ഇറാന്‍-അമേരിക്ക ചര്‍ച്ച; ഇറാനെ നശിപ്പിക്കുമെന്ന് ട്രംപ്, ഗള്‍ഫില്‍ കൂട്ടായ സുരക്ഷ വേണം എന്ന് ഖത്തര്‍ അമീര്‍
അപകടകരമായ സാഹചര്യത്തിലൂടെയാണ് ഗള്‍ഫ് മേഖല കടന്നുപോകുന്നത് എന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി. ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നയതന്ത്ര ചര്‍ച്ചയിലൂടെ മാത്രമേ മേഖലയില്‍ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കൂ എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഒന്നിച്ചുള്ള ശ്രമം നടക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നയതന്ത്ര ചര്‍ച്ചകള്‍ നടക്കണം, ഹോര്‍മുസ് കടല്‍പാത തുറക്കണം, യുദ്ധം അവസാനിപ്പിക്കണം എന്നും ഖത്തര്‍ അമീര്‍ ആവശ്യപ്പെട്ടു. രംഗം ശാന്തമാക്കാന്‍ സാധ്യമാകുന്നതെല്ലാം ഖത്തര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ തങ്ങളുടെ പരമാധികാരം ആരുടെ മുന്നിലും അടിയറവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രസംഗിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അമേരിക്കയും ഇറാനും തമ്മില്‍ ന്യൂയോര്‍ക്കില്‍ മൂന്ന് മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്ന് അറിയിച്ചു.

അമേരിക്കയുടെയും ഇറാന്റെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച മികച്ചതായിരുന്നു എന്ന് പറഞ്ഞ ട്രംപ് ഇറാനെ നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഒരു ഭാഗത്ത് ചര്‍ച്ച നടന്നതിനെ പുകഴ്ത്തിയ ട്രംപ് ഉടനെ പ്രകോപനപരമായി സംസാരിച്ചത് ആശങ്കയുണ്ടാക്കി. ചര്‍ച്ചയില്‍ വഴിത്തിരിവ് ഉണ്ടായിട്ടില്ല. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് എന്നിവരാണ് ചര്‍ച്ച നടത്തിയത്.
കൂട്ടായ സുരക്ഷാ സംവിധാനം വേണമെന്ന് ഖത്തര്‍ അമീര്‍
സുരക്ഷയ്ക്ക് വേണ്ടി മേഖലയില്‍ ഏകീകൃതവും കൂട്ടായതുമായ സംവിധാനം വേണം എന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. അല്ലെങ്കില്‍ യുദ്ധം ശക്തമാകും. ഇസ്രായേല്‍ പപലസ്തീനില്‍ നടത്തുന്നത് കടന്നാക്രമണമാണ്. വെസ്റ്റ് ബാങ്കിലും ഗാസയിലും കടന്നാക്രമണം നടത്തുന്ന ഇസ്രായേല്‍ അയല്‍രാജ്യങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുകയാണ്. ഇത് മേഖലയുടെ മൊത്തം സുരക്ഷയെ ബാധിക്കുന്നു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ മേഖല സുരക്ഷിതമാകില്ല. ഗാസയില്‍ വംശഹത്യയാണ് നടക്കുന്നത്. പലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടരുത്. ലബനാന്‍, സുഡാന്‍, ലിബിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കാന്‍ ഖത്തര്‍ പിന്തുണ നല്‍കും. ചര്‍ച്ചകളിലൂടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ യുഎന്നിനെ ഖത്തര്‍ പിന്തുണയ്ക്കുന്നു എന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സുരക്ഷയും വ്യാപാരവും തകിടം മറിഞ്ഞ സാഹചര്യമാണ് ഖത്തര്‍ അമീര്‍ യുഎന്നില്‍ ചൂണ്ടിക്കാട്ടിയത്. ഹോര്‍മുസ് പാത അടച്ചു, സൗദിയിലെ എണ്ണ പൈപ്പ് ലൈന് നേരെ ആക്രമണമുണ്ടായി, യമനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടല്‍പാതയില്‍ ഹൂതികളുടെ സ്വാധീനം ശക്തിപ്പെട്ടു, യുദ്ധം എന്ന് അവസാനിക്കുമെന്ന് പറയാന്‍ കഴിയാത്ത സാഹചര്യം തുടരുന്നു, ഈ വേളയിലാണ് ഖത്തര്‍ അമീര്‍ തന്റെ പ്രസംഗത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്തത്.


Click it and Unblock the Notifications
