'സമ്പുഷ്ടീകരിച്ച യുറേനിയം ഇറാന്‍ യുഎസിന് കൈമാറും'; യുദ്ധം അവസാനിക്കാന്‍ പോകുന്നെന്ന് ട്രംപ്
ഇറാനെതിരായ യുദ്ധം വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ തങ്ങളുടെ സമ്പുഷ്ട യുറേനിയം വിതരണം കൈമാറാന്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളും ഒരു സമാധാന കരാറിന് അടുത്താണ് എന്നും ട്രംപ് അവകാശപ്പെട്ടു. 'നമ്മള്‍ ഒരു കരാറില്‍ ഏര്‍പ്പെടാന്‍ പോകുകയാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഴാഴ്ചയോളം നീണ്ടുനിന്ന യുദ്ധം അവസാനത്തോട് വളരെ അടുത്തായിരിക്കുമെന്ന് സൂചിപ്പിച്ച് ഏപ്രില്‍ 15 നും അദ്ദേഹം രംഗത്തെത്തിയിരുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ പുനരാരംഭിച്ചേക്കാമെന്ന് അദ്ദേഹം സൂചിപ്പിച്ചു. അടുത്ത ആഴ്ച അവസാനിക്കാനിരിക്കുന്ന നിലവിലെ വെടിനിര്‍ത്തല്‍ നീട്ടേണ്ട ആവശ്യമില്ലെന്ന് ട്രംപ് പ്രത്യേക മാധ്യമ അഭിമുഖങ്ങളില്‍ നിര്‍ദ്ദേശിച്ചു.

പാകിസ്ഥാനില്‍ നടന്ന പ്രാരംഭ ഘട്ട ചര്‍ച്ചകള്‍ ധാരണയില്ലാതെ അവസാനിച്ചതിനെത്തുടര്‍ന്ന് നയതന്ത്രപരമായ ആക്കം വര്‍ധിക്കുന്നു എന്നാണ് വിവരം. രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. യുഎസും ഇറാനും വളരെ വിജയകരമായ ഒരു ചര്‍ച്ചയിലൂടെ കടന്നുപോകുകയാണെന്ന് ട്രംപ് പറഞ്ഞു. കരാര്‍ സംഭവിച്ചാല്‍, സ്വതന്ത്ര എണ്ണ, തുറന്ന ഹോര്‍മുസ് കടലിടുക്ക് തുടങ്ങി എല്ലാം ശരിയാകും എന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാമാബാദില്‍ ഒരു കരാര്‍ അന്തിമമായാല്‍ താന്‍ നേരിട്ട് പങ്കെടുക്കുമെന്ന് ട്രംപ് പറഞ്ഞു. 'കരാര്‍ ഇസ്ലാമാബാദില്‍ ഒപ്പുവച്ചാല്‍, ഞാന്‍ പോയേക്കാം,' ട്രംപ് പറഞ്ഞു, യുഎസ്-ഇറാന്‍ ചര്‍ച്ചകളില്‍ മധ്യസ്ഥരായി പ്രവര്‍ത്തിച്ചതിന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും പാകിസ്ഥാന്‍ ആര്‍മി ജനറല്‍ അസിം മുനീറിനെയും അദ്ദേഹം പ്രശംസിച്ചു. 'ഫീല്‍ഡ് മാര്‍ഷല്‍ മികച്ചവനാണ്. പ്രധാനമന്ത്രി ശരിക്കും മികച്ചവനാണ്, അതിനാല്‍ ഞാന്‍ പോയേക്കാം. അവര്‍ക്ക് എന്നെ വേണം,' ട്രംപ് പറഞ്ഞു
യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച യുഎസ്-ഇറാന്‍ ചര്‍ച്ചകള്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ പരാജയപ്പെട്ടിരുന്നു. ആണവ ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള അവകാശം ടെഹ്റാന്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതായി വാഷിംഗ്ടണ്‍ പറഞ്ഞു. ഇറാന്റെ ആണവ അഭിലാഷങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ നിര്‍ദേശം നിറവേറ്റപ്പെട്ടാല്‍ ഇത് ഇരു രാജ്യങ്ങള്‍ക്കും വളരെ വളരെ നല്ല ഒരു കരാറായിരിക്കും എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പറഞ്ഞിരുന്നു.
ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 20 വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ വാഷിംഗ്ടണ്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമേ അങ്ങനെ ചെയ്യാന്‍ സമ്മതിക്കാന്‍ കഴിയൂ എന്ന് ടെഹ്റാന്‍ പറഞ്ഞിരുന്നു. ആണവായുധ ശേഷിയിലേക്ക് വഴിയൊരുക്കാന്‍ കഴിയുമെന്ന ആശങ്കകള്‍ക്കിടയില്‍, ഇറാന്‍ എല്ലാ ആഭ്യന്തര സമ്പുഷ്ടീകരണവും ശാശ്വതമായി അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം.
അതേസമയം തങ്ങള്‍ ആണവായുധം തേടുന്നില്ലെന്നും രാജ്യത്തിന്റെ ആണവ പരിപാടി സമാധാനപരമായ ആവശ്യങ്ങള്‍ക്കുള്ളതാണെന്നുമാണ് ഇറാന്‍ പറയുന്നത്.















Click it and Unblock the Notifications