അമേരിക്കന്‍ യുദ്ധക്കപ്പലിന് നേരെ പാഞ്ഞടുത്ത ഇറാനിയന്‍ ഡ്രോണ്‍ വെടിവച്ചിട്ടു; സംഘര്‍ഷം പുതിയ ദിശയിലേക്ക്
വാഷിങ്ടണ്‍: പശ്ചിമേഷ്യയില്‍ ആശങ്ക വിതച്ച് അമേരിക്ക-ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. തങ്ങളുടെ വിമാനവാഹിനിക്കപ്പല്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു വന്ന ഇറാനിയന്‍ ഡ്രോണിനെ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ടതായി അമേരിക്ക അവകാശപ്പെട്ടു. ഈ ആഴ്ച അവസാനം യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഇറാന്‍ പ്രതിനിധികളുമായി സമാധാന ചര്‍ച്ചകള്‍ നടത്താനിരിക്കവേയാണ് മേഖലയില്‍ ആശങ്ക വിതച്ചുകൊണ്ട് ഇറാന്റെ ഭാഗത്തു നിന്ന് ആക്രമണ നീക്കമുണ്ടായത്.
ഇറാനു സമീപം നിലയുറപ്പിച്ചിട്ടുള്ള യുഎസ് നാവിക സേനയുടെ എബ്രഹാം ലിങ്കണ്‍ എന്ന വിമാനവാഹിനിക്കപ്പലാണ് ഇറാനിയന്‍ ഡ്രോണ്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. യുദ്ധക്കപ്പല്‍ ലക്ഷ്യമാക്കി പറന്ന ഡ്രോണിനെ യുഎസിന്റെ എഫ്-35സി വിമാനമാണ് തകര്‍ത്തത്. ഇറാന്റെ ഷാഹെദ്-139 എന്ന ഡ്രോണാണ് അമേരിക്ക വെടിവച്ചിട്ടത്. ആക്രമണ ശ്രമത്തില്‍ അമേരിക്കന്‍ സൈനികര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല, യുഎസ് ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ഇതിന് മുന്‍പ് ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കന്‍ പതാക വഹിച്ച ടാങ്കര്‍ കപ്പലിനെ ഇറാന്‍ സേനയുടെ സായുധ ബോട്ടുകള്‍ തടയാന്‍ ശ്രമിച്ചതും സ്ഥിതിഗതികള്‍ വഷളാക്കി. യുഎസ് ഡിസ്‌ട്രോയര്‍ എത്തിയാണ് കപ്പലിന് സംരക്ഷണമൊരുക്കിയത്. ഈ രണ്ടു സംഭവങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഈ ആഴ്ച അവസാനമാണ് ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നത്. ഇതിനിടെയാണ് സമുദ്രത്തില്‍ പുതിയ ഏറ്റുമുട്ടലുകള്‍ ഉണ്ടായിരിക്കുന്നത്. ഇറാനുമായുള്ള ആണവ കരാര്‍ സംബന്ധിച്ച സംഭാഷണങ്ങളില്‍ അമേരിക്കന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫാണ് പങ്കെടുക്കുന്നത്. അതിനിടയിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇറാനു നേരെ സൈനിക നടപടി ഉണ്ടാകുമെന്ന ഭീഷണികള്‍ തുടരുകയാണ്. എന്നാല്‍ ഭീഷണികളില്ലാത്ത അന്തരീക്ഷത്തില്‍ മാത്രമേ ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂവെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇറാന്‍ ചര്‍ച്ച എവിടെ നടക്കുമെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. തുര്‍ക്കി, ഒമാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചര്‍ച്ചകള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
അമേരിക്ക പ്രകോപനം തുടര്‍ന്നാല്‍ യുഎസ് കപ്പലുകളിലും താവളങ്ങളിലും ആക്രമണം നടത്തുമെന്ന് ഇറാനും യുഎസിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനില്‍ ഭരണകൂടത്തിന് എതിരേ നടക്കുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് യുഎസ് പിന്തുണ പ്രഖ്യാപിച്ചതാണ് മേഖലയില്‍ കാര്യങ്ങള്‍ വഷളാക്കിയത്.
അതേസമയം, ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങള്‍ സൈന്യം അടിച്ചമര്‍ത്തുന്നതിനിടെ അറായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായും പതിനായിരക്കണക്കിന് ആളുകള്‍ തടവിലാക്കപ്പെട്ടതായും മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷാ സേനയുടെ കൈകളാലാണ് ഭൂരിഭാഗം പ്രതിഷേധക്കാരും കൊല്ലപ്പെട്ടത്. ഇറാന്റെ മിസൈല്‍ പദ്ധതികളും ആണവ നീക്കങ്ങളും മേഖലയ്ക്ക് ഭീഷണിയാണെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തുറന്നുകിടക്കുമ്പോഴും ഇരു രാജ്യങ്ങളുടെയും സൈനികര്‍ തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ മേഖലയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് നയിക്കുകയാണ്.












Click it and Unblock the Notifications