ഇനി യുദ്ധം തുടങ്ങിയാല്‍ അമേരിക്കയെ പൂട്ടും; ആ നീക്കം നടത്തുമെന്ന് ഇറാന്, ഇസ്രായേലിനും ഭീഷണി
ഇറാനിലെ എല്ലാ ആണവ കേന്ദ്രങ്ങളും പത്ത് മിനുട്ടിനകം ആക്രമിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രിച്ചാല് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്. ഖത്തറും പാകിസ്താനും ഇപ്പോഴും സമാധാന ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനിടെയാണ് വാക് പോര് ശക്തമാകുന്നത്. സകല മേഖലയിലും അമേരിക്കക്കും ഇസ്രായേലിനും തിരിച്ചടി നല്‍കണം എന്ന് ഇറാന്റെ ആത്മീയ നേതാവ് ആയത്തുല്ല മുജ്തബ ഖാംനഇ നിര്‍ദേശം നല്കി.
ഏത് സമയവും ആക്രമണം തുടങ്ങുമെന്നാണ് അമേരിക്ക നല്കുന്ന സൂചന. പശ്ചിമേഷ്യയിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നു എന്ന വിവരം യുദ്ധം വീണ്ടും ആരംഭിക്കുമെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു. ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ യുഎസ് പൗരന്മാര്ക്ക് ആവര്‍ത്തിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇനിയും യുദ്ധം ചെയ്യാനാണ് അമേരിക്കയുടെ ഉദ്ദേശമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍പിടി) പുറത്തുപോകുമെന്ന് ഇറാന് വ്യക്തമാക്കി. അങ്ങനെ സംഭവിച്ചാല്‍ ഇറാന് ആണവ പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ സ്വന്തമായ തീരുമാനം എടുക്കാന്‍ സാധിക്കും. അമേരിക്കയും ഇസ്രായേലും ആശങ്കപ്പെടുന്നതും ഇതേ കാര്യമാണ്. ഇറാന് ആണവായുധം കൈവശപ്പെടുത്തുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും ആശങ്ക ശക്തമാണ്.
അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വോട്ടെടുപ്പ് കഴിയുന്ന പിന്നാലെ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയുടെ പദ്ധതിയത്രെ. അങ്ങനെ സംഭവിച്ചാല്‍ എന്‍പിടിയില്‍ നിന്ന് ഇറാന് പുറത്തുപോകുമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവ് മുഹ്സിന് റിസാഇ പറഞ്ഞു. അമേരിക്കയുടെ കൊമ്പ് ഒടിക്കുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. കൊമ്പില്ലാത്ത പശു എങ്ങനെ പ്രതിരോധിക്കുമെന്നും മുഹ്സിന് റിസാഇ ചോദിച്ചു.
സമാധാന അന്തരീക്ഷത്തില്‍ ഇറാന്റെ നയതന്ത്ര നീക്കങ്ങള്‍ തീരുമാനിക്കുന്നത് വിദേശകാര്യ മന്ത്രാലയമാണ്. അതേസമയം, യുദ്ധ വേളയില്‍ ഈ ദൗത്യം ഏറ്റെടുക്കുക ദേശീയ സുരക്ഷാ കൗണ്‍സില്‍ ആണ്. ദേശീയ ഐക്യമാണ് പ്രധാനം. മിസൈലുകളേക്കാള്‍ നമുക്ക് പ്രധാനം ഐക്യമാണ്. അതു കണ്ട് ശത്രുക്കള്‍ നിരാശരാകണമെന്നും മുഹ്സിന് റിസാഇ ഇറാന്റെ ഔദ്യോഗിക മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
നയതന്ത്ര നീക്കത്തിനാണ് നിലവില്‍ ഇറാന് പ്രാധാന്യം നല്‍കുന്നത്. ഇറാന് മുന്നോട്ട് വെച്ച ഉപാധികള്‍ അംഗീകരിച്ചാല്‍ രണ്ടു ദിവസത്തിനകം ഹോര്‍മുസ് കടല്പാത തുറക്കുമെന്ന് ഇറാന് വ്യക്തമാക്കി. ഖത്തറും പാകിസ്താനും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അമേരിക്കയുമായി നടത്തിവരികയാണ്. അതിനിടെയാണ് ഇരുഭാഗവും പരസ്പരം ഭീഷണിപ്പെടുത്തുന്നത്. അമേരിക്കയും ഇസ്രായേലും ആക്രമിച്ചാല്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം തിരിച്ചടി നല്‍കണം എന്നാണ് പരമോന്നത നേതാവ് നല്കിയ നിര്‍ദേശം. ഇറാന് സൈന്യം ആക്രമിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയെന്ന് ജനറല്‍ അബ്ദുല്‍ റഹീം അബ്ദുല്ലാഹി പ്രതികരിച്ചു.


Click it and Unblock the Notifications
