ട്രംപിന്റെ ഭീഷണി തള്ളി; ചാരവൃത്തിക്കേസില്‍ മൂന്ന് യു.എസ് പൗരന്‍മാരെ ഇറാന്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചു
ട്രംപിന്റെ ഭീഷണി തള്ളി; ചാരവൃത്തിക്കേസില്‍ മൂന്ന് യു.എസ് പൗരന്‍മാരെ ഇറാന്‍ 10 വര്‍ഷം തടവിന് ശിക്ഷിച്ചു
ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റിന്റെ ഭീഷണി മറികടന്ന്, മൂന്ന് അമേരിക്കന്‍ പൗരന്‍മാര്‍ഉള്‍പ്പെടെ നാലുപേര്‍ക്കെതിരായ 10 വര്‍ഷത്തെ തടവ് ശിക്ഷ ഇറാന്‍ കോടതി ശരിവച്ചു. അമേരിക്കന്‍ പൗരന്‍മാരായ ചൈനീസ് വംശജനും പ്രിന്‍സ്ടൗണ്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയുമായ സിയുവെ വാംഗ്, ഇറാനിയന്‍ അമേരിക്കന്‍ വ്യവസായി സിയാമക് നമാസി, ഇയാളുടെ പിതാവ് ബാക്കര്‍, അമേരിക്കയില്‍ സ്ഥിരം താമസക്കാരനായ ലബ്‌നാന്‍ പൗരന്‍ നിസാര്‍ സക്ക എന്നിവരുടെ അപ്പീലുകളാണ് കോടതി തള്ളിയത്.
വിദേശരാജ്യങ്ങളുമായി കൈകോര്‍ത്ത് ഇറാനെതിരേ ഗൂഢാലോചന നടത്തി, രാജ്യത്ത് ചാരപ്രവൃത്തിയിലേര്‍പ്പെട്ടു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് ഗവണ്‍മെന്റ് പ്രൊസിക്യൂട്ടര്‍ അറിയിച്ചു. യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ വാംഗ് ഗവേഷണത്തിനായിരുന്നു ഇറാനിലെത്തിയത്. എന്നാല്‍ ഗവേഷണത്തിന്റെ മറവില്‍ ചാരപ്പണി നടത്തിയെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷം ഇറാന്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലബനീസ് പൗരന്‍ സക്കയ്ക്ക് തടവിന് പുറമെ 42 ലക്ഷം ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇറാന്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്റെ ക്ഷണപ്രകാരം ഇവിടെയെത്തിയ ഐ.ടി വദഗ്ധന്‍ കൂടിയായ സക്കയെ പോലിസ് പിടികൂടുകയായിരുന്നു.

അമേരിക്ക-ഇറാന്‍ സംഘര്‍ഷം മൂര്‍ച്ഛിച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ ശിക്ഷാ വിധിയെന്ന കാര്യം ശ്രദ്ധേയമാണ്. നിയമവിരുദ്ധമായി തടവിലാക്കിയ അമേരിക്കന്‍ പൗരന്‍മാരെ ഉടന്‍ വിട്ടയച്ചില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി വകവയ്ക്കാതെയാണ് ഇറാന്‍ അവരുടെ അപ്പീല്‍ തള്ളിയിരിക്കുന്നത്. കെട്ടിച്ചമച്ചുണ്ടാക്കിയ ദേശീയ സുരക്ഷാ ആരോപണങ്ങളുന്നയിച്ച് അമേരിക്കന്‍ പൗരന്മാരെ ഇറാന്‍ അന്യായമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നാണ് യു.എസ് വിദേശകാര്യമന്ത്രാലയത്തിന്റെ ആരോപണം. എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇറാനിയന്‍ പൗരന്‍മാരെ അമേരിക്കയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നായിരുന്നു അതിനുള്ള ഇറാന്‍ കോടതി തലവന്‍ സാദിഖ് ലാരിജാനിയുടെ മറുപടി.
2015ലെ ആണവ കരാറിനെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്നുള്ള നിരവധി ബിസിനസ് പ്രതിനിധികളും മറ്റും ഇറാനിലെത്തിയിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ച് വിദേശ പൗരന്‍മാരെ പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നു. അതേസമയം ഗവേഷണത്തിന്റെയും ബിസിനസിന്റെയും പേര് പറഞ്ഞ് ഇറാനെത്തുന്ന ചിലര്‍ ചാരപ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതായാണ് ഇറാന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം തടവുകാരെ കൈമാറുന്നതുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാര്‍ പ്രകാരം നിരവധി പേരെ ഇറാനും അമേരിക്കയും പരസ്പരം കൈമാറിയിരുന്നു.












Click it and Unblock the Notifications