അണുബോംബ് ഭീഷണി മുഴക്കി ഇറാന്‍; ഇസ്രായേലിനെ തള്ളി യുഎഇ, രഹസ്യം കൈമാറാമെന്ന് യുഎസ്
ദുബായ്: ഗാസയിലെ റഫാ അതിര്‍ത്തിയില്‍ ആക്രമണം കടുപ്പിക്കാനുള്ള ഇസ്രായേല്‍ നീക്കത്തിനിടെ ആണവ ഭീഷണിയുമായി ഇറാന്‍. ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ് കമാല്‍ ഖര്‍റാസിയാണ് ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ രംഗത്തുവന്നത്. അതേസമയം, യുദ്ധാനന്തര ഗാസയിലെ ഭരണം സംബന്ധിച്ച ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന തള്ളി യുഎഇ പ്രതികരിച്ചു.
ഹമാസിന്റെ നേതാക്കളെ ഇല്ലാതാക്കുംവരെ യുദ്ധം തുടരുമെന്ന ഭീഷണിയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുഴക്കുന്നത്. ഇസ്രായേല്‍ അതിര്‍ത്തിയില്‍ നിന്നുള്ള പലസ്തീന്‍കാര്‍ ഈജിപ്ത് അതിര്‍ത്തിയോട് ചേര്‍ന്ന റഫയിലെ താല്‍ക്കാലിക അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുകയാണ്. ഇവിടെ ആക്രമണം കടുപ്പിക്കാനാണ് ഇസ്രായേല്‍ തീരുമാനം.

റഫാ ആക്രമണം വലിയ ദുരന്തത്തിലേക്ക് നയിക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടും ഇസ്രായേല്‍ പിന്മാറില്ലെന്ന സൂചനയാണ് നല്‍കുന്നത്. ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ ബുദ്ധി കേന്ദ്രം ഹമാസ് നേതാവ് യഹ്‌യ സിന്‍വാര്‍ ആണ് എന്ന് ഇസ്രായേല്‍ പറയുന്നു. ഇദ്ദേഹത്തെ പിടികൂടുകയോ വധിക്കുകയോ ആണ് ഇസ്രായേല്‍ ലക്ഷ്യം.
ഹമാസ് നേതാക്കളെ പൂര്‍ണമായും ഇല്ലാതാക്കാനാണ് റഫയില്‍ ആക്രമണം നടത്തുന്നതെന്ന് ഇസ്രായേല്‍ പറയുന്നു. എന്നാല്‍ ഇതില്‍ നിന്ന് പിന്തിരിയണം എന്നാണ് അമേരിക്കയുടെ ആവശ്യം. ഹമാസ് നേതാക്കള്‍ എവിടെയാണുള്ളത് എന്നത് സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്നും അമേരിക്ക വാഗ്ദാനം ചെയ്തു. റഫയിലെ ആക്രമണം കൂട്ടക്കൊലയ്ക്ക് കാരണമാകുമെന്ന് യുഎന്‍ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമേരിക്കന്‍ ക്യാംപസുകളില്‍ ഇസ്രായേലിനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. ബ്രട്ടനിലേക്കും യൂറോപ്പിലും ക്യാംപസ് പ്രതിഷേധം വ്യാപിച്ചത് ആശങ്ക വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ഇസ്രായേലിനെ പിന്തിരിപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുന്നത്. ഇറാനെതിരെയും ഇസ്രായേല്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഇറാന്‍ ഇന്ന് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
''ആണവായുധം നിര്‍മിക്കാന്‍ ഇറാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരുമാനം മാറ്റിയേക്കാം. ആവശ്യമായി വന്നാല്‍ സൈനിക തത്വങ്ങളില്‍ മാറ്റം വരുത്തുമെന്നും'' ഇറാന്‍ ആത്മീയ നേതാവിന്റെ ഉപദേഷ്ടാവ് കമാല്‍ ഖര്‍റാസി വ്യക്തമാക്കി. ഇറാന്‍ നേതാക്കളെ ഇസ്രായേല്‍ ആക്രമിച്ച് കൊലപ്പെടുത്തിയതിനാല്‍ യുദ്ധം വ്യാപിക്കുമോ എന്ന ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് പുതിയ പ്രസ്താവന.
യുദ്ധത്തിന് ശേഷം ഗാസയുടെ ഭരണം നടത്താന്‍ യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ സഹായിേേച്ചക്കുമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് രംഗത്തുവന്നു. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് നിയമപരമായ അധികാരമില്ലെന്നും ഗാസയില ഇസ്രായേല്‍ സാന്നിധ്യം ന്യായീകരിക്കുന്ന ഒരു പദ്ധതിയെയും യുഎഇ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications