം ചെലവ് വരും. ജോര്‍ദാനില്‍ ഇറാന്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ചില യുഎസ് വിമാനങ്ങള്‍ നശിച്ചത്.
നിസാരമായ കേടുപാടുകള്‍ സംഭവിച്ച യുദ്ധവിമാനങ്ങള്‍ അറ്റക്കുറ്റപണികള്‍ക്ക് ശേഷം വീണ്ടും തിരിച്ചുകൊണ്ടുവന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എംക്യു-9 റീപ്പര്‍ ഡ്രോണുകളും അമേരിക്കക്ക് നഷ്ടമായിട്ടുണ്ട്. 45 ഡ്രോണുകള്‍ തകര്‍ന്നു എന്നാണ് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നത്. ഓരോന്നിനും 30 ദശലക്ഷം ഡോളറിനും 50 ദശലക്ഷം ഡോളറിനുമിടയില്‍ ചെലവ് വരും. നിരീക്ഷണത്തിനും രഹസ്യവിവര ശേഖരണത്തിനും അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്നതാണ് റീപ്പര്‍ ഡ്രോണുകള്‍.
പശ്ചിമേഷ്യയില്‍ 19 യുഎസ് സൈനിക ക്യാമ്പുകളുണ്ടെന്നാണ് കണക്ക്. എല്ലായിടത്തും ഇറാന്‍ ആക്രമണം നടത്തിയിരുന്നു. എന്നാല്‍ കുറച്ച് ആഴ്ചകളായി ഇരുപക്ഷവും ആക്രമണം നടത്തുന്നില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഖത്തര്‍ പറയുന്നത്. മധ്യസ്ഥ രാജ്യങ്ങള്‍ മുഖേന പരോക്ഷ ചര്‍ച്ചയാണ് നടക്കുന്നതെന്നും ഖത്തര്‍ പ്രധാനമന്ത്രി പറയുന്നു.


Click it and Unblock the Notifications
